സ്വത്തുതർക്കം: സഹോദരനെയും അമ്മാവനെയും വെടിവച്ചുകൊന്ന കേസിൽ ശിക്ഷ ഇന്ന്
Mail This Article
കോട്ടയം ∙ സ്വത്തുതർക്കത്തെത്തുടർന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യനുള്ള ശിക്ഷ അഡിഷനൽ സെഷൻസ് ജഡ്ജി ജെ.നാസർ ഇന്നു വിധിക്കും. കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), അമ്മാവനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്കറിയ (78) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ജോർജ് കുര്യൻ (54) കുറ്റക്കാരനാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിൽ വാദം കേട്ടശേഷമാണു വിധി പ്രഖ്യാപിക്കാൻ കേസ് ഇന്നത്തേക്കു മാറ്റിയത്.
പ്രതിക്ക് ഇരട്ട ജീവപര്യന്തം നൽകണമെന്നും വീട്ടിൽ അതിക്രമിച്ചു കയറിയതിനും വധഭീഷണി മുഴക്കിയതിനും പ്രത്യേകം ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതിക്രമിച്ചു കയറിയതിനു ജീവപര്യന്തവും ഭീഷണിപ്പെടുത്തിയതിന് 7 വർഷം തടവും അനുഭവിച്ചു കഴിഞ്ഞതിനുശേഷം ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്നു കോടതി വിധിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. രഞ്ജുവിന്റെ ഭാര്യയ്ക്കും 4 മക്കൾക്കും പരമാവധി നഷ്ടപരിഹാരം പ്രതിയിൽനിന്ന് ഈടാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കുറ്റത്തെക്കുറിച്ചും ശിക്ഷയെക്കുറിച്ചും എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി ചോദിച്ചപ്പോൾ ജോർജ് കുര്യൻ കുറ്റം നിഷേധിച്ചു. തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും കൊല്ലപ്പെട്ട രഞ്ജുവിന്റെ മക്കളെയും തന്റെയും രഞ്ജുവിന്റെയും മാതാവിനെയും സംരക്ഷിക്കണമെന്നും ജോർജ് കുര്യൻ പറഞ്ഞു. 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്. അജയൻ, അഭിഭാഷകരായ നിബു ജോൺ, സ്വാതി എസ്.ശിവൻ എന്നിവർ ഹാജരായി.