അവധി ഡ്യൂട്ടിയാക്കാൻ വ്യാജരേഖ; ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

Mail This Article
തിരുവനന്തപുരം ∙ പിഎസ്‌സി വകുപ്പുതല പരീക്ഷകൾ എഴുതാനെന്ന വ്യാജേന അവധിയെടുത്ത ശേഷം ഡ്യൂട്ടിയായി പരിഗണിക്കാൻ വ്യാജരേഖകൾ ഹാജരാക്കിയ എക്സൈസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ കുട്ടനാട് എക്സൈസ് റേഞ്ച് ഓഫിസിലെ വനിതാ സിവിൽ എക്സൈസ് ഓഫിസർ ബി.എസ്.സംഗമിത്രയെയാണ് വിജിലൻസിന്റെയും പിഎസ്‌സി സെക്രട്ടറിയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് ആലപ്പുഴ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്.വിനോദ് കുമാർ ഉത്തരവിറക്കിയത്.
സംഗമിത്ര കാർത്തികപ്പള്ളി റേഞ്ചിൽ ജോലി ചെയ്യുമ്പോഴാണ് പിഎസ്‌സി നടത്തിയ വകുപ്പുതല പരീക്ഷകളിൽ പങ്കെടുത്തെന്നു കാട്ടി വ്യാജ ഹാജർ സർട്ടിഫിക്കറ്റുകൾ നിർമിച്ചത്. 2023 ഏപ്രിൽ 24, മേയ് 16, 20 തീയതികളിൽ നടന്ന വകുപ്പുതല പരീക്ഷകൾക്ക് അപേക്ഷിക്കുകയോ പങ്കെടുക്കുകയോ ചെയ്യാതെയാണ് ഈ ദിവസങ്ങളിലെ അവധി ഡ്യൂട്ടിയായി പരിഗണിക്കാൻ വ്യാജ ഹാജർ സർട്ടിഫിക്കറ്റ് നൽകിയത്. സംഗമിത്രയുടെ ഭർത്താവ് എറണാകുളം ജില്ലാ പിഎസ്‌സി ഓഫിസിൽ വെരിഫിക്കേഷനു ഹാജരായപ്പോൾ ഓഫിസ് സീൽ പതിച്ച ഹാജർ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഇതിന്റെ മാതൃകയിൽ ഒപ്പ് രേഖപ്പെടുത്തിയാണ് ഒരു സർട്ടിഫിക്കറ്റ് തയാറാക്കിയത്.
മുൻ പരീക്ഷകൾക്ക് ഹാജരായപ്പോൾ പരീക്ഷ കേന്ദ്രത്തിൽനിന്നു കൈക്കലാക്കിയ ആലപ്പുഴ ജില്ലാ ഓഫിസ് സീൽ പതിഞ്ഞ സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ രണ്ട് സർട്ടിഫിക്കറ്റുകൾ കൂടി വ്യാജമായി നിർമിച്ചെന്നും വിജിലൻസ് കണ്ടെത്തി.