മദ്യനിർമാണശാലയ്ക്ക് എതിരെ ബിജെപി കോടതിയിലേക്ക്

Mail This Article
പാലക്കാട് ∙ എലപ്പുള്ളിയിൽ മദ്യനിർമാണശാലയ്ക്കു വഴിവിട്ട് അനുമതി നൽകിയതിനും മലമ്പുഴ ഡാമിൽ നിന്നു വെള്ളം നൽകുന്നതിനും എതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു. അഴിമതിയും ഇടപാടുകളും കേന്ദ്ര ഏജൻസി അന്വേഷിക്കണം. എഥനോൾ നിർമാണ പ്ലാന്റിനുള്ള താൽപര്യപത്രത്തിൽ കമ്പനിയെ കേന്ദ്രം ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത് 2024 ഫെബ്രുവരി 9നാണ്.
അതേസമയം കമ്പനിക്ക് അനുകൂലമായി എക്സൈസ് കമ്മിഷൻ സർക്കാരിനു റിപ്പോർട്ട് നൽകിയത് 2024 ഫെബ്രുവരി 6നാണ്. കേന്ദ്രം പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു മുൻപു തന്നെ എക്സൈസ് കമ്മിഷണർ അനുകൂല റിപ്പോർട്ട് നൽകി. ഇതിനെല്ലാം മുൻപു 2023 നവംബർ 23നു തന്നെ കമ്പനി എഥനോൾ നിർമാണ പ്ലാന്റിനായി സംസ്ഥാന സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇതു സംസ്ഥാന സർക്കാരും കമ്പനിയുമായുള്ള മുൻ ധാരണപ്രകാരമാണ്. സർക്കാർ വലിയ ഉറപ്പ് കമ്പനിക്കു നൽകിയതായും സി.കൃഷ്ണകുമാർ ആരോപിച്ചു.