അണക്കെട്ടുകളിലെ വെള്ളം ഉപയോഗിച്ച് ശുദ്ധജലപദ്ധതി വരും: മന്ത്രി റോഷി

Mail This Article
കട്ടപ്പന ∙ സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാൻ ഇടുക്കി, പൊൻമുടി ഉൾപ്പെടെയുള്ള അണക്കെട്ടുകളിലെ വെള്ളം ഉപയോഗിച്ച് ശുദ്ധജല പദ്ധതി നടപ്പാക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ. മലയാള മനോരമ ‘കർഷകശ്രീ’ മാസികയുടെ 30–ാം വാർഷികത്തിന്റെ ഭാഗമായി കേരളമാകെ സംഘടിപ്പിക്കുന്ന കർഷകസഭയുടെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭൂപതിവു ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു ചട്ടങ്ങൾ രൂപീകരിച്ച് മാർച്ചിനു മുൻപു ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നും വേനലിലെ കൃഷിനാശത്തിനു നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
‘സിഎച്ച്ആർ വിഷയത്തിൽ കർഷകർക്കൊപ്പമാണു സർക്കാർ. സുപ്രീം കോടതി വിധിയും അനുകൂലമാകുമെന്നു പ്രതീക്ഷിക്കുന്നു. ഇടുക്കി ജില്ലയിൽ ആരംഭിച്ച 3000 കോടി രൂപയുടെ ശുദ്ധജലപദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ജില്ലയിലെ എല്ലാ നിർമാണങ്ങളും ക്രമവൽക്കരിച്ചു പട്ടയങ്ങൾ നൽകും. കഴിഞ്ഞ വേനലിൽ ജില്ലയിലെ ഏലക്കൃഷി നാശം 10 കോടി രൂപയ്ക്കു മുകളിലാണ്. ഇടുക്കി പാക്കേജിലൂടെ നഷ്ടപരിഹാരം നൽകാൻ ആലോചിച്ചെങ്കിലും അതിനു നിയമഭേദഗതി ആവശ്യമാണെന്നു മനസ്സിലായി. ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കും’ – മന്ത്രി പറഞ്ഞു. കർഷകസഭയിലെ ചർച്ചകളിലെ പ്രധാന വിഷയങ്ങൾ സർക്കാർ പരിഗണിക്കുമെന്നു മന്ത്രി പി.പ്രസാദ് സന്ദേശത്തിൽ അറിയിച്ചു.
മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭാധ്യക്ഷ ബീന ടോമി, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ, കർഷകശ്രീ എഡിറ്റർ ഇൻ ചാർജ് ടി.കെ.സുനിൽകുമാർ, കെ. ജെ.ജോസഫ് ആൻഡ് കമ്പനി എംഡി ഷാജി ജെ.കണ്ണിക്കാട്ട് എന്നിവർ പ്രസംഗിച്ചു. കർഷകസഭ നാളെ സമാപിക്കും.