സെമി ഹൈസ്പീഡ് റെയിൽ: സിൽവർലൈനിന് ബദൽ പദ്ധതി; പണത്തിനും തേടണം ബദൽ പാത

Mail This Article
തിരുവനന്തപുരം ∙ സിൽവർലൈനിനു പകരം ഇ.ശ്രീധരന്റെ ബദൽ സെമി ഹൈസ്പീഡ് പാതയാണു തിരഞ്ഞെടുക്കുന്നതെങ്കിൽ സാമ്പത്തികബാധ്യത സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കു വലിയ കടമ്പയാകും. സിൽവർലൈനിന് 2150 കോടി രൂപ പണമായി ആവശ്യപ്പെട്ടപ്പോൾ മറ്റു പദ്ധതികളെ ബാധിക്കുമെന്നതിനാൽ നൽകാനാകില്ലെന്നായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നിലപാട്. പദ്ധതി ചർച്ചയ്ക്കെടുത്ത നിതി ആയോഗും ഈ നിലപാട് ശരിവച്ചിരുന്നു. ആ നിലയ്ക്ക് 30,000 കോടി രൂപ റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടാൽ ലഭിക്കാനുള്ള സാധ്യത എത്രത്തോളമെന്നു ചോദ്യമുയരുന്നു.
63,940 കോടി രൂപയുടെ സിൽവർലൈൻ പദ്ധതിക്കു കേന്ദ്രം നൽകേണ്ട 6313 കോടിയിൽ 975 കോടി റെയിൽവേഭൂമിയുടെ വിലയും 3188 കോടി നികുതിയിളവുമായിരുന്നു. പണമായി മുടക്കേണ്ടിയിരുന്നത് 2150 കോടി. എന്നാൽ, പദ്ധതി പരിഗണനയ്ക്കെടുത്തപ്പോൾ നിതി ആയോഗ് നടത്തിയ പരാമർശം ഇങ്ങനെ: ‘പദ്ധതിക്കു സാങ്കേതിക ഉപദേശം നൽകാമെന്നല്ലാതെ, സാമ്പത്തികസഹായം നൽകാമെന്നു റെയിൽവേ സമ്മതിച്ചിട്ടില്ല. റെയിൽവേയുടെ പരിമിതമായ സാമ്പത്തിക സ്രോതസ്സ്, സ്വന്തം ലൈനുകൾ വികസിപ്പിക്കാനുള്ള ചെലവ് എന്നിവ പരിഗണിക്കുമ്പോൾ ഇത്തരം ഒറ്റപ്പെട്ട പദ്ധതിക്കായി പണം മുടക്കുന്നതു സാധ്യമാകില്ല’.
ഒരു ലക്ഷം കോടിയുടെ ബദൽ പദ്ധതിയിൽ 30,000 കോടി റെയിൽവേ നൽകേണ്ടതാണ്. ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയുടെ അളവ് കുറയുമെന്നതിനാൽ പണമായിത്തന്നെ പരമാവധി തുക നൽകേണ്ടിവരും.
കേരളത്തിനുമുണ്ട് പ്രതിസന്ധി. സിൽവർലൈനിന്റെ ചെലവിൽ 52.7 ശതമാനമാണു സംസ്ഥാനം വായ്പയെടുക്കാൻ ഉദ്ദേശിച്ചിരുന്നത്. 33,670 കോടി വായ്പ, 18,150 കോടി സംസ്ഥാനവിഹിതം, 6313 കോടി കേന്ദ്രവിഹിതം, 4251 കോടി സ്വകാര്യ ഓഹരി എന്നിങ്ങനെയായിരുന്നു ഘടന. ലാൻഡ് പൂളിങ്ങിനായി ഭൂമിയെടുക്കുന്നതിന് 1556 കോടിയും സംസ്ഥാനം കണ്ടെത്തേണ്ടിയിരുന്നു.
ബദൽ പദ്ധതിയിൽ വായ്പത്തുകയുടെ അനുപാതം കുറയും. എന്നാൽ, പദ്ധതിച്ചെലവു വർധിക്കുന്നതിനാൽ വായ്പത്തുക ഉയരും. വായ്പയിൽ കേന്ദ്രം പങ്കാളിത്തം വഹിച്ചാൽ ആശ്വാസമാകുമെന്നു മാത്രം. പദ്ധതിവിഹിതമായി കേരളം നൽകേണ്ട 30,000 കോടി രൂപ വായ്പയെടുത്തല്ലാതെ കണ്ടെത്താൻ ഇപ്പോഴത്തെ നിലയ്ക്കു മാർഗമില്ല.
3800.93 കോടി രൂപ ചെലവു കണക്കാക്കുന്ന ശബരി റെയിൽപാതയ്ക്ക് പകുതി തുകയായ 1900.46 കോടി നൽകാൻ ഇതുവരെ കേരളം സമ്മതിച്ചിട്ടില്ല. കടമെടുപ്പു പരിധിയിൽ കേന്ദ്രം ഇളവു വരുത്തട്ടെയെന്നാണു നിലപാട്. 30,000 കോടി മുടക്കേണ്ട സെമി ഹൈസ്പീഡ് പദ്ധതിയിലും ഇതേ വാദം ഉയർത്തിയേക്കും.