മനുഷ്യ– വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനാതിർത്തികളിൽ ഡ്രോൺ നിരീക്ഷണം

Mail This Article
തിരുവനന്തപുരം∙ മനുഷ്യ– വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിർത്തി പ്രദേശങ്ങളിലും സംഘർഷം കൂടുതലുള്ള ഹോട്‍സ്പോട്ടുകളിലും ഡ്രോൺ നിരീക്ഷണം തീവ്രമാക്കാൻ വനം വകുപ്പ് തീരുമാനിച്ചു. ഇതിനായി ഡ്രോണുകൾ കൂടുതലായി വാങ്ങും. ഡ്രോൺ ഉപയോഗിക്കുന്നവരുടെ സഹായവും തേടും. എല്ലാ വനം ഡിവിഷനുകളിലെയും ആനത്താരകൾ, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ എന്നിവ തുടർച്ചയായി നിരീക്ഷിക്കുന്നതിന് കൂടുതൽ ക്യാമറകൾ വാങ്ങും. ഇതിനുള്ള നടപടി തുടങ്ങി.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. ഡ്രോൺ ഓപ്പറേറ്റിങ് ഏജൻസികളുമായി കരാറിൽ ഏർപ്പെടാനുള്ള നടപടികൾ ആരംഭിച്ചു. വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ശല്യപ്പെടുത്താതെ ആയിരിക്കും നിരീക്ഷണം നടത്തുക.
തദ്ദേശ ഗോത്ര വിഭാഗങ്ങളുടെ കാടറിവിനെ ഉപയോഗപ്പെടുത്താൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ആദിവാസി വിഭാഗങ്ങളുമായി ചർച്ച നടത്തും. വനംവകുപ്പിന്റെ നിർദേശങ്ങൾ ആദിവാസികളിൽ എത്തിക്കുകയും ചെയ്യും. കേരളത്തിലെ 36 ഗോത്രസമൂഹങ്ങളെ ഇതിന്റെ ഭാഗമാക്കും. ആദ്യ യോഗം അടുത്ത മാസം ഒന്നിന് വയനാട് കുറുവ ദ്വീപിൽ സംഘടിപ്പിക്കും.
നാടൻ കുരങ്ങുകളുടെ വംശവർധന തടയും
ശല്യക്കാരായ നാടൻ കുരങ്ങുകളുടെ വംശ വർധന തടയുന്നതിനുള്ള നടപടികൾക്കായി അവയെ വന്യജീവി നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ നിന്നു ഷെഡ്യൂൾ രണ്ടിലേക്കു മാറ്റുന്നതിനുള്ള ശുപാർശ വനം വകുപ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കൈമാറി. കേന്ദ്രത്തിന്റെ നിർദേശപ്രകാരം നാട്ടുകുരങ്ങുകളുടെയും കാട്ടുകുരങ്ങളുടെയും എണ്ണം തിട്ടപ്പെടുത്തും.
10 കർമപദ്ധതികളിൽ 4 എണ്ണവും പഴയത്
തിരുവനന്തപുരം ∙ വന്യജീവി ആക്രമണം നിയന്ത്രിക്കാനായി വനം വകുപ്പ് രൂപം നൽകിയ 10 കർമപദ്ധതികളിൽ 4 എണ്ണവും പഴയത്. വന്യജീവികൾക്ക് വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നത്, സൗരോർജ വേലി നിർമാണം, കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് എം പാനൽ ചെയ്ത ഷൂട്ടേഴ്സിന് സാങ്കേതിക സഹായം ലഭ്യമാക്കൽ, പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറയ്ക്കൽ എന്നിവയാണ് പഴയ പദ്ധതികൾ. പുതിയ രൂപത്തിലാണ് ഇവ വീണ്ടും അവതരിപ്പിക്കുന്നത്.
10 കർമപദ്ധതികളെ മൂന്നു ഘട്ടങ്ങളായി തിരിച്ചാണ് നടപ്പാക്കുക. ഭൂരിഭാഗം പദ്ധതികളും ഇൗ മാസം ആരംഭിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. വേനൽക്കാലം അടുത്ത സാഹചര്യത്തിൽ വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും എത്തിക്കുന്നതും തടയണകൾ ഉൾപ്പെടെ നിർമിക്കുന്നതിനുമാണ് മുൻഗണന. വനാതിർത്തികളിൽ നിരീക്ഷണം ഏർപ്പെടുത്താനുള്ള നടപടികൾ അടുത്തയാഴ്ച തുടങ്ങും.
സംഘർഷ പ്രദേശങ്ങളിൽ പ്രാദേശികമായി സന്നദ്ധ പ്രതികരണ സേനകൾ ഇൗ മാസം രൂപീകരിക്കും. ഒരു സംഘത്തിൽ കുറഞ്ഞത് 5 പേരുണ്ടാകും. സംഘർഷങ്ങളുണ്ടാകുമ്പോൾ നിയന്ത്രിക്കാനെത്തുന്ന ദ്രുതപ്രതികരണ സേനയ്ക്ക് കൂടുതൽ തോക്കുകൾ വാങ്ങുന്നതിനുള്ള നടപടികളും തുടങ്ങി.