അർബുദചികിത്സയിൽ പ്രതീക്ഷാകിരണം; കണ്ടെത്തലിനു പിന്നിൽ മലയാളിയും

Mail This Article
കാൻസർ കോശങ്ങൾ പെരുകുന്നതിന്റെ ജനിതക രഹസ്യം തിരഞ്ഞുപോയ യുഎസ് ഗവേഷണ സംഘത്തെ നയിച്ച മലയാളിക്കിത് അഭിമാന നിമിഷം. ഡോ. റോബിൻ സെബാസ്റ്റ്യനും സംഘവും തയാറാക്കിയ ഗവേഷണ പ്രബന്ധം വിഖ്യാത ശാസ്ത്രമാസികയായ ‘നേച്ചർ’ പ്രസിദ്ധീകരിച്ചു. പൊട്ടലുകളും തകരാറുകളും ഉള്ള ഡിഎൻഎകളിൽ കാൻസർ കോശങ്ങൾ അനായാസം വളരുന്നതെങ്ങനെയെന്ന് ഡോ. റോബിനും സംഘവും നിരീക്ഷിച്ചു. മാതൃ ഡിഎൻഎയുടെ സമീപത്തു സ്ഥിതി ചെയ്യുന്ന റെപ്ളീസോം എന്ന പ്രോട്ടീൻ സംയുക്തമാണ് ഡിഎൻഎ പുനരുൽപാദനത്തിന്റെ എൻജിനെന്ന സുപ്രധാന വിവരത്തിലൂന്നിയാണ് ഗവേഷണം പുരോഗമിച്ചത്. അതു ചെന്നെത്തിയത് റെപ്ളീസോമിനെ പുനർവിന്യസിച്ചുള്ള അർബുദ ചികിത്സാസാധ്യതയിൽ. വാഷിങ്ടനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ശാസ്ത്രജ്ഞനായ ഡോ. റോബിൻ കണ്ണൂർ പൈസക്കരി തെക്കേ പുതുപ്പറമ്പിൽ ടി.ടി. സെബാസ്റ്റ്യന്റെയും റോസമ്മയുടെയും മകനാണ്. ഭാര്യ ഡോ. സുപ്രിയ വർത്തക്കും ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകയാണ്. കാസർകോട്ടെ എൻഡോസൾഫാൻ മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് റോബിൻ നടത്തിയ ഗവേഷണം ശ്രദ്ധ നേടിയിരുന്നു.