വീടിന് ജപ്തി നോട്ടിസ്; യുവാവ് ജീവനൊടുക്കി

Mail This Article
കോട്ടയം ∙ വീടിന്റെ ചുമരിൽ സഹകരണ ബാങ്ക് അധികൃതർ ജപ്തി നോട്ടിസ് പതിപ്പിച്ചതിനെത്തുടർന്ന് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജപ്തി നോട്ടിസ് മൂലമുള്ള മനോവിഷമത്തെത്തുടർന്നാണു യുവാവ് ജീവനൊടുക്കിയതെന്നു ബന്ധുക്കൾ ആരോപിച്ചു. കൊല്ലാട് മലമേൽക്കാവ് പുത്തൻപറമ്പിൽ കെ.സി.സണ്ണി – പരേതയായ റോസമ്മ ദമ്പതികളുടെ മകൻ റെജി ഏബ്രഹാം (38) ആണു മരിച്ചത്. കോട്ടയത്തെ ലോഡ്ജിൽ ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനു നാലു ദിവസത്തോളം പഴക്കമുണ്ട്.
11 വർഷം മുൻപ് കെ.സി.സണ്ണി കൊല്ലാട് സർവീസ് സഹകരണ ബാങ്കിൽനിന്ന് ഒന്നര ലക്ഷം രൂപ ഇളയമകളുടെ വിവാഹത്തിനു വായ്പയെടുത്തിരുന്നു. സണ്ണിക്കിപ്പോൾ 69 വയസ്സുണ്ട്. റെജിയാണ് പെയ്ന്റിങ് ജോലിക്കും മറ്റും പോയി കുടുംബം പുലർത്തിയിരുന്നത്. രണ്ടാഴ്ച മുൻപാണു നോട്ടിസ് വന്നത്. ഒന്നാമത്തെ നോട്ടിസിൽ ഇതുവരെയുള്ള കുടിശികത്തുക 4.35 ലക്ഷം അടയ്ക്കണമെന്നും സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യുമെന്നാണ്. രണ്ടാമത്തെ നോട്ടിസിൽ എടുത്ത തുകയും തുടർന്നുള്ള പലിശയുമാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും ബന്ധുക്കൾ പറയുന്നു. കോട്ടയം താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസിന്റെ പേരിലുള്ള നോട്ടിസാണ് ചുമരിൽ പതിപ്പിച്ചിരിക്കുന്നത്. കിടപ്പാടം നഷ്ടപ്പെടുമെന്നായതോടെ റെജി പൊതുപ്രവർത്തകരെയും ബാങ്കിനെയും സമീപിച്ച് കൂടുതൽ സമയം നേടാൻ ശ്രമിച്ചെന്നു പറയുന്നു. ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ റെജി കടുത്ത മനോവിഷമത്തിലായി. എറണാകുളത്തു പെയ്ന്റിങ് ജോലിക്കെന്നു പറഞ്ഞാണു റെജി വീട്ടിൽ നിന്നിറങ്ങിയത്. കഴിഞ്ഞ മൂന്നു ദിവസമായി ബന്ധുക്കളും സുഹൃത്തുക്കളും ഫോണിൽ വിളിച്ചെങ്കിലും എടുത്തിരുന്നില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണു ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വീട്ടിലെത്തി തുടർനടപടികൾ സ്വീകരിക്കുന്നതിനു കുടുംബത്തിനു പിന്തുണ നൽകുമെന്ന് ഉറപ്പു നൽകി. സംസ്കാരം ഇന്നു രാവിലെ 10നു പനച്ചിക്കാട് പഞ്ചായത്ത് പൊതുശ്മാശനത്തിൽ. മരിച്ച റെജി ഏബ്രഹാമുമായി കൊല്ലാട് സർവീസ് സഹകരണ ബാങ്കിനു ബന്ധമൊന്നുമില്ലെന്നും കെ.സി.സണ്ണിയാണ് ബാങ്കിനു പണം അടയ്ക്കാനുള്ളതെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു. കൊല്ലാട് സർവീസ് സഹകരണ ബാങ്കിൽ നിന്നു ജപ്തി നടപടി നേരിടുന്നവരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10നു ബാങ്കിനു മുന്നിൽ സമരം നടത്തും.