ഇടുക്കി വന്യജീവിസങ്കേതത്തിൽ പുതിയ 37 അതിഥികൾ

Mail This Article
ചെറുതോണി ∙ ഇടുക്കി വന്യജീവിസങ്കേതത്തിൽ നടത്തിയ വാർഷിക ജന്തുജാല കണക്കെടുപ്പിൽ 37 പുതിയ ജീവിവർഗങ്ങളെ കണ്ടെത്തി. 14 പക്ഷികൾ, 15 ചിത്രശലഭങ്ങൾ, 8 തുമ്പികൾ എന്നിവയാണ് പുതിയ അതിഥികൾ. 202 ഇനം നിശാശലഭങ്ങളുടെയും 52 ഇനം ഉറുമ്പുകളുടെയും ആന, നീർനായ, ചെറിയ സസ്തനികൾ എന്നിവയുടെയും സാന്നിധ്യവും സർവേയിൽ കണ്ടെത്തി.
പുതിയ കണ്ടെത്തലോടെ സങ്കേതത്തിലെ പക്ഷികളുടെ എണ്ണം 245 ആയി. ചിത്രശലഭങ്ങൾ 212 ആയി. തുമ്പികളുടെ എണ്ണം 73 ആയി. തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും (ടിഎൻഎച്ച്എസ്) കേരള വനം വന്യജീവി വകുപ്പും ചേർന്നാണു സർവേ നടത്തിയത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതത്തിലെ വിവിധയിടങ്ങളിൽ താമസിച്ചായിരുന്നു സർവേ. 45 പേർ പങ്കെടുത്തു.