സിപിഎം സംസ്ഥാന സമ്മേളനം നാളെ മുതൽ കൊല്ലത്ത്

Mail This Article
കൊല്ലം ∙ 30 വർഷങ്ങൾക്കു േശഷം കൊല്ലം ആതിഥ്യം വഹിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനു നാളെ കൊടിയേറും. സിപിഎം ദേശീയ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 9ന് റെഡ് വൊളന്റിയർ മാർച്ച്, പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും. പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ ഒൻപതാം വർഷത്തിലേക്കും രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്കും കടക്കുന്ന വേളയിലാണു സംസ്ഥാന സമ്മേളനം. തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുകയാകും സമ്മേളനത്തിന്റെ മുഖ്യ അജൻഡ. കൊച്ചിയിലെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച ‘ നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന രേഖയ്ക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കുറി അവതരിപ്പിക്കുന്ന ‘നവകേരളത്തിനുള്ള പുതുവഴികൾ’ എന്ന രേഖയും ചർച്ച ചെയ്യും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയും നിയമസഭാ– തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെ ക്ഷീണവും സർക്കാരും പാർട്ടിയും നേരിട്ട വിവാദങ്ങളും ചർച്ചാ വിഷയമാകും. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സുമായി ബന്ധപ്പെട്ട വിവാദങ്ങൾ, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങൾ, കടൽ മണൽ ഖനന വിഷയം തുടങ്ങിയവയെല്ലാം ചർച്ച കൊഴുപ്പിക്കും. 75 എന്ന പ്രായപരിധി കർശനമായി പാലിക്കുമെന്നു പാർട്ടി നേതൃത്വം ആവർത്തിച്ചതോടെ സംസ്ഥാന സെക്രട്ടേറിയറ്റ്– സംസ്ഥാന കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർ, പുതുതായി ഉൾപ്പെടാവുന്നവർ എന്നിവരെച്ചൊല്ലിയുള്ള ചർച്ചകളും ആകാംക്ഷ വർധിപ്പിക്കുന്നു.