പ്രോ–റേറ്റ വ്യവസ്ഥ പെൻഷൻ വെട്ടിക്കുറയ്ക്കാനല്ല; ലക്ഷ്യം തുല്യനീതി ഉറപ്പാക്കൽ

Mail This Article
കോഴിക്കോട്∙ ഉയർന്ന പിഎഫ് പെൻഷൻ നിർണയിക്കുന്നതിലും പ്രോ–റേറ്റ (ആനുപാതിക) വ്യവസ്ഥ നടപ്പാക്കിയ തീരുമാനം രാജ്യമൊട്ടാകെ കോടതികളിലെത്തിയതോടെ ഇതു സംബന്ധിച്ച ചർച്ചയും ചൂടുപിടിക്കുകയാണ്. ഇതിനിടെയാണ് മുന്‍ പിഎഫ് റീജനല്‍ പിഎഫ് കമ്മിഷണറും പിഎഫ് നിയമവിദഗ്ധനുമായ റാം നിവാസ് ബൈര്‍വ, ഈ വിഷയത്തില്‍ ഇപിഎഫ്ഒ നടത്തുന്ന നിയമലംഘനം ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ പിഎഫ് കമ്മിഷണര്‍ക്ക് കത്തയച്ചിരിക്കുന്നത്. ഇപിഎഫ്ഒയുടെ വികലമായ കണക്കുകൂട്ടൽ രീതി മൂലം ഉയര്‍ന്ന പെന്‍ഷന്‍ പദ്ധതിയില്‍ മാത്രമല്ല, സ്റ്റാറ്റ്യൂട്ടറി ശമ്പളപരിധി ബാധകമായ പെൻഷൻകാർക്കും പ്രോ–റേറ്റ നഷ്ടം വരുത്തുന്നുണ്ട്. യഥാർഥത്തിൽ ഈ വ്യവസ്ഥ കൊണ്ടുവന്നത് പെൻഷൻ വെട്ടിക്കുറയ്ക്കാനോ, സർവീസിനെ രണ്ടായി വിഭജിക്കാനോ അല്ല; മറിച്ച് തുല്യനീതി ഉറപ്പാക്കാനാണ്. ഇത് ലളിതമായ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.
പെൻഷൻ പദ്ധതി തുടങ്ങിയ 1995 നവംബർ 16 മുതൽ സർവീസിലുള്ള 2 സുഹൃത്തുക്കളിൽ ഒരാൾ 2014 ഓഗസ്റ്റ് 31നും രണ്ടാമത്തെയാൾ 2014 സെപ്റ്റംബർ 30നും വിരമിക്കുന്നുവെന്നു വയ്ക്കുക. രണ്ടുപേർക്കും അവസാന 60 മാസം 15,000 രൂപയ്ക്കു മുകളിലാണു ശമ്പളമെന്നും കരുതുക. ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് ഓപ്ഷൻ നൽകിയിട്ടില്ലെങ്കിൽ രണ്ടുപേരും 2014 ഓഗസ്റ്റ് വരെ സ്റ്റാറ്റ്യൂട്ടറി പരിധി പ്രകാരമുള്ള 6,500 രൂപയുടെ 8.33% വിഹിതം മാത്രമാണ് പെൻഷൻ ഫണ്ടിലേക്ക് അടച്ചിട്ടുണ്ടാകുക. അതേസമയം, പിഎഫ് അംഗത്വത്തിനു ബാധകമായ പരമാവധി ശമ്പളം 6500 രൂപ ആയിരുന്നത് 2014 സെപ്റ്റംബർ മുതൽ 15,000 രൂപയാക്കി ഉയർത്തിയിരുന്നു.
പ്രോ–റേറ്റ വ്യവസ്ഥ ബാധകമാക്കിയില്ലെങ്കിൽ ഇവരുടെ പെൻഷൻ എങ്ങനെയാവുമെന്നു നോക്കാം
ഒന്നാമത്തെയാൾ: ആകെ സർവീസ് 6856 ദിവസം. പെൻഷനു ബാധകമായ പരമാവധി ശമ്പളം 6500 രൂപ. പെൻഷൻ= (6856 X 6500) / (365 X 70)= 1744 രൂപ
രണ്ടാമത്തെയാൾ: ആകെ സർവീസ് 6886 ദിവസം. പെൻഷനു ബാധകമായ പരമാവധി ശമ്പളം 15,000 രൂപ. പെൻഷൻ= (6886 X 15,000) / (365 X 70) = 4042 രൂപ
ഇവിടെ ഒരേ ശമ്പളത്തിൽ ജോലി ചെയ്ത 2 പേർ ഒരു മാസത്തിന്റെ വ്യത്യാസത്തിൽ വിരമിക്കുമ്പോൾ ഒരാൾക്കു കിട്ടിയതിന്റെ ഇരട്ടിയിലേറെ പെൻഷൻ രണ്ടാമത്തെയാൾക്കു കിട്ടുന്നു. ഇതു തുല്യനീതിയല്ല. ഇതൊഴിവാക്കാനാണ് അവസാന 60 മാസ ശമ്പളമെടുക്കുമ്പോൾ 6500 രൂപയ്ക്കു മാത്രം പെൻഷൻ ഫണ്ട് വിഹിതമടച്ച 2014 ഓഗസ്റ്റ് വരെയുള്ള ശമ്പളം പരമാവധി 6500 രൂപ പരിധിയിലേ പരിഗണിക്കുകയുള്ളൂ എന്നു പറയുന്നത്. പ്രോ–റേറ്റ വ്യവസ്ഥ ശരിയായ രീതിയിൽ നടപ്പാക്കിയാൽ രണ്ടാമത്തെയാളുടെ 60 മാസ ശരാശരി ശമ്പളത്തിൽ 59 മാസം 6500 രൂപ വീതവും ഒരു മാസം മാത്രം 15,000 രൂപയുമാകും. അപ്പോൾ ശരാശരി ശമ്പളം 6642 രൂപയായി ചുരുങ്ങും. പെൻഷൻ 1790 രൂപയുമാകും. ഇതാണ് പ്രോ–റേറ്റ വ്യവസ്ഥ ഉറപ്പാക്കുന്ന തുല്യനീതി.
അതേസമയം, രണ്ടാമത്തെയാൾ വിരമിക്കുന്നത് 2019 ഓഗസ്റ്റ് 31ന് ആണെന്നു വയ്ക്കുക. അപ്പോഴേക്കും ഇയാൾ 15,000 രൂപ ശമ്പള പരിധിയിൽ 60 മാസം പെൻഷൻ ഫണ്ടിലേക്കു വിഹിതമടച്ചുകഴിഞ്ഞു. അവസാന 60 മാസത്തിൽ 2 ശമ്പള പരിധികൾ ഉൾപ്പെടാത്തതിനാൽ ശമ്പള ശരാശരി പരമാവധി 15,000 രൂപ എന്നു കണക്കാക്കേണ്ടതാണ്. എങ്കിൽ പെൻഷൻ ഇങ്ങനെ വരണം. ആകെ സർവീസ് 8681 ദിവസം. പെൻഷൻ (8681X15,000) / (365X70) = 5096 രൂപ. എന്നാൽ ഇപിഎഫ്ഒ പെൻഷൻ കണക്കുകൂട്ടുന്നത് ഇങ്ങനെയല്ല. സർവീസിനെ രണ്ടായി വിഭജിച്ച് 2014 ഓഗസ്റ്റ് 31 വരെയുള്ള 6856 ദിവസത്തേക്ക് 6500 രൂപ ശമ്പളത്തിലും അവസാന 5 വർഷത്തേക്കു മാത്രം 15,000 രൂപ ശമ്പളത്തിലുമാണ്. അപ്പോൾ 5096 രൂപ കിട്ടേണ്ടതിനു പകരം പെൻഷൻ 2815 രൂപയായി ചുരുങ്ങും. നഷ്ടം 2281 രൂപ.
തുല്യനീതിക്കായി കൊണ്ടുവന്ന വ്യവസ്ഥ ഇപിഎഫ്ഒയുടെ വികലമായ കണക്കുകൂട്ടൽ രീതിയിലൂടെ ഫലത്തിൽ നീതിനിഷേധമായി മാറുന്നു. സ്റ്റാറ്റ്യൂട്ടറി പരിധിയുള്ള പെൻഷൻകാരുടെ കാര്യത്തിൽപോലും പ്രോ–റേറ്റ തെറ്റായാണ് പ്രയോഗിക്കപ്പെട്ടത് എന്നതിന്റെ തെളിവാണിത്. 2014 സെപ്റ്റംബറിനു ശേഷം വിരമിച്ച എല്ലാവരും ഈ നീതിനിഷേധത്തിന് ഇരകളാണ്. ഉയർന്ന പെൻഷൻ പദ്ധതിയിൽ ചേരുന്നവർ സർവീസ് കാലം മുഴുവൻ പൂർണ ശമ്പളത്തിനു പെൻഷൻ ഫണ്ടിലേക്കു വിഹിതമടയ്ക്കണം. രണ്ടു ശമ്പള പരിധിയെന്ന പ്രശ്നം ഇവിടെ വരാത്തതിനാൽ പ്രോ–റേറ്റ വ്യവസ്ഥ തീർത്തും അപ്രസക്തമാണ്.