വിശ്വപൗരന്മാർ ഗാന്ധിജിയും ഗുരുവും: ജി.സുധാകരൻ

Mail This Article
തിരുവനന്തപുരം∙ ഗാന്ധിജിയും ശ്രീനാരായണഗുരുവും വിശ്വപൗരൻമാരായിരുന്നുവെന്നും ശമ്പളത്തിനും സ്ഥാനത്തിനും വേണ്ടി ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥനായാൽ വിശ്വപൗരനാകില്ലെന്നും സിപിഎം നേതാവ് ജി.സുധാകരൻ. വി.ഡി.സതീശൻ കേരള നിയമസഭയിൽ താൻ കണ്ടതിൽവച്ച് ഏറ്റവും കൃത്യതയുള്ള പ്രതിപക്ഷ നേതാവാണെന്നു സിപിഐ നേതാവ് സി.ദിവാകരൻ. ചെന്നിത്തല ഇരുത്തംവന്ന നേതാവാണ്. ഗാന്ധിജി– ശ്രീനാരായണ ഗുരു സമാഗമ ശതാബ്ദിയുടെ ഭാഗമായി കെപിസിസി സംഘടിപ്പിച്ച ‘മൊഴിയും വഴിയും ആശയസാഗര സംഗമം’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. പ്രായപരിധിയുടെ പേരിൽ പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാക്കപ്പെട്ട നേതാക്കളുടെ സാന്നിധ്യത്തിൽ, ‘പ്രായമല്ല, കഴിവും മനസ്സുമാണു പ്രധാന’മെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ഒളിയമ്പെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഉദ്ഘാടനപ്രസംഗത്തിൽ ഇരുവർക്കും ആവോളം പുകഴ്ത്തലുണ്ടായിരുന്നു. പ്രത്യയശാസ്ത്രത്തിന്റെ തടവുകാരാകാത്ത നേതാക്കളാണ് ഇരുവരുമെന്നു പറഞ്ഞ സതീശൻ, നീതിമാനായ പൊതുമരാമത്തു മന്ത്രിയായിരുന്നു സുധാകരനെന്നും പുകഴ്ത്തി. 28–ാം വയസ്സിൽ മന്ത്രിയായ താൻ വയസ്സ് ഒന്നിനും ഉപാധിയായി കണക്കാക്കുന്നില്ലെന്നു ചെന്നിത്തല പറഞ്ഞു. രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നു ഗാന്ധിജി മരിക്കുമ്പോൾ 79 വയസ്സായിരുന്നു. 72–ാം വയസ്സിൽ മരിച്ചില്ലായിരുന്നെങ്കിൽ ശ്രീനാരായണഗുരുവിന് ഇനിയും പലതും ചെയ്യാൻ കഴിയുമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നലെകളെ മറക്കുകയെന്നത് ഇന്നു പ്രധാനപ്പെട്ട ആവശ്യമാണെന്ന മുഖവുരയോടെയാണു സി.ദിവാകരൻ പ്രസംഗം തുടങ്ങിയത്. കേരള രാഷ്ട്രീയത്തിൽ ഇപ്പോഴത്തെ പ്രധാന ചർച്ച മദ്യവും മദ്യനിർമാണശാലയുമാണ്. ക്യൂവിൽ നിൽക്കുന്ന അവസാനത്തെയാൾക്കും കൊടുത്തിട്ടേ അടയ്ക്കാവൂ എന്നൊരു വാർത്ത വായിച്ചു. വോട്ട് ചെയ്യുന്ന കാര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനാണു സാധാരണ ഇങ്ങനെ നിർദേശിക്കാറുള്ളത്. പടിപടിയായി മദ്യം കുറച്ചുകൊണ്ടുവരുമെന്നു പറയുന്നതു ജനങ്ങളെ പറ്റിക്കുന്ന പരിപാടിയാണ്. ഇതാണോ ഗുരുവിനോടു ചെയ്യുന്ന നീതിയെന്നു ദിവാകരൻ ചോദിച്ചു.
പരിപാടി നടത്തിയതിൽ കെപിസിസിയെ അഭിനന്ദിച്ചെങ്കിലും തന്റെ പാർട്ടിക്കെതിരെ താൻ എന്തെങ്കിലും പറയുമെന്നു കരുതേണ്ടെന്നു സുധാകരൻ പറഞ്ഞു. രണ്ടു രാജ്യത്ത് അംബാസഡറായാൽ ഇവിടെ ഉടൻ വിശ്വപൗരനാക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥനായാൽ വിശ്വപൗരനാകില്ല. ഗാന്ധിജി വിശ്വപൗരനായി അംഗീകരിക്കപ്പെട്ടിരുന്നു. രാഷ്ട്രീയക്കാരനായിപ്പോയാൽ സത്യം പറയാൻ പറ്റില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും സുധാകരൻ പറഞ്ഞു. വി.എം.സുധീരൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു, ഡിസിസി പ്രസിഡന്റ് പാലോട് രവി, ജി.ബാലചന്ദ്രൻ, ബി.എസ്.ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.