വിട, പ്രിയപ്പെട്ട
കൊച്ചേട്ടൻ

Mail This Article
രണ്ടു പതിറ്റാണ്ടിനപ്പുറം, സർവകലാശാലാ വിദ്യാർഥിയായിരുന്ന കാലത്താണു കൊച്ചേട്ടൻ എന്നു സ്നേഹത്തോടെ വിളിക്കപ്പെടുന്ന കെ.കെ.കൊച്ചിനെ വായിക്കുന്നതും പരിചയപ്പെടുന്നതും. 1892ൽ എഴുതപ്പെട്ട പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയം എന്ന നോവലിനു കേരളം മറന്ന സാമൂഹികപരിഷ്കരണം എന്ന തലക്കെട്ടിൽ കെ.കെ.കൊച്ച് എഴുതിയ ലേഖനം പഠിച്ച കാലം മുതൽ ആ പേരു സുപരിചിതമായി. സൗന്ദര്യാത്മക സമീപനത്തെ കയ്യൊഴിഞ്ഞ് ചരിത്രപരമായ വിമർശനരീതി പിന്തുടർന്ന ആ ലേഖനത്തിലേക്കുള്ള പ്രവേശനം അദ്ദേഹത്തിന്റെ എഴുത്തുകളെ പിന്തുടർന്നു വായിക്കാനും പ്രേരിപ്പിച്ചു.
1980കളുടെ പകുതിയോടെ, തീവ്ര ഇടതുപക്ഷാശയങ്ങളിൽനിന്നും സംഘാടനങ്ങളിൽനിന്നും വഴിപിരിഞ്ഞുപോയ ധൈഷണിക വ്യക്തിത്വമായിരുന്നു കെ.കെ.കൊച്ച്. ഉയർന്ന വിദ്യാഭ്യാസവും സുരക്ഷിതമായ ജോലിയും ലഭിച്ചെങ്കിലും എഴുത്തും വായനയും സാമൂഹിക സംഘാടനവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ദിശയെ നിർണയിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചു. സീഡിയൻ സർവീസ് സൊസൈറ്റി, ജാതിവിരുദ്ധ മതേതരവേദി, ദലിത് സമുദായ മുന്നണി തുടങ്ങി ഒട്ടേറെ സംഘടനകളിലും സവിശേഷമായി രൂപപ്പെട്ട സമരസന്ദർഭങ്ങളിലും തന്റെ ജീവിതവ്യവഹാരങ്ങളെ വ്യാപിപ്പിച്ചതിനെക്കുറിച്ച് ‘ദലിതൻ’ എന്ന ആത്മകഥയിൽ വിശദീകരിച്ചിട്ടുണ്ട്.
വ്യവസ്ഥാപിതമായ അർഥത്തിൽ, സുഘടിതവും സൗന്ദര്യാത്മകവുമായ രീതിയിൽ, കേരളത്തിലെ ദലിത് സമുദായത്തിൽ നിന്നൊരാൾ എഴുതിയ ആത്മകഥയെന്ന നിലയിൽ ആ പുസ്തകത്തിനുള്ള പ്രാധാന്യം വലുതാണ്. ചരിത്രം, സംസ്കാര - രാഷ്ട്രീയവിമർശനം, സാമ്പത്തിക ശാസ്ത്രനിരീക്ഷണങ്ങൾ, ഭാഷാ- സാഹിത്യവിശകലനങ്ങൾ തുടങ്ങി വ്യത്യസ്ത ജ്ഞാനമേഖലകളെ വികസിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകളേറെയും. പരാധീനതയും പരിഭവങ്ങളും മാത്രം ആവിഷ്കരിക്കപ്പെടുന്ന ഒന്നാണു ദലിതരുടെ എഴുത്തിടപെടൽ എന്ന പൊതുബോധത്തെ തിരുത്താനുള്ള പ്രേരണയാകുന്നവയാണു കെ.കെ.കൊച്ചിന്റെ രചനകളെന്നു കലാപവും സംസ്കാരവും (1989) തുടങ്ങി ദലിത് സമുദായവാദവും സാമുദായിക രാഷ്ട്രീയവും (2023) വരെ മൗലികചിന്തകൾ പ്രസരിപ്പിച്ച പതിനഞ്ചിലേറെ പുസ്തകങ്ങളിലൂടെ കടന്നുപോകുന്ന ആർക്കും മനസ്സിലാകും.
പത്തുപതിനഞ്ചു പേജുകൾ വരുന്ന ലേഖനത്തിനായി നാൽപതും അൻപതും പേജുകൾ എഴുതി അതിൽ നിന്ന് എഡിറ്റ് ചെയ്തെടുക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. പ്രസിദ്ധീകരിക്കാതെ, അലക്ഷ്യമായി എഴുത്തുമുറിയിൽ ചിതറിക്കിടക്കുന്ന പേപ്പറുകളിൽനിന്നു വേർതിരിക്കുന്നതു കൊണ്ടു ചെത്തിയും മിനുക്കിയും ചിന്തേരിട്ട ഭംഗി അദ്ദേഹത്തിന്റെ എഴുത്തുകൾക്കുണ്ടായിരുന്നു. ഗദ്യത്തിന്റെ അസാധാരണമായ സൗന്ദര്യം അദ്ദേഹത്തിന്റെ സൂക്ഷ്മതയിൽ നിന്നുണ്ടായതാണെന്നു വ്യക്തം.
സമൂഹമാധ്യമ സംവാദങ്ങളിൽ സജീവമായി തുടരുവാൻ അവസാനകാലംവരെ ശ്രമിച്ചിരുന്നു. അച്ചടിമാധ്യമങ്ങളിലെ എഴുത്തിന്റെയും നിലപാടിന്റെയും സൂക്ഷ്മതയും അവധാനതയും സമൂഹമാധ്യമങ്ങളിൽ തുടരാനാവാത്തതിനാൽ ചില വിമർശനങ്ങൾക്കും കെ. കെ.കൊച്ചിന്റെ ഇടപെടൽ കാരണമായി.
വലുപ്പച്ചെറുപ്പമില്ലാതെ, തലമുറവ്യത്യാസമില്ലാതെ, ആരോടും ഇടപഴകുന്ന രീതിയാണു കൊച്ചേട്ടനെന്നു സർവരാലും ആദരിക്കപ്പെടുന്നയാളായാണ് അദ്ദേഹം പരിഗണിക്കപ്പെട്ടത്. ചലനാത്മകതയും ചുറുചുറുക്കും അദ്ദേഹത്തിലെന്നുമുണ്ടായിരുന്നു. കേരളത്തിലെ നഗര-ഗ്രാമഭേദമില്ലാതെ സൗഹൃദങ്ങളും അടുപ്പങ്ങളും സൃഷ്ടിക്കാൻ ഇക്കാരണങ്ങളെല്ലാം തുണയായി. സാമുദായിക- രാഷ്ട്രീയ പ്രവർത്തനങ്ങളൊക്കെ മാറ്റിവച്ച് എഴുത്തിൽമാത്രം തുടരാനാവില്ലേയെന്നു ചോദിക്കുമ്പോൾ, വാക്കും പ്രവൃത്തിയും ഒന്നിച്ചുപോകണമെന്നും പ്രവർത്തിക്കാത്ത നാളുകൾ തനിക്കാവില്ലെന്നും പറയുമായിരുന്നു.
കേരളത്തിലെ ഒട്ടേറെ നവസാമൂഹിക സമരങ്ങളിലും ദലിത് - ന്യൂനപക്ഷ ആശയസംവാദങ്ങളിലും ദീർഘകാലം സാന്നിധ്യമാകുവാൻ കഴിഞ്ഞത് ഈ ബോധ്യം കൊണ്ടാകണം. ഒന്നിച്ചു സഞ്ചരിച്ചും ചർച്ച ചെയ്തും ചില സന്ദർഭങ്ങളിൽ അരക്ഷിതമായി അലഞ്ഞും അദ്ദേഹത്തോടൊപ്പം ജീവിച്ച നിമിഷങ്ങൾ പുതിയ പാഠങ്ങൾ നൽകുന്നവയായിരുന്നു. വായനയോടുള്ള അദ്ദേഹത്തിന്റെ താൽപര്യവും വായിച്ച ശേഷമുള്ള സംതൃപ്തിയും ആലോചനയും വിവരണാതീതമാണ്. കയ്യിൽ കിട്ടുന്നതെന്തും വായിക്കുന്ന അദ്ദേഹത്തിലെ വിജ്ഞാനദാഹി ഒരിക്കലും മടുപ്പനുഭവിച്ചില്ല. ഞാൻ എഴുതിയ ചില പുസ്തകങ്ങൾ വായിക്കാൻ കൊടുത്തപ്പോൾ അധികം ദിവസം കഴിയാതെ കൃത്യമായ വിശകലനവും വിമർശനവും ഉന്നയിക്കുവാൻ അദ്ദേഹം തയാറായതു വ്യക്തിപരമായ സന്തോഷം.
മദ്രാസ് സർവകലാശാലയിലെ എന്റെ മുറിയിലിരുന്ന് ഈ കുറിപ്പെഴുതുമ്പോൾ എന്റെ ഷെൽഫിൽ കെ.കെ.കൊച്ചിന്റെ ഒരു പുസ്തകം പോലുമില്ല. അദ്ദേഹത്തിന്റെ സമ്പൂർണകൃതികൾ പ്രസിദ്ധീകരിക്കുന്നതിനായി കൈമാറാൻ എന്റെ കയ്യിലെ പുസ്തകങ്ങളെല്ലാം ഞാൻ വീട്ടിൽത്തന്നെ സൂക്ഷിച്ചുവച്ചു. അൽപദിവസം മുൻപ് അദ്ദേഹത്തിന്റെ ഫോൺവിളിയും ഈ പുസ്തകങ്ങളെക്കുറിച്ച് അന്വേഷിച്ചായിരുന്നു. അതു നേരിട്ടു കൈമാറാൻ കഴിഞ്ഞില്ലെന്ന സങ്കടം ബാക്കിനിൽക്കുമ്പോഴും കേരളത്തിലെ ബൗദ്ധികമണ്ഡലത്തെ മൗലികചിന്ത കൊണ്ടും ഇടപെടൽ കൊണ്ടും ചലിപ്പിച്ച കെ.കെ.കൊച്ചിന്റെ സംഭാവനകൾ അറിയുവാൻ ഭാവിലോകം കാത്തിരിക്കുന്നുവെന്നതിൽ തർക്കമില്ല.
അദ്ദേഹത്തിന്റെ അവസാനം പ്രസിദ്ധീകരിക്കപ്പെട്ട ‘ദലിത് സമുദായവാദവും സാമുദായിക രാഷ്ട്രീയവും’ എന്ന പുസ്തകത്തിന്റെ ആമുഖപഠനമെഴുതാൻ എന്നെ ചുമതലപ്പെടുത്തിയപ്പോൾ, ഞാൻ എഴുതിയവസാനിപ്പിച്ചത് ഇപ്രകാരമാണ്: ‘സവിശേഷമായ പ്രസ്ഥാനങ്ങളുടെ പിൻബലവും വരേണ്യതയുടെ പരിവേഷവുമില്ലാതെ അഞ്ചു പതിറ്റാണ്ട് എഴുത്തിൽ സജീവമായി നിന്നു എന്നതു കെ.കെ.കൊച്ചിനു മാത്രം അവകാശപ്പെട്ടതാണ്’. ഈ അനന്യതയാകാം അദ്ദേഹം ചരിത്രത്തിൽ അവശേഷിപ്പിക്കുന്നതെന്നു വിശ്വസിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്.
(മദ്രാസ് സർവകലാശാലയിലെ മലയാളം അധ്യാപകനാണ് ലേഖകൻ. )