ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ചിലെയിലെ വത്തിക്കാൻ സ്ഥാനപതിയായി (അപ്പോസ്‌തലിക് നുൺഷ്യോ) ആർച്ച് ബിഷപ് മാ‍ർ കുര്യൻ മാത്യു വയലുങ്കലിനെ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു. 2021 മുതൽ അൾജീരിയ, തുനീസിയ എന്നിവിടങ്ങളിലെ സ്ഥാനപതിയാണ്. ഈസ്റ്ററിനു ശേഷം ചുമതലയേൽക്കും.

കോട്ടയം അതിരൂപതയിലെ നീണ്ടൂർ ഇടവകാംഗമാണ്. 1991 ഡിസംബർ 27നു വൈദിക പട്ടം സ്വീകരിച്ചു. 1998ൽ റോമിലെ ഹോളിക്രോസ് പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്നു കാനൻ നിയമത്തിൽ പിഎച്ച്ഡി നേടിയശേഷം വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനം ആരംഭിച്ചു. ഗിനി, ദക്ഷിണ കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, ബംഗ്ലദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാൻ സ്ഥാനപതി കാര്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചു. 2016ൽ ഈജിപ്തിൽ ഫസ്റ്റ് കൗൺസിലറായി സേവനം ചെയ്യുമ്പോഴാണ് ആർച്ച് ബിഷപ്പും പാപുവ ന്യൂഗിനി സ്ഥാനപതിയുമായി നിയമിക്കപ്പെട്ടത്.

ചിലെയി‍ലെ വത്തിക്കാൻ സ്ഥാനപതിയായി നിയോഗിക്കപ്പെട്ട ആർച്ച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ സംസാരിക്കുന്നു

മാർപാപ്പയുടെ പ്രതിനിധിയായി എല്ലാവർക്കും വേണ്ടിയാണു ചിലെയിലേക്കു പോകുന്നതെന്ന് ആർച്ച് ബിഷപ് മാ‍ർ കുര്യൻ മാത്യു വയലുങ്കൽ.  ക്രിസ്ത്യാനികൾക്കു വേണ്ടി മാത്രമല്ല ആ യാത്ര. അർഹതപ്പെട്ട എല്ലാവർക്കും മാർപാപ്പയുടെ പ്രതിനിധിയായി സാധിക്കുന്നിടത്തോളം സഹായമെത്തിക്കും. പാവപ്പെട്ടവരോടു ഫ്രാൻസിസ് മാർപാപ്പയ്ക്ക് എന്നും വലിയ കരുതലുണ്ടെന്നും മാർ കുര്യൻ മാത്യു വയലുങ്കൽ ‘മനോരമ’യോടു പറഞ്ഞു.

∙ ചിലെയിലെ ദൗത്യം എന്താണ്?

നയതന്ത്ര ദൗത്യം എല്ലാ രാജ്യങ്ങളിലും ഒരുപോലെയാണ്. എന്നാൽ അതിന്റെ വ്യാപ്തിയിൽ വ്യത്യാസം വരും. അൾജീരിയയിലെ റസിഡന്റ് അംബാസഡറും തുനീസിയയിലെ നോൺ റസിഡന്റ് അംബാസഡറുമാണ് ഇപ്പോൾ. 

അൾജീരിയയിൽ 5 രൂപതകളുള്ളപ്പോൾ ചിലെയിൽ 30 രൂപതകളുണ്ട്. കൂടുതൽ സഭാപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കുമെന്ന സന്തോഷത്തോടെയാണു ചിലെയിലേക്കു പോകുന്നത്. ഒരു മിഷനറി നുൺഷ്യോ ആയി അറിയപ്പെടാനാണ് എന്നും ആഗ്രഹം.

∙ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലെ പ്രവർത്തനം എങ്ങനെയാണ്?

1998 മുതൽ വിവിധ രാജ്യങ്ങളിൽ വത്തിക്കാനിലെ നയതന്ത്ര കാര്യാലയങ്ങളിൽ പ്രവർത്തിക്കുന്നു.  ഓരോ സ്ഥലത്തിനും ഓരോ പ്രത്യേകതയാണ്. മാർപാപ്പയുടെ കണ്ണും കാതും ഹൃദയവുമായി അതതു രാജ്യത്തു പ്രവർത്തിക്കാനാണ് എപ്പോഴും ലക്ഷ്യമിടുന്നത്.

∙ കേരളത്തിലെ ലഹരി വ്യാപനത്തെക്കുറിച്ച്?

ലഹരി ഒരു തലമുറയെത്തന്നെ നശിപ്പിക്കുകയാണ്. സാമൂഹികവിപത്താണു ലഹരി. കുടുംബങ്ങളിൽനിന്നു തന്നെ അതിനു പ്രതിരോധം വേണം. കുടുംബബന്ധങ്ങൾ വളരണം. സമൂഹവും ഒന്നുചേരണം.

English Summary:

New Vatican Ambassador to Chile: Archbishop Mar Kurien Mathew Vayalunkal, the new Apostolic Nuncio (Vatican Ambassador) to Chile.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com