ADVERTISEMENT

തിരുവനന്തപുരം ∙ യോഗങ്ങളിൽ താൻ നിർദേശിക്കുന്ന കാര്യങ്ങൾ പോലും ഐഎഎസ് ഉദ്യോഗസ്ഥർ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ തയാറാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മെല്ലെപ്പോക്കിനെ മുഖ്യമന്ത്രി തന്നെ വിമർശിച്ചതോടെ  ഓരോ വകുപ്പിലും നടപ്പാക്കാൻ ബാക്കിയുള്ള തീരുമാനങ്ങളുടെ കണക്കെടുക്കാൻ ചീഫ് സെക്രട്ടറി വകുപ്പുമേധാവികളോട് ആവശ്യപ്പെട്ടു. വാക്കാലും ഫയലിൽ കുറിപ്പായുമുള്ള മുഖ്യമന്ത്രിയുടെ വിമർശനം വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വെളിപ്പെടുത്തിയത്.

തന്റെയും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതി ചീഫ് സെക്രട്ടറി വിളിച്ചുചേർക്കുന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗങ്ങളിൽ ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാകാൻ ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോൾ, ചില മുഖ്യപദ്ധതികൾ ഇപ്പോഴും ഇഴയുന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.മുഖ്യമന്ത്രിയുടെ പരാതിയെത്തുടർന്ന് തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കാനുള്ള നടപടികൾ സെക്രട്ടറിമാർ ആരംഭിച്ചിട്ടുണ്ട്. നടപ്പാക്കാൻ ബാക്കിയുള്ള തീരുമാനങ്ങൾ പ്രത്യേകമായി പരിശോധിക്കാൻ  റവന്യു, ധന, നിയമ വകുപ്പുകൾക്ക് നിർദേശവും നൽകി. ഈ വകുപ്പുകളുടെ അനുമതിയും അഭിപ്രായവും വൈകുന്നതിനാൽ പല തീരുമാനങ്ങളും നടപ്പാക്കാൻ കഴിയുന്നില്ലെന്ന മറ്റു വകുപ്പുകളുടെ പരാതിയെത്തുടർന്നാണിത്. 

വേണം, ഉടനുടൻ

വകുപ്പു സെക്രട്ടറിമാരുടെ എല്ലാ യോഗങ്ങളിലും തീരുമാനങ്ങളുടെ പുരോഗതി ഇനി സ്ഥിരം അജൻഡയായി ഉൾപ്പെടുത്തും. മുഖ്യമന്ത്രിയോ മന്ത്രിമാരോ നിർദേശിച്ച ഏതെങ്കിലും തീരുമാനങ്ങൾ നടപ്പാക്കുന്നതിനു നയപരമായ തടസ്സങ്ങളുണ്ടെങ്കിൽ അക്കാര്യം സെക്രട്ടറിമാർ യോഗത്തിൽ അറിയിച്ച് പരിഹാരം കാണണം. ഓരോ വകുപ്പിലും തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനു സംവിധാനം ഒരുക്കണം. ഫീൽഡ് തലത്തിലും ഇടപെടൽ വേണം. നടപ്പാക്കാൻ ബാക്കിയുള്ള പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉടൻ അറിയിക്കണം. കൈക്കൊണ്ട നടപടികൾ എന്താണെന്നു മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും ബോധ്യപ്പെടുത്തുകയും വേണം.

English Summary:

Pinarayi Vijayan Criticise IAS Officers: Chief Minister Pinarayi Vijayan criticizes IAS officers for slow implementation of government decisions. The Chief Secretary has ordered for departmental reviews.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com