ADVERTISEMENT

ഗാന്ധിനഗർ (കോട്ടയം) ∙ കോട്ടയം ഗവ. നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളെ  സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ ഈയാഴ്ച പൊലീസ് കുറ്റപത്രം ‌സമർപ്പിക്കും. കേസിൽ തെളിവെടുപ്പ്, സാക്ഷിമൊഴി, ശാസ്ത്രീയ തെളിവുശേഖരണം എന്നിവ വേഗത്തിൽ പൂർത്തിയാക്കിയ പൊലീസ് പ്രതികൾക്കു പരമാവധി ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ചുള്ള കുറ്റപത്രമാണു തയാറാക്കിയിരിക്കുന്നത്. വിവാദമായ കേസ് ആയതിനാൽ നിയമോപദേശം കൂടി തേടിയതിനു ശേഷമാകും കുറ്റപത്രം കോടതിയിൽ  സമർപ്പിക്കുക. കേസിലെ പ്രതികൾ ഒരാഴ്ച മുൻപു ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ഇതു കോടതി തള്ളിയിരുന്നു.കേസിൽ 5 പ്രതികളാണുള്ളത്.

ഇതിൽ 2 പേരുടെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ബാക്കിയുള്ള 3 പേർ അപേക്ഷ പിൻവലിക്കുകയായിരുന്നു. സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി  മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെ.പി.രാഹുൽരാജ് (22), മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ വീട്ടിൽ സാമുവൽ ജോൺസൺ (20), വയനാട് നടവയലിൽ പുൽപള്ളി ഞാവലത്ത് എൻ.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടിൽ സി.റിജിൽജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി.വിവേക് (21) എന്നിവരാണു കേസിൽ പിടിയിലായത്. ഇവർ ഇപ്പോഴും റിമാൻഡിലാണ്. കോട്ടയം ഗവ. നഴ്സിങ് കോളജ് ഹോസ്റ്റലിൽ കഴിഞ്ഞ നവംബർ 4 മുതലാണു ജൂനിയർ വിദ്യാർഥികൾ ക്രൂരമായ റാഗിങ്ങിന് ഇരയായത്. കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് കുമാറിന്റെ നേതൃത്വത്തിൽ ഗാന്ധിനഗർ എസ്എച്ച്ഒ ടി.എസ്.ശ്രീജിത്തും സംഘവുമാണ് അന്വേഷണം പൂർത്തിയാക്കിയത്. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കോളജിന്റെ ഭാഗത്തു നിന്നു ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

English Summary:

Kottayam Nursing College Ragging: Kottayam Govt. Nursing College ragging case chargesheet to be filed this week. Police investigation reveals brutal ragging of first-year students by seniors; bail applications rejected.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com