സഹകരണ സംഘങ്ങൾക്ക് റജിസ്ട്രാറുടെ ഉത്തരവ്; ജിഎസ്ടി റിട്ടേൺ നിർബന്ധം

Mail This Article
പാലക്കാട്∙ സംസ്ഥാനത്തെ സഹകരണ സംഘങ്ങളെല്ലാം ചരക്കുസേവന നികുതി (ജിഎസ്ടി) റിട്ടേൺ ഫയൽ ചെയ്യുന്നതു നിർബന്ധമാക്കി സഹകരണ റജിസ്ട്രാറുടെ ഉത്തരവ്. റിട്ടേൺ ഫയൽ ചെയ്യാത്ത സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഓഡിറ്റ് റിപ്പോർട്ടുകളിൽ ജിഎസ്ടി ഫയൽ ചെയ്യുന്നതു സംബന്ധിച്ച് കൃത്യമായി പരാമർശിക്കണമെന്നും ഓഡിറ്റർമാർക്കു നിർദേശം നൽകി.
സഹകരണ ബാങ്കുകൾക്ക് പലിശ വരുമാനം ഒഴികെ, സേവനങ്ങൾക്കു ലഭിക്കുന്ന വരുമാനത്തിനു 18% ചരക്ക് സേവന നികുതി (ജിഎസ്ടി) ബാധകമാണെങ്കിലും നികുതി സംബന്ധിച്ച കൃത്യമായ പരിശീലനവും മാർഗനിർദേശവും സംഘങ്ങൾക്കു ലഭിച്ചിരുന്നില്ല.
ചെറിയ ബാങ്കുകൾ പലതും ജിഎസ്ടി റജിസ്ട്രേഷൻ എടുത്തിട്ടുപോലുമില്ല. പല സംഘങ്ങളും പല രീതിയിലാണു ജിഎസ്ടി ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത്. ചരക്കുസേവന നികുതി വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തുകയും ഒട്ടേറെ സംഘങ്ങൾക്കു ലക്ഷങ്ങളുടെ കുടിശിക നോട്ടിസ് നൽകുകയും ചെയ്തിരുന്നു.
തുടർന്ന്, സഹകരണ വകുപ്പിലെയും ചരക്കുസേവന നികുതി വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ഓഡിറ്റർമാർക്കു ജിഎസ്ടി പരിശീലനം നൽകാൻ തീരുമാനിച്ചത്. ഏതൊക്കെ ഇടപാടുകൾ ജിഎസ്ടി പരിധിയിൽ വരും, ഫയൽ ചെയ്യുന്ന രീതി തുടങ്ങിയ കാര്യങ്ങളിലെല്ലാം പരിശീലനം നൽകാനാണു തീരുമാനം.
സാവകാശം തേടി സഹകരണ സംഘങ്ങൾ
ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യുന്നതു സംബന്ധിച്ച വിവരം ഓഡിറ്റ് റിപ്പോർട്ടിൽ ചേർക്കണമെന്ന നിർദേശം അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പാക്കിയാൽ മതിയെന്നു സഹകരണ സംഘങ്ങൾ ആവശ്യപ്പെടുന്നു. തീരുമാനം അടിച്ചേൽപിച്ചാൽ ഈ സാമ്പത്തിക വർഷത്തിന്റെ അവസാനം സംഘങ്ങൾ പ്രതിസന്ധിയിലാകും. നേരത്തെ ലഭിച്ച ജിഎസ്ടി കുടിശിക നോട്ടിസിൽ ഇളവു വേണമെന്നും സംഘങ്ങൾ ആവശ്യപ്പെട്ടു.