തേയില ലേലത്തിൽ കോടികളുടെ വെട്ടിപ്പ്: ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

Mail This Article
കൊച്ചി∙ സപ്ലൈകോയ്ക്കു വേണ്ടി നടത്തിയ തേയില ലേലത്തിൽ തിരിമറി നടത്തി കോടികൾ വെട്ടിച്ച കേസിൽ കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു.നിലവാരം കുറഞ്ഞ തേയില കൂടിയ വിലയ്ക്കു വാങ്ങി വൻതുക കമ്മിഷൻ വാങ്ങിയ കേസിൽ 8.91 കോടി രൂപയുടെ നഷ്ടമാണു സപ്ലൈകോയ്ക്കുണ്ടായതെന്നു കുറ്റപത്രത്തിൽ പറയുന്നു. വിജിലൻസ് റജിസ്റ്റർ ചെയ്ത കേസിലാണു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിയുടെ തുടർനടപടി.
-
Also Read
വൈദ്യുതിക്ക് 3 സമയക്രമം, 3 നിരക്ക്
ഇ- ലേലത്തിൽ ക്രമക്കേടു നടത്തിയാണു ടീ ബോർഡിന്റെ ലേലത്തിൽ ഡമ്മി കമ്പനികളുടെ ഉയർന്ന നിരക്കിലുള്ള ടെൻഡറുകൾ സമർപ്പിച്ചത്.കേസുമായി ബന്ധപ്പെട്ട് എറണാകുളത്തും ഇടുക്കിയിലുമായി 7.94 കോടിരൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു. സപ്ലൈകോയിലെ തേയില ഡിവിഷൻ മുൻ ഡപ്യൂട്ടി ജനറൽ മാനേജർ ഷെൽജി ജോർജ്, ടീ ടേസ്റ്റർ അശോക് ഭണ്ഡാരി, ഇടുക്കി ഹെലിബറിയ ടീ എസ്റ്റേറ്റ്സ് അധികൃതർ തുടങ്ങിയവരാണു പ്രതിപ്പട്ടികയിലുള്ളത്.തേയില ലേലത്തിൽ ക്രമക്കേടു നടത്തിയെന്ന ആരോപണം നേരിട്ട ഇടുക്കിയിലെ ഹെലിബറിയ ടീ എസ്റ്റേറ്റ്സ് ലിമിറ്റഡിനെ തേയില ബോർഡ് 2020 ൽ തന്നെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി വിലക്കിയിരുന്നു.
ഹെലിബറിയ ടീ എസ്റ്റേറ്റ് ലിമിറ്റഡിനു കീഴിലുള്ള തോട്ടങ്ങളുടേതായി ലേലത്തിനെത്തിയ നിലവാരം കുറഞ്ഞ തേയില സപ്ലൈകോ കൂടിയ വിലയ്ക്കു വാങ്ങിയെന്ന ആക്ഷേപം ഉയർന്നതാണു വിജിലൻസ് അന്വേഷണത്തിനു വഴിയൊരുക്കിയത്.ക്രമക്കേടു കണ്ടെത്തിയതോടെ ഇ.ഡിയും കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. തട്ടിപ്പിൽ 1.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു വിജിലൻസ് കണ്ടെത്തിയത്. എന്നാൽ തേയില ക്രമക്കേടിൽ 8.91 കോടി രൂപയുടെ ക്രമക്കേടാണ് ഇ.ഡി കണ്ടെത്തിയത്.