കട്ടപ്പനയിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവം: എങ്ങുമെത്താതെ അന്വേഷണം

Mail This Article
തൊടുപുഴ ∙ നിക്ഷേപത്തുക തിരികെ കിട്ടാത്തതിനാൽ നിക്ഷേപകൻ സൊസൈറ്റിക്കു മുന്നിൽ ജീവനൊടുക്കിയ സംഭവത്തിൽ കേസന്വേഷണം സ്തംഭിച്ച നിലയിൽ. നിക്ഷേപകൻ കൂടിയായ വ്യാപാരി സാബു തോമസിനെ (56) കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുൻപിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതു കഴിഞ്ഞ വർഷം ഡിസംബർ 20ന് ആണ്.
കട്ടപ്പന പള്ളിക്കവലയിൽ ലേഡീസ് സെന്റർ നടത്തുകയായിരുന്ന സാബു സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്ന പണം ഭാര്യയുടെ ചികിത്സയ്ക്കായി തിരികെ ആവശ്യപ്പെട്ടപ്പോൾ അധികൃതർ അപമാനിച്ച് ഇറക്കിവിട്ടെന്നു വ്യക്തമാക്കിയുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. സാബുവിനെ സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.ആർ.സജി ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. എന്നാൽ, പൊലീസ് അന്വേഷണം ശരിയായ ദിശയിൽ നടന്നില്ലെന്നാണു കുടുംബത്തിന്റെ ആരോപണം. അതിനിടെ, സാബുവിന്റെ നിക്ഷേപത്തുക സിപിഎം ജില്ലാ സെക്രട്ടറി ഇടപെട്ടു കുടുംബത്തിനു മടക്കിക്കൊടുത്തിരുന്നു.
കട്ടപ്പന എഎസ്പിയുടെ മേൽനോട്ടത്തിൽ കട്ടപ്പന, തങ്കമണി എസ്എച്ച്ഒമാർ ഉൾപ്പെട്ട സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരുന്നത്. ഇതിനിടെ കട്ടപ്പന എഎസ്പി ഐപിഎസ് പരിശീലനം പൂർത്തിയാക്കി സ്ഥലം മാറിപ്പോയി. തുടർന്നു കട്ടപ്പന ഡിവൈഎസ്പിക്ക് ചുമതല നൽകിയെങ്കിലും അന്വേഷണം പുരോഗമിച്ചില്ല.