എമ്പുരാന് 17 വെട്ട്; ഒഴിവാക്കുന്നത് സ്ത്രീകൾക്ക് എതിരായ അക്രമവും കലാപരംഗങ്ങളും

Mail This Article
തിരുവനന്തപുരം/ കൊച്ചി ∙ സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ‘എമ്പുരാൻ’ സിനിമയിൽനിന്നു പതിനേഴോളം ഭാഗങ്ങൾ നീക്കാൻ നിർമാതാക്കൾ തീരുമാനിച്ചു. ഇന്നും നാളെയും അവധിയായതിനാൽ പുതിയ പതിപ്പ് ചൊവ്വാഴ്ച സെൻസർ ബോർഡിനു നൽകും; തുടർന്ന് ബുധനാഴ്ചയോടെ തിയറ്ററുകളിൽ എത്തിക്കാനാണു ശ്രമം.
സ്ത്രീകൾക്കെതിരായ അക്രമവും ചില കലാപരംഗങ്ങളും എൻഐഎയുടെ ബോർഡുള്ള കാറിന്റെ ദൃശ്യവുമാണ് ഒഴിവാക്കുന്നത്. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശ്ശബ്ദമാക്കും. വില്ലന്റെ പേരുമാറ്റുമെന്നു പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരണമില്ല.
ഏതെങ്കിലും സീനോ സംഭാഷണമോ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാറ്റം വരുത്താൻ സംവിധായകനോടു പറഞ്ഞിട്ടുണ്ടെന്ന് നിർമാതാക്കളിലൊരാളായ ഗോകുലം ഗോപാലൻ നേരത്തേ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സെൻസറിങ് ഘട്ടത്തിൽ പ്രശ്നമുണ്ടായിരുന്നില്ലല്ലോ എന്നും പറഞ്ഞു.
സ്ത്രീകൾക്കെതിരായ അക്രമവും ദേശീയ പതാക കാണിക്കുന്നതുമായ 10 സെക്കൻഡ് ഭാഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തിരുന്നു. തപസ്യ ജനറൽ സെക്രട്ടറി ജി.എം.മഹേഷ് ഉൾപ്പെടെ സെൻസർ ബോർഡിലെ 4 ആർഎസ്എസ് നോമിനികൾക്കു വീഴ്ചയുണ്ടായെന്നു ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടിയതായി സൂചനയുണ്ട്. ‘എമ്പുരാൻ’ കാണുമെന്നു രാജീവ് ചന്ദ്രശേഖർ മുൻപു ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. പിന്തുണ സൗഹൃദത്തിനു മാത്രമാണെന്നും സിനിമയുടെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം മറ്റു നേതാക്കളോടു വിശദീകരിച്ചതായാണു വിവരം.
ലാലിനും പൃഥ്വിക്കുമെതിരെ ആർഎസ്എസ് മുഖപത്രം
ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജൻഡയാണ് ‘എമ്പുരാന്റേ’തെന്നു കുറ്റപ്പെടുത്തി ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസറി’ൽ ലേഖനം. കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്ന രാഷ്ട്രീയ അജൻഡയാണ് സംവിധായകൻ പൃഥ്വിരാജ് നടപ്പാക്കിയത്. മോഹൻലാലിനെപ്പോലെ പരിചയസമ്പന്നനായ നടൻ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്ന കഥ തിരഞ്ഞെടുത്തതു ദുരൂഹമാണ്. ചരിത്ര വസ്തുതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനുപകരം കലാപ പശ്ചാത്തലം ഉപയോഗിച്ച് സാമൂഹിക ഐക്യത്തിനു ഭീഷണി ഉയർത്തുകയാണു സിനിമ ചെയ്യുന്നതെന്നും ലേഖനത്തിൽ ആരോപിക്കുന്നു.
എമ്പുരാൻ കണ്ട് മുഖ്യമന്ത്രി
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ‘എമ്പുരാൻ’ കണ്ടു. ഇന്നലെ രാത്രി എട്ടിന് ലുലു മാളിലെ തിയറ്ററിലാണ് സിനിമ കണ്ടത്.