കേരള കാമരാജ് കോണ്‍ഗ്രസ് എന്‍ഡിഎയിലേക്ക്; ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച

Mail This Article
തിരുവനന്തപുരം∙ നാടാര്‍ സമുദായമടക്കം 52 സമുദായ സംഘടനകള്‍ അംഗങ്ങളായ കേരള കാമരാജ് കോണ്‍ഗ്രസ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള േനതാക്കള്‍ ബിജെപി കേന്ദ്ര നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്കുശേഷം എന്‍ഡിഎ മുന്നണിയില്‍ ചേരുന്നതു സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു.
വൈകുണ്ഡ സ്വാമി ധര്‍മ്മ പ്രചാരണസഭ (വിഎസ്ഡിപി) ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ 2016ലാണ് പാര്‍ട്ടി രൂപീകരിച്ചത്. നാടാര്‍ സമുദായം നേരിടുന്ന സംവരണ പ്രശ്നങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കാനായിരുന്നു ഇത്. പിന്നീട് വിവിധ പിന്നോക്ക സമുദായങ്ങളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നു. പാലക്കാട്, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് കേരള കാമരാജ് കോണ്‍ഗ്രസ്.
ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നാടാര്‍ വിഭാഗത്തിന് ഏറെ സ്വാധീനമുണ്ട്. കുമ്മനം രാജശേഖരനാണ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നത്. നാടാര്‍ വിഭാഗത്തിന്റെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടേയും പിന്തുണ ഉറപ്പിക്കാനായാല്‍ മണ്ഡലം പിടിക്കാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
ഇന്നലെ ഡല്‍ഹിയിലെത്തിയ വിഷ്ണുപുരം ചന്ദ്രശേഖരന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്, മുരളീധർ റാവു, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സത്യേന്ദ്ര എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.
English Summary: Kerala Kamaraj Congress may join NDA