ADVERTISEMENT

ചെന്നൈ∙ സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാകുന്ന തിരഞ്ഞെടുപ്പ്; ഇന്ന് 38 ലോക്സഭാ മണ്ഡലങ്ങളിലേക്കും 18 നിയമസഭാ മണ്ഡലങ്ങളിലേക്കും തമിഴകം വിധിയെഴുതുകയാണ്. അവസാനദിവസംവരെ ചൂടേറിയ ആരോപണ–പ്രത്യാരോപണങ്ങളോടെയാണ് തമിഴകത്തെ പ്രചാരണം അവസാനിച്ചത്. ഇനി സ്ഥാനാര്‍ഥികളും നേതാക്കളും വിധികർത്താക്കളെ കാത്തിരിക്കുന്ന ‘തേർതൽ നാൾ’. വോട്ടെടുപ്പിനെ തമിഴ്ജനത വിശേഷിപ്പിക്കുന്നത് ‘വാക്ക് പതിവെ’ന്നാണ്. 

Tamil-Nadu-Constituency-seats-2014-map

ദ്രാവിഡ രാഷ്ട്രീയത്തിന്റെ അതികായർ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പിൽ 38 മണ്ഡലങ്ങളിലെ ജനങ്ങൾ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ പോളിങ് ബൂത്തിലേക്കെത്തുമ്പോൾ വെല്ലൂരിലെ സ്ഥിതി വ്യത്യസ്തമാണ്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍  ഡിഎംകെ നേതാക്കളുടെ ഓഫിസില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്നു തിരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുന്നു.

vellore lok sabha constituency

തരംഗമുണ്ടാക്കാൻ രാഹുൽ, വിശ്രമമില്ലാതെ മോദി

മൂന്നു സംസ്ഥാനങ്ങളുടെ സംഗമസ്ഥാനമായ വയനാട്ടിൽ മത്സരിക്കുന്നതിലൂടെ, മോദി തരംഗംവലിയ സ്വാധീനം ചെലുത്താതിരുന്ന ദക്ഷിണേന്ത്യയിൽ ഇത്തവണ രാ.ഗാ തരംഗമുണ്ടാകുമെന്ന് കോൺഗ്രസ് കരുതുന്നു‍, ആറോളം തവണ തമിഴ്നാട്ടിൽ പറന്നെത്തിയാണ് മോദി പ്രചാരണം കൊഴുപ്പിച്ചത്. കൂടാതെ ദേശീയ നേതാക്കളെ രംഗത്തിറക്കിയും വിശാലസഖ്യങ്ങളുണ്ടാക്കിയും തന്ത്രങ്ങൾ പയറ്റുകയാണ് ബിജെപി. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാരിന് അടിത്തറ പാകുന്നതില്‍ ഡിഎംകെ ഇത്തവണ നിർണായക പങ്ക് വഹിക്കുമെന്നാണ് എം.കെ.സ്റ്റാലിന്റെ അവകാശവാദം‍.

tamil-nadu-legislative-assemblye-election-2016-map

2004ലേതു പോലെ സംസ്ഥാനരാഷ്ട്രീയത്തിലും ദേശീയരാഷ്‌ട്രീയത്തിലും നിർണായക സ്ഥാനം നേടാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെയും സ്റ്റാലിന്‍ കരുതുന്നു. ചെറുപാർട്ടികളെയും കോണ്‍ഗ്രസിനെയും ഒപ്പംകൂട്ടിയാണു മത്സരിക്കുന്നത്–സെക്യുലർ പ്രോഗ്രസീവ് അലയൻസ് എന്നാണു സഖ്യത്തിന്റെ പേര്. ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കുന്നതിനാൽ, ദിനകര പക്ഷ എംഎൽഎമാരുടെ അയോഗ്യതയോടെ ആടിനിൽക്കുന്ന ‌എടപ്പാടി പളനിസാമിക്കും ഒ. പനീർസെൽവത്തിനും ഇത് അധികാരമുറപ്പിക്കാനുള്ള അവസരം കൂടിയാണ്. 

മത്സരരംഗത്ത് സഖ്യങ്ങൾ

എഐഎഡിഎംകെ -ബിജെപി സഖ്യവും ഡിഎംകെ–കോണ്‍ഗ്രസ് സഖ്യവും തമ്മിലാണ് പ്രധാന മത്സരം. വിജയകാന്തിന്റെ ഡിഎംഡികെയും രാമദാസിന്റെ പാട്ടാളി മക്കള്‍ കക്ഷിയും ഡോക്ടര്‍ കൃഷ്ണസാമിയുടെ പുതിയ തമിഴകവും ജി.കെ.വാസന്റെ തമിഴ് മാനില കോണ്‍ഗ്രസും എഐഡിഎംകെ സഖ്യത്തിലുണ്ട്. സിപിഐ–സിപിഎം, വിടുതലൈ ചിറുതൈകള്‍ കച്ചി, മുസ്‌ലിം ലീഗ്, അഖിലേന്ത്യ ജനനായക കച്ചി തുടങ്ങിയവ ഡിഎംകെ സഖ്യത്തിലുമുണ്ട്.  

tamil-nadu-dmk-alliance-congress

ടിടിവി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം പലയിടങ്ങളിലും ത്രികോണ മൽസരത്തിനു കാരണമാകുമെന്ന് വിലയിരുത്തലുണ്ട്. അതേപോലെ നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിന് പുതുതലമുറയെ എത്രത്തോളം സ്വാധീനിക്കാൻ കഴിയുമെന്നതും ആകാംക്ഷയുണ്ടാക്കുന്നു. എല്ലാ സർവേ റിപ്പോർട്ടുകളെയും ഞെട്ടിച്ചാണ് 2014ലെ തിര‍ഞ്ഞെടുപ്പിൽ 39ൽ 37 സീറ്റും അണ്ണാ ഡിഎംകെ നേടിയെന്നതിനാൽത്തന്നെ ഒരു പ്രവചനം വിഷമമേറിയതാണെന്നു നിരീക്ഷകരും വ്യക്തമാക്കുന്നു.

tamil-nadu-bjp-aiadmk-nda-alliance

പ്രശ്നബാധിത ബൂത്തുകൾ എണ്ണായിരത്തിലധികം

തമിഴ്നാട്ടിൽ പ്രചാരണം അവസാനിച്ചത് പലയിടങ്ങളിലും അക്രമസംഭവങ്ങളോടെയാണ്. ‌‌‌വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ നിരവധി പേര്‍ അറസ്റ്റിലായി. കോടികളുടെ റെയ്ഡും വിവാദ പ്രസ്താവനകളും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന്റെ നൂറുകണക്കിന് കേസും അതിനുപുറമെ. 5.8 കോടിയിൽപ്പരം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തുന്നത്. ആകെ 845 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 63 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയും ഉൾപ്പെടുന്നു. രാവിലെ ഏഴിന് ആരംഭിച്ച് വൈകുന്നേരം 6 ‌വരെയാണ് 38 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. മധുരയിൽ മാത്രം, ചിത്തിര ഉത്സവമാണെതിനാൽ രാത്രി 8 വരെ വോട്ട് ചെയ്യാനാകും

67,720 പോളിംങ് ബൂത്തുകളിൽ എണ്ണായിരത്തിൽപ്പരം ബൂത്തുകൾ പ്രശ്നബാധിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കരുതുന്നു. 30,000 ബൂത്തുകളിൽനിന്ന് തത്സമയ വെബ്കാസ്റ്റിങ് ഉണ്ട്. 160 കമ്പനി അർധസൈനികരെയാണു സംസ്ഥാനത്തു വിന്യസിച്ചിരിക്കുന്നത്. 1.4 ലക്ഷം പൊലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ട്.

താര മണ്ഡലങ്ങൾ

ഒരു കേന്ദ്രമന്ത്രിയും മുൻ കേന്ദ്രമന്ത്രിമാരും എംപിമാരും പ്രമുഖരുടെ മക്കളുമൊക്കെ ഇത്തവണ മത്സര രംഗത്തുണ്ട്.  കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണന്‍ കന്യാകുമാരിയിൽ ബിജെപിക്കുവേണ്ടി ഇറങ്ങുമ്പോൾ എതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാർഥി വ്യവസായിയായ എച്ച്. വസന്തകുമാറാണ്. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ മകൻ രവീന്ദ്രനാഥ കുമാർ തേനിയിൽ മത്സരിക്കുമ്പോൾ എതിരാളി കോൺഗ്രസ് സ്ഥാനാർഥിയും ടിഎൻസിസി അധ്യക്ഷനുമായ ഇവികെഎസ് ഇളങ്കോവനാണ്. അമ്മ മക്കൾ മുന്നേറ്റ കഴകത്തിനായി മുൻ രാജ്യസഭാ എംപി തങ്കത്തമിഴ് സെൽവനും എതിരാളിയായുണ്ട്.

tamil nadu elections 2019

തൂത്തുക്കുടിയില്‍ നിന്നും കനിമൊഴി ജനവിധി തേടുമ്പോൾ എതിരെ ബിജെപി സംസ്ഥാന അധ്യക്ഷ തമിഴസൈ മത്സരിക്കും. കോൺഗ്രസിൽത്തന്നെ ആദ്യഘട്ടത്തിൽ കലാപമുണ്ടാക്കിയ സ്ഥാനാർഥിത്വമായിരുന്നു ശിവഗംഗയിൽ മുൻ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റേത്. എതിർസ്ഥാനാർഥി വിവാദ നായകൻ എച്ച് രാജയാണ്. ധർമപുരിയിൽ പിഎംകെ നേതാവ് അൻപുമണി രാംദാസ് അണ്ണാഡിഎംകെയ്ക്കായി ജനവിധി തേടുന്നു. ചെന്നൈ സെൻട്രലിൽ ദയാനിധി മാരനും സാംപോളും ജസ്റ്റിസ് കർണനും കമീല നാസറും മത്സര രംഗത്തുണ്ട്.‌ ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ.രാജ നീലഗിരിയിൽ നിന്നു ജനവിധി തേടുന്നു

Puduchery-lok-sabha-constituency-seat-2014

പുതുച്ചേരിയും പോളിങ് ബൂത്തിലേക്ക്

പുതുച്ചേരിയിലെ ഏക സീറ്റിലും വോട്ടെടുപ്പ് നടക്കും.18 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.  2014 ല്‍ നാരായണസാമി (നിലവിലെ മുഖ്യമന്ത്രി)യെ പരാജയപ്പെടുത്തിയാണ് എന്‍ ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാധാകൃഷ്ണന്‍ മണ്ഡലം പിടിച്ചത്. ഇത്തവണ പുതുച്ചേരിയിലെ കോൺഗ്രസ് സ്ഥാനാർഥി മുൻമുഖ്യമന്ത്രി വി. വൈദ്യലിംഗമാണ്. എൻആർ. കോൺഗ്രസിന്റെ സ്ഥാനാർഥി കെ. നാരായണസാമിയാണ്. കേരളത്തിൽ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ഇവിടെ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.  കോണ്‍ഗ്രസും സിപിഎം, സിപിഐ ഉള്‍പ്പെടുന്ന ഇടതുപാര്‍ട്ടികളും പുതുച്ചേരിയില്‍ ഡിഎംകെ മുന്നണിയിലാണ്. അണ്ണാ ഡിഎംകെ, എന്‍ആര്‍ കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികള്‍ ഉള്‍പ്പെടുന്നതാണ് എതിര്‍ സഖ്യം. പുതുച്ചേരി , മാഹി, കാരൈക്കല്‍, യാനം എന്നിവയുൾപ്പെടുന്നതാണ് പുതുച്ചേരി മണ്ഡലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com