താമരശ്ശേരി ചുരത്തില്‍ യാത്രാവാഹനങ്ങള്‍ക്ക് വിലക്കില്ല; നിരോധനം ട്രക്കുകള്‍ക്ക്

Mail This Article
താമരശ്ശേരി∙ താമരശ്ശേരി ചുരത്തില്‍ വലിയ യാത്രാ വാഹനങ്ങള്‍ക്ക് നാളെ മുതൽ ഏർപ്പെടുത്തിയ നിയന്ത്രണം മിനിറ്റുകൾക്കുള്ളിൽ പിൻവലിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പിൻവലിക്കുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം. മൾട്ടി ആക്സിൽ ട്രക്കുകൾക്കു മാത്രമായിരിക്കും നാളെ മുതൽ ഏർപ്പെടുത്തിയ നിരോധനം ബാധകമാവുന്നത്. ഇവ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് കലക്ടര്‍ സീറാം സാമ്പശിവ റാവുവിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ബസുകൾ ഉൾപ്പെടെ വലിയ യാത്രാവാഹനങ്ങൾക്ക് നിരോധനം ബാധകമാണെന്നാണ് ഉച്ചയ്ക്ക് അറിയിച്ചിരുന്നത്. കെഎസ്ആർടിസിയുടെ മൾട്ടി ആക്സിൽ ബസുകൾക്കും നിരോധനം ബാധകമാണെന്ന് പ്രത്യേകം അറിയിപ്പു വന്നു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ഇവയെല്ലാം പിൻവലിച്ച ജില്ലാ ഭരണകൂടം നിരോധനം മൾട്ടി ആക്സിൽ ട്രക്കുകൾക്കു മാത്രമായിരിക്കും എന്ന് വിശദീകരിച്ചു.
താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. യോഗത്തില്‍ കോഴിക്കോട് ആര്‍.ടി.ഒ എ.കെ ശശികുമാര്‍, താമരശ്ശേരി ട്രാഫിക് എസ്.ഐ യു.രാജന്‍, എന്‍.എച്ച് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിനയരാജ് എന്നിവര്‍ പങ്കെടുത്തു.
English summary: Traffic ban on Thamarassery ghat raod