നിപ സ്ഥിരീകരിച്ചിട്ടില്ല, 86 പേർ നിരീക്ഷണത്തിൽ; മുന്നൊരുക്കങ്ങൾ നടത്തിയെന്ന് മന്ത്രി

Mail This Article
കൊച്ചി ∙ പനി ബാധിച്ച് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗിക്കു നിപയാണെന്ന് ഇതുവരെ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. എങ്കിലും നിപയാണെന്നു കരുതിയുള്ള തുടർ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
രോഗിയുമായി അടുത്തിടപഴകിയ 86 പേർ നിരീക്ഷണത്തിലാണെന്നും കളമശേരി മെഡിക്കൽ കോളജിൽ നടന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ചൊവ്വാഴ്ച രാവിലെയോടെ വരുമെന്നാണ് കരുതുന്നത്. കൺട്രോൾ റൂം നമ്പർ: 1077, 1056.
പനി ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന യുവാവിന് നിപ സംശയിക്കുന്നതായി ആരോഗ്യമന്ത്രി തിങ്കളാഴ്ച രാവിലെയാണ് വ്യക്തമാക്കിയത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം നിപയുടെ സൂചനകള്‍ നല്‍കുന്നുവെന്നും പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം കൂടി ലഭിച്ചാലെ സ്ഥിരീകരിക്കാനാകുവെന്നും മന്ത്രി വ്യക്തമാക്കി.

തൊടുപുഴയില്‍ വിദ്യാർഥിക്ക് ഒപ്പം താമസിച്ചിരുന്നവർക്ക് പനിയില്ലെന്നു കണ്ടെത്തിയിരുന്നു. തൊടുപുഴയിലെ വീട്ടില്‍ പരീക്ഷയ്ക്കായി അവസാനം താമസിച്ചത് മേയ് 16നാണ്. ഒന്നര മാസമായി ആരും സ്ഥിരതാമസമില്ലെന്നും ഡപ്യൂട്ടി ഡിഎംഒ വ്യക്തമാക്കി. നിപ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ സന്നാഹങ്ങള്‍ വിപുലമാക്കി. കളമശേരി, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നു.