ADVERTISEMENT

ചെന്നൈ∙ ബുധനാഴ്ച സർവീസിൽ നിന്നു വിരമിച്ച തമിഴ്നാട് ഡിജിപി എസ്.ആർ. ജാംഗിദിന്റെ സർവീസ് കഥ കേട്ടാൽ ആരും തലകുലുക്കി സമ്മതിക്കും ‘ഇതു താൻടാ പൊലീസ്’. കൊള്ളയും കൊലപാതകവും കൊണ്ട് തമിഴകത്തെ മുൾമുനയിൽ നിർത്തിയ ബവേരിയ മോഷണ സംഘത്തെ ഉത്തരേന്ത്യവരെ പിന്തുടർന്നു പിടിച്ചതാണ് ആ കഥയിലെ ഹൈലൈറ്റ്. പൊലീസ് യൂണിഫോമിലെ ഹീറോയായിരുന്നു ജാംഗിദ്. അതു കൊണ്ടാണ്, ബവേരിയ കൊള്ള സംഘത്തെ അദ്ദേഹം പിടിച്ച കഥ കാർത്തിയെ നായകനാക്കി ‘ധീരൻ അധികാരം ഒന്ന്’  എന്ന പേരിൽ ചലച്ചിത്രമായത്.

തോക്കു മാത്രമല്ല, കൈകൾക്കു പേനയും വഴങ്ങുമെന്നു തെളിയിച്ചാണു 34 വർഷം നീണ്ടു നിന്ന പൊലീസ് ജീവിതം ജാംഗിദ് അവസാനിപ്പിക്കുന്നത്. കലയും സംസ്കാരവും ചരിത്രവുമെല്ലാം പ്രമേയമാകുന്ന ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവാണ്. രാജസ്ഥാൻ ബാർമെറിലെ കർഷക കുടുംബത്തിലാണു ജാംഗിദിന്റെ ജനനം. സർക്കാർ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായിരിക്കെയാണു ഐപിഎസ് ലഭിച്ചത്. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതം, ഭാവി ഐപിഎസുകാർക്കുള്ള പാഠപുസ്തകമാക്കിയാണു അദ്ദേഹം കാക്കി വേഷം അഴിച്ചുവയ്ക്കുന്നത്.

∙ഓപ്പറേഷൻ ബവേരിയ

രണ്ടായിരത്തിന്റെ തുടക്കത്തിലാണു ഉത്തരേന്ത്യയിൽ നിന്നെത്തുന്ന കൊള്ള സംഘങ്ങൾ തമിഴ്നാട്, ആന്ധ്രാ, കർണാടക സംസ്ഥാനങ്ങളിൽ ദേശീയ പാതയോടു ചേർന്ന പ്രദേശങ്ങളിൽ ഭീതി വിതച്ചു തുടങ്ങിയത്. ഉത്തരേന്ത്യയിൽ നിന്നു വരുന്ന ചരക്കു ലോറികളിൽ ജോലിക്കാരായി വന്ന്,  റോഡരികിലെ സമ്പന്ന ഭവനങ്ങൾ കണ്ടെത്തി കൊള്ളയടിക്കുകയാണു ഇവരുടെ രീതി. ചെറുത്തു നിൽക്കുന്നവരെ ക്രൂരമായി കൊലപ്പെടുത്താനും മടിയില്ലാത്ത സ്ഥിരം കുറ്റവാളികൾ.

സേലത്തു ജില്ലാ കോൺഗ്രസ് പ്രസിഡന്റായിരുന്ന തലമുത്തു നടരാജൻ, ഡിഎംകെ നേതാവ് ഗജേന്ദ്രൻ തുടങ്ങിയ പ്രമുഖരുടെ കൊലപാതകം സംസ്ഥാനത്തെ ഞെട്ടിച്ചു. ഗുമ്മിഡിപൂണ്ടിയിലെ അണ്ണാഡിഎംകെ എംഎൽഎ സുന്ദരേശൻ കവർച്ചക്കാരുടെ വെടിയേറ്റു മരിച്ചതോടെ ഞെട്ടൽ ഭീതിക്കു വഴി മാറി. അന്നു തമിഴ്നാട് പൊലീസ് വടക്കൻ മേഖലാ ഐജിയാണു ജാംഗിദ്. സംസ്ഥാനത്തെ മുൾമുനയിൽ നിർത്തുന്ന കവർച്ചക്കാരെ ഒതുക്കാനുള്ള ദൗത്യം മുഖ്യമന്ത്രി ഏൽപിച്ചതോടെയാണു സിനിമാ കഥകളെ വെല്ലുന്ന ഓപ്പറേഷനു തുടക്കമായത്. 

∙ചെന്നൈ ടു ഉത്തരേന്ത്യ

സംസ്ഥാനത്തെ നടുക്കിയ കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ ഒരേ സംഘമാണെന്നു തിരിച്ചറിഞ്ഞതാണു കേസിലെ വഴിത്തിരിവായത്. വിരലടയാള പരിശോധനയിലൂടെയായിരുന്നു കണ്ടെത്തൽ. അതിനു പിന്നാലെയുള്ള അന്വേഷണം ഉത്തർപ്രദേശിലെ കനൗജിലും രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളിലുമെത്തി. ശക്തമായ ചെറുത്തു നിൽപ് അതിജീവിച്ചാണു ബവേരിയ സംഘത്തെ ഒന്നടങ്കം അഴിക്കുള്ളിലാക്കിയത്. 9 സംസ്ഥാനങ്ങളിലായി 200ലധികം കേസുകളിൽ പ്രതികളായ ബവേരിയ സംഘത്തിനു കൂച്ചുവിലങ്ങിട്ട ജാംഗിദ് പൊലീസിലെ ‘ഇരട്ടച്ചങ്ക’നായി. 

തൂത്തുക്കുടിയിലും തിരുനെൽവേലിയിലും വർഗീയ കലാപങ്ങൾ ഉരുക്കു മുഷ്ടി കൊണ്ട് അടിച്ചമർത്തി ഏറെ ശ്രദ്ധ പിടിച്ചുപറ്റി. കലാപങ്ങൾ പതിവായിരുന്നപ്പോൾ ഏറെ കാലം വൈകുന്നേരം ആറ് മണിക്കുശേഷം ബസ് ഓടാത്ത സ്ഥിതി മാറിയതു ജാംഗിദ് ചുമതലയിൽ വന്ന ശേഷമാണ്. എട്ടു വർഷമായി ഡിജിപി റാങ്കിൽ ചീഫ് വിജിലൻസ് ഓഫിസറായാണു പ്രവർത്തനം. കാക്കിയില്ലാത്ത പൊലീസ് ഐപിഎസ് വേഷത്തിന്റെ മടുപ്പു മാറ്റാൻ പുസ്തക രചനയിലേക്കു തിരിഞ്ഞു. ആർട് ആൻഡ് കൾച്ചർ ഓഫ് ഇന്ത്യ, ഇന്ത്യൻ ഇക്കോണമി ഉൾപ്പെടെ അഞ്ച് പുസ്തകങ്ങൾ രചിച്ചു.

സ്തുത്യർഹ സേവനത്തിനു രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മെഡലുകൾ നേടി. കാക്കിക്കുള്ളിൽ കാരുണ്യ ഹൃദയം കൂടിയുണ്ടെന്നു സർവീസ് കാലത്തിനിടെ അദ്ദേഹം തെളിയിച്ചു. പാവപ്പെട്ടവർക്കു വീടുവയ്ക്കാനായി ചെറിയ നിരക്കിൽ ഭൂമി വാങ്ങി നൽകി. കടലൂരിൽ പാവപ്പെട്ട കുടുംബങ്ങൾക്കു വിവാഹം നടത്തുന്നതിനായി സ്വന്തം ചെലവിൽ കല്യാണ മണ്ഡപം നിർമിച്ചു കൊടുത്തു. കൈയ്യടിക്കൊപ്പം നൽകാം ഈ പൊലീസുകാരന് ഒരു ബിഗ് സല്യൂട്ട്.....

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com