കൊല്ലം കോർപറേഷൻ ഭരണസാരഥ്യം ഇനി വനിതകൾക്ക്; എസ്. ഗീതാകുമാരി ഡപ്യൂട്ടി മേയർ
Mail This Article
കൊല്ലം ∙ കോർപറേഷൻ ഡപ്യൂട്ടി മേയറായി സിപിഎമ്മിലെ കോളജ് ഡിവിഷനംഗം എസ്. ഗീതാകുമാരി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. ആർഎസ്പിയുടെ ശക്തികുളങ്ങര ഡിവിഷനംഗം എസ്. മീനാകുമാരിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. ഗീതാകുമാരി 37 വോട്ടുകളും മീനാകുമാരി 13 വോട്ടും നേടി. ഒരു ആർഎസ്പി അംഗത്തിന്റെ വോട്ട് അസാധുവായി. ബിജെപി, എസ്ഡിപിഐ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടു നിന്നു.
മുന്നണി ധാരണയെ തുടർന്നു മേയർ ഡപ്യൂട്ടി മേയർ പദവികൾ സിപിഎമ്മും സിപിഐയും പരസ്പരം വച്ചു മാറുന്നതിന്റെ ഭാഗമായി സിപിഎം പ്രതിനിധിയായിരുന്ന വി.രാജേന്ദ്രബാബു രാജി വച്ചതിനെ തുടർന്നു സിപിഐയിലെ ഹണി ബഞ്ചമിനെ മേയറായി തിരഞ്ഞെടുത്തിരുന്നു. സമാനമായ രീതിയിൽ സിപിഐയിലെ വിജയ ഫ്രാൻസിസ് രാജി വച്ച ഒഴിവിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്.
നിലവിൽ എൽഡിഎഫിന് 37 അംഗങ്ങളും യുഡിഎഫിന് 15 അംഗങ്ങളുമുണ്ട്. ബിജെപിക്ക് 2 പേരും എസ്ഡിപിഐയ്ക്ക് ഒരാളും എന്നതാണ് 55 അംഗ കൗൺസിലിലെ കക്ഷിനില.
ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പും പൂർത്തിയായതോടെ കോർപറേഷൻ ഭരണത്തിന് ഇനി 3 വനിതകൾ നേതൃത്വം നൽകും. മേയർ ഹണി ബഞ്ചമിൻ, ഡപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, സെക്രട്ടറി എ.എസ്.അനൂജ എന്നിവരാണ് ഇനി കോർപറേഷന്റെ ഭരണസാരഥ്യം വഹിക്കുക.
English Summary: S Geethakumari, Kollam Corporation Deputy Mayor