ജോളിക്ക് വിഷാദ രോഗം; കൗൺസലിങ് നൽകും; ആത്മഹത്യാശ്രമത്തിന് കേസ്
Mail This Article
കോഴിക്കോട്∙ ജയിലില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച കൂടത്തായി കൂട്ടക്കൊലകേസ് പ്രതി ജോളി ജോസഫിനെതിരെ കസബ പൊലിസ് ആത്മഹത്യാശ്രമത്തിന് കേസെടുത്തു. കോഴിക്കോട് ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് നടപടി. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ജോളിയെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ ആഴത്തിലുള്ള കൈത്തണ്ടയിലെ മുറിവ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ സഹായത്തോടെയാണ് തുന്നിച്ചേര്‍ത്തത്. ആരോഗ്യനില തൃപ്തികരമാണെന്ന വിലയിരുത്തലിലാണ് ജോളിയെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ആത്മഹത്യാപ്രവണത കാണിക്കുന്ന ജോളിക്ക് കൗണ്‍സലിങ് അടക്കമുള്ളവ നല്‍കേണ്ടതുണ്ട്. ഇതിനു വേണ്ടിയാണ് ബീച്ച് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇവര്‍ക്ക് വിഷാദ രോഗമാണെന്നാണ് നിഗമനം.
എന്നാല്‍ കൈഞരമ്പ് മുറിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പല്ലുകൊണ്ട് കടിച്ചുമുറിച്ചുവെന്ന് ജോളി പറയുന്നുണ്ടെങ്കിലും ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കല്ലുകൊണ്ടോ ചുമരില്‍ ഇളകി നില്ക്കുന്ന ടൈൽ കഷ്ണം കൊണ്ടോ ആത്മഹത്യാശ്രമം നടത്തിയതാകാം എന്നാണ് നിഗമനം. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കസബ പൊലിസ് ജോളിയില്‍ നിന്ന് മൊഴിയെടുക്കും.
English Summary : Case against Jolly Joseph on suicide attempt