മനാഫ് വധം: പി.വി. അൻവർ എംഎൽഎയുടെ സഹോദരീ പുത്രൻ പിടിയിൽ

Mail This Article
കോഴിക്കോട്∙ യൂത്ത് ലീഗ് പ്രവർത്തകൻ മനാഫ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി 25 വർഷത്തിനുശേഷം കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ. പി.വി. അൻവർ എംഎൽഎയുടെ സഹോദരീ പുത്രൻ കൂടിയായ എടവണ്ണ സ്വദേശി ഷഫീഖ് ആണ് പിടിയിലായത്. ഷാർജയിൽനിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ രാവിലെ എത്തിയതായിരുന്നു. ഷഫീഖിനായി ലുക്ക്ഔട്ട് നോട്ടിസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടണമെന്ന് 2018 ജൂലൈ 25ന് മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
ഒതായി അങ്ങാടിയിൽ 1995 ഏപ്രിൽ 13നാണ് ഓട്ടോ ഡ്രൈവർ പള്ളിപ്പറമ്പൻ അബ്‌ദുൽ മനാഫ് (29) കൊല്ലപ്പെട്ടത്. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.വി. ഷൗക്കത്തലിയുടെ വീട്ടിൽവച്ച് മകൻ പി.വി. അൻവറിന്റെയും മാലങ്ങാടൻ ഷെഫീഖ്, മാലങ്ങാടൻ സിയാദ്, മാലങ്ങാടൻ ഷെരീഫ് എന്നിവരുടെയും നേതൃത്വത്തിൽ ഗൂഢാലോചന നടത്തി മാരകായുധങ്ങളുമായി എത്തിയ സംഘം അബ്‌ദുൽ മനാഫിന്റെ വീടുകയറി അക്രമിക്കുകയും തുടർന്ന് ഒതായി അങ്ങാടിയിലെത്തി അബ്‌ദുൽ മനാഫിനെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്‌തുവെന്നാണ് കേസ്.
മനാഫിന്റെ പിതാവ് ആലിക്കുട്ടിയുടെ കൺമുന്നിലായിരുന്നു കൊലപാതകം. കേസിലെ മറ്റൊരു പ്രതിയായ മാലങ്ങാടൻ ഷെരീഫ് നേരത്തെ കീഴടങ്ങിയിരുന്നു. പി.വി.അൻവർ ഉൾപ്പെടെ 26 പേരാണ് കേസിൽ പ്രതികളായത്. പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ നിലവിലെ എംഎൽഎ അൻവർ അടക്കം 21 പ്രതികളെ വെറുതെ വിടുകയായിരുന്നു. ഇതിനെതിരെ സർക്കാർ പിന്നീട് അപ്പീൽ നൽകുകയായിരുന്നു. കേസു നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ പി.വി. ഷൗക്കത്തലി മരിക്കുകയും ചെയ്‌തു.
English Summary: Manaf Murder - MLA PV Anwar's nephew arrested after 25 years