ADVERTISEMENT

പട്ന ∙ സംസ്ഥാനത്ത് എൻഡിഎ സഖ്യത്തിൽനിന്നു പിന്മാറുന്നുവെന്ന ലോക് ജനശക്തി പാർട്ടിയുടെ (എൽജെപി) പ്രഖ്യാപനത്തോടെ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു ഫലം പ്രവചനാതീതമാകുകയാണ്. മുന്നണിയിൽ എൽജെപിക്ക് 25 സീറ്റാണു നീക്കിവച്ചത്. നിതീഷ് കുമാറിന്റെ ജെഡിയുവിനെതിരെ മത്സരിക്കുമെന്നും ബിജെപിക്കെതിരെ സ്ഥാനാർഥികളെ നിർത്തില്ലെന്നുമാണ് എൽജെപി പ്രസിഡന്റ് ചിരാഗ് പസ്വാന്റെ പ്രഖ്യാപനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങൾക്കു ശക്തി പകരും, അതേസമയം നിതീഷ് കുമാറിന്റെ നേതൃത്വത്തിനു കീഴിൽ മത്സരിക്കുകയുമില്ലെന്ന എൽജെപി പ്രസിഡന്റ് ചിരാഗിന്റെ പ്രഖ്യാപനത്തോടെ ബിഹാറിൽ അപ്രതീക്ഷിത പോരാട്ടത്തിനാണു കളമൊരുങ്ങുന്നത്. നിതീഷിനെ ദുർബലനാക്കാൻ എൽജെപിയെ മുന്നിൽ നിർത്തിയുള്ള ബിജെപി നീക്കമാണിതെന്നു ചില രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ചിരാഗ് സ്വയം കുഴി തോണ്ടുകയാണെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്നും സഖ്യകക്ഷി നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും പരിഹസിക്കുമ്പോഴും തോറ്റു പിൻമാറാൻ എൽജെപി തയാറല്ല. ‘ജെഡിയുവിനെതിരെ എല്ലാ മണ്ഡലത്തിലും എൽജെപി സ്ഥാനാർഥികളെ നിർത്തും. ജെഡിയുവിനെ അവരുടെ തട്ടകത്തിൽ തോൽപ്പിക്കുകയും ചെയ്യും’ – ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ചിരാഗ് പറഞ്ഞു.

‘നിതീഷുമായുള്ള സഖ്യത്തിനു ഞങ്ങൾ നിർബന്ധിതരാകുകയായിരുന്നു. നിതീഷ് കുമാറുമായി സഖ്യത്തിൽ ഏർപ്പെടുകയെന്നല്ലാതെ ഞങ്ങൾക്കു മുൻപിൽ മറ്റു വഴികൾ ഇല്ലായിരുന്നു. മറ്റുള്ളവരെ കേൾക്കാൻ ഒരിക്കലും അദ്ദേഹം തയാറായിരുന്നില്ല. വ്യക്തിപരമായ അജൻഡകളുമായാണ് നിതീഷ് മുന്നണിയിൽ പ്രവർത്തിക്കുന്നത്;– ചിരാഗ് കൂട്ടിച്ചേർത്തു.

നിതീഷ് കുമാർ (ഫയൽ ചിത്രം)
നിതീഷ് കുമാർ

ബിഹാറിൽ നിതീഷിനെ മുൻനിർത്തിയല്ലാതെ അധികാരം പിടിക്കാൻ കഴിയില്ലെന്ന് ബിജെപിക്ക് ബോധ്യമുണ്ട്. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി നിതീഷ് തന്നെയാണെന്നു ബിജെപി പ്രഖ്യാപിച്ചതുമാണ്. നിതീഷ് കുമാറിനും ജെഡിയുവിനും എതിരെ പരസ്യവിമർശനവുമായി ചിരാഗ് രംഗത്തു വന്നതോടെ വെട്ടിലായത് ബിജെപിയാണ്.

മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം അവരോധിച്ചു കൊണ്ടുള്ള ചിരാഗിന്റെ രംഗപ്രവേശം അടിമുടി മുന്നണിയെ ഉലയ്ക്കുമ്പോഴും ബിജെപി തുടരുന്ന നിശബ്ദത പല വ്യാഖ്യാനങ്ങൾക്കും വഴി തുറക്കുകയും ചെയ്തു. ‘2013 ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചതു മുതൽ ഞാൻ നിതീഷ് കുമാറിനെ തുറന്ന് എതിർക്കുന്നു, ഇനിയും തുടരും’– 37കാരനായ മുൻ സിനിമാതാരമായ ചിരാഗ് പറയുന്നു.

‘എൻഡിഎയുമായി നിതീഷ് തെറ്റിപ്പിരിഞ്ഞപ്പോഴും മോദിക്കൊപ്പം ഉറച്ചു നിൽക്കാനായിരുന്നു ഞങ്ങളു‍ടെ തീരുമാനം. ഇനിയും അത് തുടരും. നിതീഷിനോട് വ്യക്തിവൈരാഗ്യമില്ല പക്ഷേ അദ്ദേഹത്തിന്റെ ശൈലിയോട് നീരസമുണ്ട്. ബിഹാർ സർക്കാരിനു ബിജെപി നേതൃത്വം നൽകണമെന്നാണ് എൽജെപിയുടെ ആവശ്യം. ദേശീയ തലത്തിൽ എൻഡിഎക്കൊപ്പം നിൽക്കും. തീരുമാനം പാർട്ടി ഒരുമിച്ചെടുത്തതാണ്’– ചിരാഗ് പറയുന്നു.

എൽജെപിയുടെ മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ റാംവിലാസ് പസ്വാൻ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ഡൽഹിയിൽ ചികിത്സയിലാണ്. ബിജെപി നേതാക്കളായ അമിത് ഷായും ജെ.പി.നഡ്ഡയും ചിരാഗിനെ വിളിച്ച് പിതാവിനു ക്ഷേമം നേർന്നിരുന്നു. ഈ മാസം 28, നവംബർ 3, 7 തീയതികളിലാണ് തിരഞ്ഞെടുപ്പ്. നവംബർ 10 നു വോട്ടെണ്ണൽ.

English Summary: Alliance With Nitish Kumar Was Compulsion  says Chirag Paswan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com