കെ.വി.തോമസ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റാകും; ഹൈക്കമാന്‍ഡ് തീരുമാനം ഉടൻ

Mail This Article
തിരുവനന്തപുരം∙ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റാകും. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനം ഉടനുണ്ടാകും. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനമില്ലാതെ തുടരുകയായിരുന്നു കെ.വി.തോമസ്.
ഒന്നുകില്‍ എെഎസിസിയില്‍ അര്‍ഹമായ സ്ഥാനം അല്ലെങ്കില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് അതുമല്ലെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍– കഴിഞ്ഞ ലോക്സഭ തിരഞ്ഞടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ കെ.വി. തോമസ് മുന്നോട്ടു വച്ച ആവശ്യം ഇതായിരുന്നു. പുനഃസംഘടന സമയത്ത് എം.െഎ.ഷാനവാസ് മരിച്ച ഒഴിവില്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.വി.തോമസിന്റെ പേര് ഉയര്‍ന്നെങ്കിലും ഇരുഗ്രൂപ്പുകളും അനുകൂലിച്ചില്ല. വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം അദ്ദേഹം നിരസിച്ചു. തുടര്‍ന്ന് അരൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പിന്റ ചാര്‍ജ് ഏറ്റെടുത്ത കെ.വി തോമസ് അവിടെ മികച്ച വിജയം സമ്മാനിച്ചിട്ടും പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനമെന്ന ആവശ്യം നീണ്ടു.
അടുത്തിടെ സെക്രട്ടറി, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു പത്തുപേരുടേയും പട്ടിക നല്‍കിയപ്പോഴും കെ.വി.തോമസിന്റെ കാര്യത്തില്‍ തീരുമാനമായില്ല. ഹൈക്കമാന്‍ഡിനു ഉചിതമായ തീരുമാനമെടുക്കാമെന്നായിരുന്നു കെപിസിസി നേതൃത്വം രേഖപ്പെടുത്തിയത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എം.എം.ഹസന്‍ കൂടി വന്നതോടെ അതൃപ്തി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെയും സോണിയഗാന്ധിയേയും കെ.വി.തോമസ് നേരിട്ട് അറിയിച്ചു.
English Summary: K V Thomas to be KPCC Working President