ഇന്ത്യൻ മഹാസമുദ്രത്തിൽ 120 ഓളം വിദേശ പടക്കപ്പലുകൾ: ബിപിൻ റാവത്ത്
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ മഹാസമുദ്രത്തിൽ 120 ഓളം വിദേശ പടക്കപ്പലുകളുടെ സാന്നിധ്യമുള്ളതായി സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ‘തന്ത്രപ്രധാന സ്ഥാനങ്ങളും താവളങ്ങളും’ ഉറപ്പിക്കാനുള്ള നീക്കങ്ങൾ ഭാവിയിൽ കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്ലോബൽ ഡയലോഗ് സെക്യൂരിറ്റി ഫോറത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിപിൻ റാവത്ത്.
വിവിധ ദൗത്യങ്ങളുടെ പേരിലാണ് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ 120 ലേറെ വിദേശ പടക്കപ്പലുകൾ രംഗത്തുള്ളത്. താരതമ്യേന സമാധാനമായി നിലകൊണ്ട മേഖലയാണ് അധികാരവടംവലികൾക്കു വേദിയാകുന്നത്. തന്ത്രപ്രധാനമായ ഈ മേഖലയിൽ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങൾ വരുംകാലത്ത് കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്ത്രപരമായ ഈ മേഖലയിൽ സ്വാധീനം ഉറപ്പാക്കാനാകുംവിധം പങ്കാളി രാജ്യങ്ങളുമായി നാവികപരിശീലന ഇടപഴകലുകൾ ഉൾപ്പെടെ മെച്ചപ്പെട്ട ഉഭയകക്ഷി, ബഹുമുഖ സംവിധാനങ്ങൾ ഇന്ത്യ കെട്ടിപ്പെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ സാമ്പത്തിക, സൈനിക മുന്നേറ്റവും ഇന്ത്യൻ മഹാസമുദ്രമേഖലയിൽ സ്വാധീനം ശക്തമാക്കാനുള്ള നീക്കവുമാണ് മേഖലയിൽ പുതിയ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്. മേഖലയിൽ സമാധാനമുറപ്പിക്കുന്നതിന് മികച്ച സാങ്കേതികവിനിമയ സാധ്യതകൾ പരിഗണിക്കേണ്ടതുണ്ടെന്നും ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു.
English Summary: Race for strategic places, bases in Indian Ocean region: CDS Gen Bipin Rawat