ADVERTISEMENT

കൊല്‍ക്കത്ത∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ ചുവടുറപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. കഴിഞ്ഞ ദിവസം ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ ഒവൈസി ഫുര്‍ഫുറ ഷെരീഫിലെത്തി അബ്ബാസ് സിദ്ദിഖിയെന്ന പുരോഹിതനുമായി കൂടിക്കാഴ്ച നടത്തി.

ബംഗാളില്‍ തന്റെ പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ മുഖമായി പ്രവര്‍ത്തിക്കണമെന്ന് അബ്ബാസ് സിദ്ദിഖിയോട് ഒവൈസി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിമര്‍ശകനായ അബ്ബാസിനെ ഒപ്പം നിര്‍ത്തുകയാണ് ഒവൈസിയുടെ ലക്ഷ്യം. സംസ്ഥാനത്തെ മുസ്‌ലിം സമൂഹത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ചൂഷണം ചെയ്യുകയാണെന്ന് അബ്ബാസ് സിദ്ദിഖി വിമര്‍ശിച്ചിരുന്നു. 

പ്രമുഖ മുസ്‌ലിം തീര്‍ഥാടന കേന്ദ്രമായ ഫുര്‍ഫുറ ഷെരീഫിലെ പ്രധാന പുരോഹിതനായ തോഹ സിദ്ദിഖിയുടെ അനന്തരവനവാണ് അബ്ബാസ് സിദ്ദിഖി. തൃണമൂലിനെ പിന്തുണയ്ക്കുന്ന തോഹയുമായി ഒവൈസി കൂടിക്കാഴ്ച നടത്തിയില്ല. ഹൂഗ്ലിയിലും സമീപ ജില്ലകളിലും വോട്ട് സമാഹരിക്കാന്‍ മുപ്പതുകാരനായ അബ്ബാസ് സിദ്ദിഖിക്കു കഴിയുമെന്ന കണക്കുകൂട്ടലിലാണ് ഒവൈസി. 

ബംഗാളിലെ മുസ്‌ലിംകള്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെ വോട്ട് ചെയ്യുമെന്ന തോഹ സിദ്ദിഖി പറഞ്ഞിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ പ്രതിപക്ഷ കക്ഷികളാണ് ഒവൈസിയെ കളത്തിലിറക്കിയിരിക്കുന്നതെന്നു തൃണമൂല്‍ ആരോപിക്കുന്നു. ഹൈദരാബാദില്‍നിന്ന് ബിജെപി ഒരു പാര്‍ട്ടിയെ കൊണ്ടുവന്നിരിക്കുകയാണെന്നു മമതാ ബാനര്‍ജി പറഞ്ഞു. ഈ പാര്‍ട്ടി ബിജെപിയുടെ കൈയില്‍നിന്നു പണം സ്വീകരിക്കുന്നുണ്ട്. തീവ്രനിലപാടുകള്‍ പറഞ്ഞ് മുസ്‌ലിം വോട്ട് നേടാനും ഹിന്ദുക്കളെ ഒന്നാകെ ബിജെപിക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും മമത കുറ്റപ്പെടുത്തി. 

അസാസുദ്ദീൻ ഒവൈസി (Photo by Prakash SINGH / AFP)
അസദുദ്ദീൻ ഒവൈസി

അതേസമയം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി 18 സീറ്റുകള്‍ നേടിയതിന് ഉത്തരവാദിത്തം ആര്‍ക്കാണെന്ന് ഒവൈസി ചോദിച്ചു. സമൂഹത്തില്‍ സ്വാധീനം നഷ്ടപ്പെടുന്നതിന്റെ അസ്വസ്ഥതയാണ് മമതയ്‌ക്കെന്നും ഒവൈസി പറഞ്ഞു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അബ്ബാസ് സിദ്ദിഖിയെ എല്ലാ കാര്യത്തിലും പിന്തുണയ്ക്കുമെന്നും ഒവൈസി വ്യക്തമാക്കി. ഒരുമിച്ചു മുന്നോട്ടുനീങ്ങും. എത്ര സീറ്റില്‍ മത്സരിക്കുമെന്ന് വരും മാസങ്ങളില്‍ തീരുമാനിക്കുമെന്നും ഒവൈസി പറഞ്ഞു. ഒരു പാര്‍ട്ടിയുമായും കൂട്ടുകെട്ടിനില്ലെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ 'ലൈല'യാണു താനെന്നും ഒരുപാട് 'മജ്‌നു'മാര്‍ കാത്തിരിക്കുന്നുണ്ടെന്നും ഒവൈസി പറഞ്ഞു. 

എന്നാല്‍ തങ്ങളുടെ വോട്ട് ബാങ്കുകളില്‍ വിള്ളില്‍ വീഴ്ത്താന്‍ ഒവൈസിക്കു കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. എല്ലാ വിഭാഗത്തിന്റെയും പിന്തുണ മമതയ്ക്കുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഒവൈസിയുടെ വരവില്‍ മമതയുടെ മുസ്‌ലിം വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമെന്ന പ്രതീക്ഷയിലാണു ബിജെപി. സംസ്ഥാനത്ത് 30% മുസ്‌ലിം വോട്ടാണുള്ളത്. അവര്‍ കൂട്ടത്തോടെ വോട്ട് ചെയ്യുന്നതാണ് മമതയെ അജയ്യയാക്കുന്നതെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മമതയുടെ മുസ്‌ലിം പ്രീണനം ആരോപിച്ചാണ് ബിജെപി ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നത്. ഒവൈസിയുടെ സാന്നിധ്യവും തങ്ങള്‍ക്ക് അനുകൂലമാകുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു.

English Summary: Asaduddin Owaisi Meets Popular Muslim Cleric, Says Will Fight Bengal Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com