ADVERTISEMENT

കൊച്ചി∙ മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിനു മുമ്പ് വൈറ്റില മേല്‍പാലം തുറന്നു നല്‍കിയെന്നാരോപിച്ച് വിഫോര്‍ കേരള പ്രവര്‍ത്തകര്‍ക്കെതിരെ അര്‍ധരാത്രിയില്‍ വീണ്ടും പൊലീസിന്റെ അറസ്റ്റ് നടപടി. കൊച്ചി സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ഷക്കീര്‍ അലി, പ്രവര്‍ത്തകരായ ആന്റണി ആല്‍വിന്‍, സാജന്‍ എന്നിവരെയാണ് ഇന്നു പുലര്‍ച്ചെ പനങ്ങാട് സി.ഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടില്‍ കയറി അറസ്റ്റു ചെയ്തത്.

ഇന്നു പുലര്‍ച്ചെ മൂന്നുമണിക്ക് മട്ടാഞ്ചേരിയിലുള്ള ഷക്കീര്‍ അലിയുടെ വീട്ടിലെത്തി ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയായിരുന്നു പൊലീസ് നടപടി. രാത്രി ഒന്നരയോടെയാണ് സാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 31ന് പാലം തുറന്നു നല്‍കുന്നതിനായി വൈറ്റില പാലത്തിനു സമീപം സംഘടിച്ച നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ നോക്കിയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നതെന്ന് വിഫോര്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 

അതേ സമയം കഴിഞ്ഞ ദിവസം അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ ഇന്നു രാവിലെ 11 മണിയോടെ മജിസ്‌ട്രേറ്റ് കോടതി ഓണ്‍ലൈനില്‍ പരിഗണിക്കും. കഴിഞ്ഞ ദിവസം ഇവരെ കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും പൊതുമുതല്‍ നശിപ്പിച്ചെന്ന പരാതിയില്‍ മഹസര്‍ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇവരെ റിമാന്‍ഡ് ചെയ്യണമെന്നാണ് പൊലീസ് ആവശ്യം. ഇന്നു പുലര്‍ച്ചെ അറസ്റ്റു ചെയ്തവരെ ഉച്ചയ്ക്കു ശേഷം ഇതേ കോടതിയില്‍ തന്നെ ഹാജരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com