ADVERTISEMENT

പത്തനാപുരം∙ പിന്നണി ഗായികയും നാടക, ചലച്ചിത്ര നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന പാലാ തങ്കം (84) അന്തരിച്ചു. ഏറെ നാളുകളായി പത്തനാപുരം ഗാന്ധിഭവനില്‍ പാലിയേറ്റീവ് കെയര്‍ വിഭാഗത്തിൽ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 7.35നാണ് അന്ത്യം.

കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ശരത്ചന്ദ്രഭവനില്‍ കുഞ്ഞുക്കുട്ടന്‍-ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി 1941 ഫെബ്രുവരി 26ന് ജനിച്ച രാധാമണി പില്‍ക്കാലത്ത് പാലാ തങ്കം എന്ന പേരില്‍ കലാരംഗത്ത് അറിയപ്പെടുകയായിരുന്നു. ഏഴാംതരം വരെ മാത്രം പഠിച്ചിട്ടുള്ള തങ്കം, ജോണ്‍ ഭാഗവതര്‍, രാജഗോപാലന്‍ ഭാഗവതര്‍, വിജയന്‍ ഭാഗവതര്‍ എന്നിവരുടെ ശിക്ഷണത്തില്‍ പത്തു വയസ്സുള്ളപ്പോള്‍ മുതല്‍ സംഗീതപഠനത്തില്‍ ശ്രദ്ധയൂന്നി. തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ എല്‍.പി.ആര്‍. വര്‍മ്മയുടെ ശിക്ഷണത്തില്‍ സംഗീതപഠനം നടത്തി.

15-ാമത്തെ വയസ്സില്‍ ആലുവ അജന്ത സ്റ്റുഡിയോ ഉടമ ആലപ്പി വിന്‍സെന്റിന്റെ ‘കെടാവിളക്ക്’ എന്ന ചിത്രത്തില്‍ ‘‘താരകമലരുകള്‍ വാടി, താഴത്തുനിഴലുകള്‍ മൂടി...’’ എന്ന ഗാനം പാടി മലയാള സിനിമാരംഗത്തേക്കു കടന്നു. ചെന്നൈയിലായിരുന്നു  റെക്കോര്‍ഡിങ്. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്കും നാടകങ്ങള്‍ക്കും പാടി. പാലായിലെ പള്ളികളിലേയും ക്ഷേത്രങ്ങളിലേയും ഏകാംഗനാടകങ്ങളിലൂടെയായിരുന്നു നാടകരംഗത്തേക്കുള്ള കടന്നുവരവ്. നാടകങ്ങള്‍ക്ക് പ്രധാന കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് തങ്കമായിരുന്നു. 

എന്‍.എന്‍. പിള്ളയുടെ ‘മൗലികാവകാശം’ എന്ന നാടകത്തില്‍ എന്‍.എന്‍. പിള്ളയുടെയും കല്യാണിക്കുട്ടിയുടെയും മകളായി അഭിനയിച്ചാണ് പ്രഫഷനല്‍ നാടകരംഗത്തേക്ക് കടന്നുവന്നത്. വിശ്വകേരള കലാസമിതി, ചങ്ങനാശ്ശേരി ഗീഥ, പൊന്‍കുന്നം വര്‍ക്കിയുടെ കേരള തിയറ്റേഴ്‌സ് എന്നിവിടങ്ങളിലും തുടര്‍ന്ന് കെപിഎസിയിലും എത്തി. കെപിഎസിയില്‍ അഭിനയിച്ച ആദ്യനാടകം ‘ശരശയ്യ’യാണ്. കെ.പി. ഉമ്മര്‍, സുലോചന, അടൂര്‍ ഭവാനി, കൃഷ്ണപിള്ള എന്നിവരോടൊപ്പവും കെപിഎസിയുടെ പഴയ നാടകങ്ങളില്‍ കെ.എസ്. ജോര്‍ജ്ജിനോടൊപ്പവും അഭിനയിച്ചിട്ടുണ്ട്.

‘അന്വേഷണം’ എന്ന സിനിമക്കു വേണ്ടി എസ്. ജാനകിക്കൊപ്പം പാടി. സിനിമ അഭിനയത്തിലേക്കുള്ള ആദ്യ കാല്‍വെയ്പ്പ് ‘കെടാവിളക്കി’ലായിരുന്നു. ഈ സിനിമയിലെ വിളക്കുകത്തിക്കുന്ന സീനില്‍ തിരി തെളിച്ചുകൊണ്ടായിരുന്നു തങ്കത്തിന്റെ പ്രവേശം. വാസു സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം.  ഉദയ സ്റ്റുഡിയോയില്‍ ‘റബേക്ക’യില്‍ അഭിനയിക്കുന്നതിനൊപ്പം ഇതേ ചിത്രത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായി. ബി.എസ്. സരോജക്കും ഗ്രേസിക്കുമാണ് ശബ്ദം നല്‍കിയത്.  ആലപ്പി വിന്‍സെന്റ് പടങ്ങളിലും ഭാസ്‌കരന്‍ മാസ്റ്ററുടെ ‘തുറക്കാത്ത വാതിലിലും’ അഭിനയിച്ചു. 

ശാരദ, സത്യന്‍, രാഗിണി തുടങ്ങിയവരുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ശശികുമാറിന്റെ ‘ബോബനും മോളി’ക്കുമായി ബേബി സുമതിക്കും മാസ്റ്റര്‍ ശേഖറിനും ശബ്ദം നല്‍കിയതും പാലാ തങ്കമാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ചിത്രങ്ങളും ഇതില്‍പ്പെടും.  തങ്കത്തിന്റെ  ഭര്‍ത്താവ് കേരള പൊലീസില്‍ എസ്ഐ ആയിരുന്ന ശ്രീധരന്‍ തമ്പി 25 വര്‍ഷം മുൻപു മരിച്ചു. മൂന്നു മക്കള്‍. മകള്‍ പരേതയായ അമ്പിളി ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ്. ഗാന്ധിഭവനിലെ സ്ഥിരം സന്ദര്‍ശകയായ കെപിഎസി ലളിതയുടെ ശുപാര്‍ശ പ്രകാരമാണ് 2013 സെപ്റ്റംബര്‍ അഞ്ചിന് തങ്കം ഗാന്ധിഭവനില്‍ എത്തിയത്. 

ചില സീരിയുകളിലും വേഷമിട്ടിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി 2018 ൽ ഗുരുപൂജാ പുരസ്‌കാരം നൽകി ആദരിച്ചു. അക്കാദമി പ്രതിനിധികൾ ഗാന്ധിഭവനിലെത്തിയാണ് തങ്കത്തിന് പുരസ്‌കാരം സമ്മാനിച്ചത്.

English Summary: Pala Thangam Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com