ADVERTISEMENT

കൊൽക്കത്ത∙ ബിജെപി കൊറോണ വൈറസിനേക്കാളും അപകടകാരിയാണെന്ന തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാന്റെ പരാമർശം വിവാദത്തിൽ. രക്തദാനച്ചടങ്ങിൽ സംസാരിക്കുമ്പോഴുള്ള നുസ്രത്ത് ജഹാന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി.

നിങ്ങളുടെ കാതുകളും കണ്ണുകളും തുറന്നുവയ്ക്കണം. കാരണം നിങ്ങൾക്ക് ചുറ്റുമുള്ള ചിലർ കൊറോണയേക്കാളും അപകടകാരികളാണ്. എന്താണ് കൊറോണയേക്കാളും അപകടകരമെന്ന് നിങ്ങൾക്ക് അറിയാമോ? അത് ബിജെപിയാണ്. കാരണം അവര്‍ക്ക് നമ്മുടെ സംസ്കാരമെന്താണെന്ന് അറിയില്ല. മനുഷ്യത്വം അവർക്ക് മനസിലാകില്ല. നമ്മുടെ കഷ്ടപ്പാടിന്റെ മഹത്വം അവർക്ക് മനസിലാക്കില്ല. ബിസിനസ് മാത്രമാണ് അവർക്ക് അറിയാവുന്നത്. അവരുടെ കയ്യിൽ ഒരുപാട് പണമുണ്ട്. അതെല്ലായിടത്തും പടർത്തുകയാണവർ. മതത്തിന്റെ പേരില്‍ ജനങ്ങളെ പരസ്പരം ഏറ്റുമുട്ടിച്ച് കലാപമുണ്ടാക്കുകയാണവരെന്നും നുസ്രത്ത് ജഹാൻ ബാഷിർഹത് മണ്ഡലത്തിൽ നടന്ന പരിപാടിയിൽ പറഞ്ഞു.

നുസ്രത്തിന്റെ പരാമർശത്തിനു പിന്നാലെ ബിജെപിയുടെ സമൂഹമാധ്യമ തലവനും ബംഗാൾ തിരഞ്ഞെടുപ്പ് കോ–കൺവീനറുമായ അമിത് മാളവ്യ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രംഗത്തെത്തി. പ്രീണനരാഷ്ട്രീയമാണ് അവർ നടത്തുന്നതെന്ന് മാളവ്യ ആരോപിച്ചു. പശ്ചിമ ബംഗാളിൽ മോശം തരത്തിലുള്ള വാക്സീൻ രാഷ്ട്രീയമാണ് നടക്കുന്നത്. ആദ്യം, മന്ത്രിയായ സിദ്ദിഖുല്ല ചൗധരി വാക്സീനുമായെത്തിയ ട്രക്കുകൾ തടഞ്ഞു. ഇപ്പോൾ മുസ്‌ലിം ഭൂരിപക്ഷമുള്ള ദെഗാങ്ഗയിൽ പ്രചാരണം നടത്തുന്ന ഒരു തൃണമൂൽ എംപി ബിജെപിയെ കൊറോണയുമായി ബന്ധിപ്പിക്കുകയാണ്. എന്നിട്ടും മമത മൗനത്തിലാണ്. എന്തുകൊണ്ട്? പ്രീണനമാണോ? – മാളവ്യ ട്വിറ്ററിൽ കുറിക്കുന്നു.

കൊൽക്കത്തയിൽ നിന്ന് ബങ്കുരയിലേക്ക് വാക്സിൻ എത്തിക്കുന്ന ആരോഗ്യവകുപ്പ് വാൻ ബുധനാഴ്ച ബർദ്വാനിൽ  ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ സംഭവത്തെ പരാമർശിക്കുകയായിരുന്നു മാളവ്യ. ബംഗാൾ മന്ത്രി സിദ്ദിഖുള്ള ചൗധരിയുടെ നേതൃത്വത്തിൽ ഉപരോധം ഉണ്ടായതായാണ് റിപ്പോർട്ട്. ജാം മറികടക്കാൻ പൊലീസിന് മറ്റൊരു വഴിയിലൂടെ വാൻ കൊണ്ടു പോകേണ്ടിവന്നു.

അതേസമയം, തന്റെ ദേശീയപാത പ്രതിഷേധം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നുവെന്നും അത് പൊലീസിനെ അറിയിച്ചിരുന്നുവെന്നും ചൗധരി പറഞ്ഞു. റൂട്ടിൽ വാക്സീനുകൾ അടങ്ങിയ വാൻ എത്തുന്നതായി ആരും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

English Summary: Trinamool's Nusrat Jahan's "More Dangerous Than Corona" Remark Angers BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com