സ്പ്രിൻക്ലറിൽ കേരള സർക്കാരിന് ഒളിച്ചുകളി; ജനത്തെ വഞ്ചിച്ചു: ഡോ. എസ്.എസ്.ലാൽ

Mail This Article
തിരുവനന്തപുരം ∙ സ്പ്രിൻക്ലർ വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളെ വഞ്ചിച്ചതായി ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് (എഐപിസി) പ്രസിഡന്റ് ഡോ. എസ്.എസ്.ലാൽ. സ്പ്രിൻക്ലർ കരാർ സംബന്ധിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് സർക്കാരിന്റെ ഗുരുതരമായ ക്രമക്കേടുകളും വഞ്ചനകളുമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
കോവിഡ് പ്രതിരോധത്തിന്റെ പേരിൽ പൗരൻമാരുടെ ആരോഗ്യ വിവരങ്ങളുടെ നിയന്ത്രണം ബഹുരാഷ്ട്ര കമ്പനിക്കു കൈമാറിയെന്നു സർക്കാർ നിയോഗിച്ച അന്വേഷണ സമിതിതന്നെ കണ്ടെത്തിയിരിക്കുകയാണ്. വ്യക്തിഗത വിവരങ്ങൾക്കു പരിഷ്കൃത ലോകം ഏറെ മൂല്യം കൽപിക്കുന്നുണ്ട്. പ്രത്യേകിച്ചും പൗരൻമാരുടെ ആരോഗ്യ വിവരങ്ങൾക്ക്.
സ്പ്രിൻക്ലർ കരാറിലൂടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരങ്ങൾ ആഗോള മരുന്നു നിർമാണ കമ്പനികൾക്കുൾപ്പെടെ ചോരുമെന്ന ആരോപണം ഉയർന്നപ്പോഴും ‘ഡേറ്റ ചോർച്ച’ എന്ന പ്രയോഗത്തെ പരിഹാസത്തോടെയാണ് ഇടതു ബുദ്ധിജീവികൾ പോലും സമീപിച്ചതെന്നും ലാൽ പറഞ്ഞു.
∙ ആരോഗ്യ വിവരങ്ങൾ ചോർത്തുന്നത് എന്തിന്?
ഒരു രാജ്യത്തെ അല്ലെങ്കിൽ ഒരു സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ ആഗോള ഔഷധ- ഇൻഷുറൻസ് കമ്പനികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഒരു നാട്ടിലെ ജനങ്ങൾക്കുള്ള രോഗം, നിലവിലെ ചികിത്സകൾ എന്നിവ മനസ്സിലാക്കിയാൽ അതിനനുസരിച്ചുള്ള മരുന്നുകൾ മാർക്കറ്റ് ചെയ്യാൻ കമ്പനികൾക്ക് എളുപ്പത്തിൽ സാധിക്കും. ഉപയോക്താക്കൾ പരസ്യമാക്കാൻ ആഗ്രഹിക്കാത്ത അസുഖ സംബന്ധമായ വിവരങ്ങൾ കമ്പനികൾക്കു ലഭിക്കും.
∙ കരാർ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും അറിയാതെ
സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയെപ്പറ്റിയുള്ള വാഴ്ത്തുപാട്ടുകൾ തെറ്റാണെന്നു വ്യക്തമാക്കുന്നതാണ് സമിതിയുടെ റിപ്പോർട്ട്. മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ആരോഗ്യ സെക്രട്ടറിയോ അറിയാതെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സംസ്ഥാന ഐടി സെക്രട്ടറിയുമായിരുന്നയാൾ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാൻ വിദേശ കമ്പനിക്കു കരാർ നൽകിയെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്.
സ്പ്രിൻക്ലർ കമ്പനിയുടെ ബിഗ് ഡേറ്റ വിശകലന സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ മാത്രമേ കോവിഡിനെ നിയന്ത്രിക്കാൻ കഴിയൂ എന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ആരോഗ്യ വകുപ്പുമായി പോലും ഐടി വകുപ്പ് കൂടിയാലോചന നടത്തിയിട്ടില്ലെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ മൊഴിയായി അന്വേഷണ സമിതി റിപ്പോർട്ടിൽ എഴുതിച്ചേർത്തിരിക്കുന്നത്.
മുഖ്യമന്ത്രി പോലും അറിയാതെ കരാര്‍ ഒപ്പിട്ടതു സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമാണെന്നും സമിതി രേഖപ്പെടുത്തിയിട്ടുണ്ട്.
∙ സർക്കാരിന്റെ ഒളിച്ചുകളി
ദുരൂഹമായ കാരാർ ഉണ്ടാക്കിയതിനു പിന്നാലെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാൻ തയാറാകാതിരുന്നതും ഗൗരവമുള്ളതാണ്. ഇപ്പോൾ വിവരാവകാശ നിയമപ്രകാരമാണ് റിപ്പോര്‍ട്ട് ജനങ്ങൾക്കു മുന്നിലെത്തിയെന്നതും കോവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ ഒളിച്ചുകളി വ്യക്തമാക്കുന്നു.
കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളുടെ മെച്ചവും കോവിഡ് പ്രതിരോധത്തിൽ ജനങ്ങൾ നൽകിയ സമ്പൂർണ പിന്തുണയും നിഷ്പ്രഭമാക്കിയത് സർക്കാരിന്റെ തെറ്റായ നടപടികളാണ്. ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടതു സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പരാജയമാണ്.
English Summary: Dr SS Lal on sprinkler agreement