ദീദിയെ പറത്തുമോ ദാദ? ഉറ്റുനോക്കി ബംഗാളും ഇന്ത്യയും
Mail This Article
ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി സ്പിന്നർമാരെ തൂക്കിയടിക്കുന്ന പതിവുണ്ടായിരുന്നു സൗരവ് ഗാംഗുലിക്ക്. പല ലോകോത്തര സ്പിന്നർമാരും എറിഞ്ഞ പന്തുകൾ സ്റ്റേഡിയത്തിനു വെളിയിൽനിന്നാണു പിന്നീടു കിട്ടിയിരുന്നത്. അതുപോലെ രാഷ്ട്രീയത്തിലേക്ക് അവസാന നിമിഷം ദാദ ചാടിയിറങ്ങുമോ എന്നാണ് ബംഗാളും ഇന്ത്യയും ഉറ്റുനോക്കുന്നത്.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പമുള്ള കരുത്തരിൽ ചിലരെ ചുവടോടെ പിഴുതെടുത്തു കഴിഞ്ഞ ബിജെപിക്ക് ഇനി വേണ്ടത് ഒരു കപ്പിത്താനെയാണ്. ബംഗാളി ഭദ്രലോകിനെ പാട്ടിലാക്കി വോട്ടു വീഴ്ത്താൻ പോന്നൊരാൾ. അമരത്ത് അടിപതറാതെ നിൽക്കാൻ കരുത്തുള്ളൊരാൾ. മമതയെന്ന വൻമരത്തെ വീഴ്ത്താൻ അതുപോലൊരാൾ വേണം.
റബർ ചെരിപ്പിടുന്ന, കൈത്തറി സാരിയുടുക്കുന്ന ദീദിയെ ഇഷ്ടമാണെങ്കിലും കുലീനതയോടുള്ള ബംഗാളിഭ്രമം കണക്കിലെടുക്കുമ്പോൾ ബിജെപിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച മുഖ്യമന്ത്രി സ്ഥാനാർഥിയാണ് സൗരവ്. ബിജെപിക്ക് അതിൽ സംശയമൊന്നുമില്ല. എന്നാൽ ദാദ ഇനിയും മനസ്സു തുറന്നിട്ടില്ല. ക്രിക്കറ്റിൽനിന്നു വിരമിച്ചു വർഷങ്ങളായിട്ടും ദാദയോടുള്ള ആരാധനയ്ക്കു കുറവില്ല.
തട്ടുകടയിൽനിന്ന് ആഹാരം കഴിക്കാൻ തെരുവിലേക്ക് ഒന്നിറങ്ങിയാൽ മതി ഗതാഗതം നിലയ്ക്കാനും ആർത്തുവിളിക്കുന്ന ജനക്കൂട്ടം ചുറ്റിനുമുണ്ടാകാനും. കൊൽക്കത്തയുടെ രാജകുമാരൻ ബംഗാളിന്റെ രാജാവാകാനുള്ള പോരിനിറങ്ങുമോ എന്നതിൽ രാഷ്ട്രീയനേതാക്കളിൽതന്നെ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. അത്തരമൊരു രാഷ്ട്രീയ ചൂതാട്ടത്തിലൂടെ സ്വന്തം ഇമേജ് പ്രതിസന്ധിയിലാക്കാൻ ദാദ ഒരുമ്പെടില്ലെന്നു കരുതുന്നവർ ഏറെയാണ്.
രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ അതിർവരമ്പുകളില്ലാതെ ആരാധകരുള്ള ഒരാൾ ഒരു പാർട്ടിയുടെ സ്വന്തമാകാൻ നിൽക്കുമോ എന്നതാണു ചോദ്യം. ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശന വാർത്തകളും ബിജെപി അദ്ദേഹത്തോട് അടുപ്പം കാട്ടുന്നതും അറിഞ്ഞിട്ടും മമത ഒരു വാക്കുകൊണ്ടു പോലും കുത്താൻ നോക്കിയിട്ടില്ലെന്നതു ശ്രദ്ധേയമാണ്. ദീദിയുമായി സൗരവിനുള്ളത് അടുത്ത ബന്ധമാണ്.
ഹൃദയാഘാതത്തെ തുടർന്ന് ചികിൽസയിലിരിക്കുമ്പോൾ ഗാംഗുലിക്ക് അരികിലേക്ക് ആദ്യ അവസരത്തിൽതന്നെ എത്തിയൊരാൾ മമതയായിരുന്നു. ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പട്ടപ്പോൾ ആദ്യം അഭിനന്ദിച്ചവരിൽ ഒരാളും ദീദിയായിരുന്നു. ആ വ്യക്തി ബന്ധം ബിജെപിക്കൊപ്പം നിൽക്കുന്നതിൽനിന്ന് ഗാംഗുലിയെ പിന്നോട്ടുവലിക്കുമെന്നു പറയുന്നവരുണ്ട്. എന്നാൽ ഒരുകാലത്ത് മമതയുടെ ഇടംകയ്യും വലംകയ്യുമായിരുന്ന മുകുൾ റോയിയും സുവേന്ദു അധികാരിയും ഇന്ന് ആരോടൊപ്പമാണ് എന്ന ചോദ്യവും ചിലർ ഉയർത്തുന്നു.
ആദ്യം ബിജെപി അടർത്തിയെടുത്തത് മുകുളിനെയായിരുന്നു. മമതയുടെ അഭീഷ്ടമനുസരിച്ച് തൃണമൂൽ രാഷ്ട്രീയത്തെ ഉള്ളംകയ്യിൽ കൊണ്ടുനടന്ന അദ്ദേഹം ബിജെപിയിലെത്തിയത് 2017ലായിരുന്നു. മമതയ്ക്കു ബംഗാളിന്റെ മുഖ്യമന്ത്രിക്കസേര സമ്മാനിച്ച നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ നായകനായിരുന്ന സുവേന്ദുവും ബിജെപിക്കൊപ്പമാണ്. ഇത്തവണ താൻ നന്ദിഗ്രാമിലായിരിക്കും മൽസരിക്കുകയെന്ന പ്രഖ്യാപനത്തിലൂടെ മമത താൻ പിന്നോട്ടില്ലെന്നു തെളിയിക്കുകയും ചെയ്തു.
ഏഴു നിയമസഭാ മണ്ഡലങ്ങളിൽ ഉറപ്പായും ഫലം നിർണയിക്കാൻ ശേഷിയുള്ള ആളാണ് സുവേന്ദുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നാൽപ്പതിലേറെ മണ്ഡലങ്ങളിൽ വിധി നിർണായക ശക്തിയാകാനും അദ്ദേഹത്തിനാകും. മമതയ്ക്കെതിരെ നിർത്താനുള്ള വ്യക്തിപ്രഭാവം ബംഗാൾ മുഴുവനെടുക്കുമ്പോൾ മുകുളിനോ സുവേന്ദുവിനോ ഇല്ലെന്നതാണ് ബിജെപിയെ അലട്ടുന്നത്. സൗരവ് എത്തിയാൽ അക്കാര്യത്തിൽ പേടിക്കാനില്ല.
സൗരവിൽനിന്ന് ഏതു വിധേനെയും സമ്മതം വാങ്ങാനുള്ള നീക്കങ്ങൾ അണിയറയിൽ ശക്തമാണ്. ബിജെപിയുടെ കടുത്ത സമ്മർദത്തെ തുടർന്നാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതെന്നു വരെ എതിരാളികൾ ആരോപിക്കുന്ന സ്ഥിതിയുണ്ടായി. തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾ മാത്രം അകലെ നിൽക്കെ അനാരോഗ്യം ചൂണ്ടിക്കാട്ടി രാഷ്ട്രീയ പ്രവേശനത്തിനുള്ള സമ്മർദത്തിൽനിന്ന് സൗരവ് ഒഴിവാകുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ ഇതു സൗരവ് ഗാംഗുലിയാണെന്നതും ബിജെപിയാണെന്നതും എല്ലാ പ്രവചനങ്ങളെയും കാറ്റിൽപ്പറത്തുന്നു.
തൃണമൂലിന്റെ സ്ഥിരം വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താൻ ദാദയ്ക്കാകുമോ എന്നാണ് ബംഗാളിലെ രാഷ്ട്രീയലോകം കണക്കുകൂട്ടുന്നത്. ഇടതുവോട്ടുകൾ നന്നായി സമാഹരിക്കാൻ അദ്ദേഹത്തിനാകും എന്നുറപ്പ്. മമതയെ പേടിച്ച് ഇടറി നിൽക്കുന്ന ഇടതുപക്ഷ, കോൺഗ്രസ് അനുഭാവികൾ സൗരവിൽ തങ്ങളുടെ രക്ഷാപുരുഷനെ കണ്ടേക്കാം. യുവാക്കളെ ആകർഷിക്കാനും സൗരവിന്റെ താരപ്രഭയ്ക്കാകും.
അതുപോലെ ചാഞ്ചാടി നിൽക്കുന്ന നിഷ്പക്ഷ വോട്ടുകളെ ഒരുപരിധിയോളം അനുകൂലമാക്കാനും കഴിഞ്ഞേക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. വ്യക്തിപ്രഭാവം കൊണ്ട് മമതയെ വീഴ്ത്താൻ ബംഗാളിൽ ഒരാൾക്ക് ആകുമെങ്കിൽ ഇന്ന് അതു സൗരവ് മാത്രമാണ്. കൊൽക്കത്തയുടെ രാജകുമാരൻ ബംഗാളിന്റെ രാജാവാകാൻ അവസാനനിമിഷം സ്റ്റെപ്പൗട്ട് ചെയ്ത് ഇറങ്ങുമോ? എതിരെ നിൽക്കുന്നതു രാഷ്ട്രീയ സൗമനസ്യം ശീലമാക്കിയ സ്പിന്നർമാരല്ല. നെഞ്ചുറപ്പു കൊണ്ടും ചിലപ്പോഴൊക്കെ കയ്യൂക്കു കൊണ്ടും ഇടതുപക്ഷത്തെ നിലംപരിശാക്കിയ ദീദിയാണ്.
തീതുപ്പുന്ന ബോഡിലൈൻ ബോളിങ്ങാണ് രാഷ്ട്രീയ എതിരാളികൾക്കു നേരെ ദീദി പുറത്തെടുക്കാറുള്ളത്. തന്റെ ക്രിക്കറ്റ് ദിനങ്ങളിൽ പേസിനെ നേരിടുന്നതിൽ അത്ര മികവു കാട്ടിയിരുന്നില്ല സൗരവ്. മൂളിയെത്തുന്ന ബൗൺസറുകളിൽനിന്ന് ഒഴിവാകാനായിരുന്നു പലപ്പോഴും ശ്രമിച്ചത്. എന്നാൽ അപൂർവം ചിലപ്പോൾ അത്തരം ബൗൺസറുകളെ ഹുക്ക് ചെയ്തു ഗ്യാലറിയിൽ എത്തിച്ചിട്ടുമുണ്ട്, ‘താൻ നേരിട്ട ഏറ്റവും നിർഭയനായ ക്രിക്കറ്റർ’ എന്നു ഷോയിബ് അക്തർ വിശേഷിപ്പിച്ച സൗരവ് ഗാംഗുലി. ദീദിക്കായി ദാദ കരുതിവച്ചിട്ടുള്ളത് ഏതു ഷോട്ടാകും?
English Summary: Will Bengal witness Mamata Didi vs Sourav Dada contest?