ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് വീണ്ടും കോവിഡ് നിരക്ക് കുതിച്ചുയരുന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതൽ കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12. 48 ആണ്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 12 ലേറെ പേർക്ക് കോവിഡ് സ്‌ഥിരീകരിക്കുന്നു. ഒന്നരമാസത്തിനു ശേഷമാണ് ടിപിആർ 12 നു മുകളിലെത്തുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ടിപിആർ 10.5 ആണ്. ദേശീയ ശരാശരി രണ്ടിൽ താഴെ മാത്രം. മറ്റു ദക്ഷിണേന്തേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ പത്തിരട്ടിയാണ് കേരളത്തിലെ കണക്കുകൾ.

72,891 പേർ  ചികിത്സയിലുണ്ട്. ഒന്നര മാസത്തിലേറെയായി ദിവസവും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണവും, കോവിഡ് ബാധിതരായി ചികിൽസയിലുള്ളവരുടെ എണ്ണവും രാജ്യത്ത് കേരളത്തിലാണ്  കൂടുതൽ. എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.  പ്രതിദിന രോഗികളുടെ എണ്ണം പല ദിവസങ്ങളിലും ആയിരം കടന്നു. കോഴിക്കോട്, പത്തനംതിട്ട, കൊല്ലം,  കോട്ടയം, തൃശൂർ ജില്ലകളിലും നിരക്കുയരുന്നു. മരണം 3607 ആയി.  

മരണ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിടിച്ചു നിർത്താനായി എന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. എന്നാൽ മറ്റ് രോഗങ്ങളുണ്ടായിരുന്ന കോവിഡ് ബാധിതരുടെ മരണം കണക്കിൽ പെടുത്താത്തതാണ് മരണനിരക്ക് കുറഞ്ഞിരിക്കാൻ കാരണമെന്നും ആക്ഷേപമുണ്ട്. രോഗവ്യാപനം രൂക്ഷമാകുമ്പോഴും സർവ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞ അവസ്ഥ .ജനങ്ങൾക്കും കോവിഡെല്ലാം മാറിയെന്ന തോന്നൽ. ആദ്യ ഘട്ടങ്ങളിൽ കേരളത്തിന്റെ വിജയ മോഡലായിരുന്ന സമ്പർക്ക പട്ടിക തയാറാക്കലും ക്വാറന്റീൻ ഉറപ്പു വരുത്തലുമെല്ലാം പഴങ്കഥ .

എത്ര പേർക്ക് രോഗം വന്നു പോയി എന്നു കണ്ടെത്താനുള്ള സിറോ സർവേയും പ്രഖ്യാപനത്തിലൊതുങ്ങി. ആകെ രോഗം ബാധിച്ചവരുടെ എണ്ണം കൃത്യമായി മനസിലാക്കിയാൽ പ്രതിരോധം ഫലപ്രദമാക്കാൻ കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വ്യാപനമുണ്ടാകുമ്പോഴും പരിശോധനകളുടെ എണ്ണം വർധിപ്പിക്കാത്തതും വിമർശനമുയർത്തുന്നു. 

English Summary: Kerala Reports Highest Daily Covid Cases, Fatality Rate Among Lowest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com