ADVERTISEMENT

മലപ്പുറം ∙ മാറഞ്ചേരി, വന്നേരി ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരുമടക്കം 262 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 148 വിദ്യാർഥികളും അധ്യാപകരും അനധ്യാപകരുമുൾപ്പെടെ മറ്റു 39 പേരുമാണു പോസിറ്റീവായത്. പെരുമ്പടപ്പ് വന്നേരി എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിലെ 39 വിദ്യാർഥികൾക്കും 36 അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചു.

പത്താം ക്ലാസ് വിദ്യാർഥികളാണ് കോവിഡ് പോസിറ്റീവായവരെല്ലാം. ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും സ്കൂളുകൾ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. രണ്ടു സ്കൂളുകളിലും കഴിഞ്ഞ 25 മുതൽ പത്താം ക്ലാസുകാർക്കുള്ള അധ്യയനം തുടങ്ങിയിരുന്നു.

മാറഞ്ചേരി സ്കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സമ്പർക്കമുള്ള മറ്റു കുട്ടികളെയും അധ്യാപകരെയും കഴിഞ്ഞ വെള്ളിയാഴ്ച ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കി. ഫലം വന്നപ്പോൾ ആകെ പരിശോധിച്ച 632 പേരിൽ 187 പേർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.

വന്നേരി സ്കൂളിലെ ഒരു അധ്യാപകൻ കഴിഞ്ഞയാഴ്ച കോവിഡ് പോസിറ്റീവായതിനെത്തുടർന്നാണ് ഇവിടുത്തെ കുട്ടികളെയും ജീവനക്കാരെയും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കിയത്. നിലവിൽ കോവിഡ് പോസിറ്റീവായവരോടും അവരുമായി സമ്പർക്കമുള്ളവരോടും ഹോം ക്വാറന്റീനിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. ഇരു സ്കൂളുകളിലെയും ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികളെയും മറ്റു ജീവനക്കാരെയും ഉടൻ പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

English Summary: 262 covid cases reported, two schools closed in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com