ADVERTISEMENT

കൊച്ചി ∙ പെട്രോൾ വില 90 കടന്നു കുതിക്കുന്നതു യാത്രാച്ചെലവിനെ മാത്രമല്ല ബാധിക്കുന്നത്. ഇന്ധനവിലക്കയറ്റം നിത്യജീവിതത്തെ ആകെ ദുരിതത്തിലാക്കുകയാണ്. പെട്രോൾ, ഡീസൽ വിലയിൽ ഓരോ പൈസയുടെ വർധനയുണ്ടാകുമ്പോഴും അത് നമ്മുടെ കുടുംബബജറ്റിൽ പ്രതിഫലിക്കുമെന്നതാണു വസ്തുത. പെട്രോൾ, ഡീസൽ വില ഉയരുമ്പോൾ സർക്കാരിന്റെ നികുതി വരുമാനം കൂടുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സമ്പദ്ഘടനയെ ഇതു പ്രതികൂലമായി ബാധിക്കുന്നുണ്ട്. അസംസ്കൃത എണ്ണയുടെയും ഇന്ധനത്തിന്റെയും വില വർധന ഏതൊക്കെ മേഖലകളിൽ, എങ്ങനെയെല്ലാം പ്രതിഫലിക്കുമെന്നു നോക്കാം.

യാത്രാച്ചെലവ്

കോവിഡിനു ശേഷം പൊതുഗതാഗത മാർഗങ്ങൾ പഴയ തോതിൽ പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാൽ ഇന്ധനവിലക്കയറ്റം മൂലമുള്ള ബുദ്ധിമുട്ട് ഏറ്റവും പ്രകടമാകുന്നത് യാത്രച്ചെലവിലാണ്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും 90 രൂപയ്ക്കടുത്താണ് പെട്രോളിന്റെ വില. തിരുവനന്തപുരത്ത് തിങ്കളാഴ്ച പെട്രോൾ വില 90.94 ആയി. ഡീസൽവില സംസ്ഥാനത്തു പലയിടത്തും ലീറ്ററിന് 85 രൂപ പിന്നിട്ടു. തിരുവനന്തപുരത്തെ ഡീസൽ വില തിങ്കളാഴ്ച ലീറ്ററിന് 85.33 രൂപ ആയി.

യാത്രകൾക്കായി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവവരുടെ ജീവിതച്ചെലവ് വലിയ തോതിൽ കൂടി. ഡീസൽ ചെലവു കൂടുന്നതിനാൽ ബസ് ഉടമകളും ഓട്ടോ, ടാക്സി ഉടമകളും കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് മൂലം ബിസിനസ് വളരെ കുറഞ്ഞിരിക്കുന്ന ഘട്ടത്തിൽ വില വർധന പ്രതിസന്ധി ഇരട്ടിയാക്കുകയാണ്. കൂലി കൂട്ടിയാൽ ടാക്സി ഉപയോഗിക്കുന്നവരുടെ എണ്ണം ഇനിയും കുറഞ്ഞേക്കുമെന്നതിനാൽ നഷ്ടം സഹിച്ചും സർവീസ് നടത്തുകയാണെന്ന് ടാക്സി ഉടമകളും ഓട്ടോ ഡ്രൈവർമാരും പറയുന്നു.

വിലക്കയറ്റം, പണപ്പെരുപ്പം

രാജ്യത്തിന്റെ ഇന്ധനാവശ്യത്തിന്റെ പ്രധാനപങ്കും നിർവഹിക്കുന്നത് ഇറക്കുമതി ചെയ്യുന്ന എണ്ണകൊണ്ടാണ്. കൂടാതെ, എണ്ണ ഒട്ടേറെ വ്യവസായ യൂണിറ്റുകളുടെ പ്രധാന അസംസ്കൃത വസ്തുവുമാണ്. എണ്ണവില വർധന ഉൽപാദനച്ചെലവും ഗതാഗതച്ചെലവും കൂട്ടും. ഇത് ഉൽപന്നങ്ങളുടെ വിലയിലും പ്രതിഫലിക്കും. 

ഉയർന്ന ഗതാഗതച്ചെലവ് ഭക്ഷ്യോൽപന്നങ്ങളുടെ വില കൂട്ടുന്നത് അടുക്കള ബജറ്റിനെയും താളം തെറ്റിക്കും. പെട്രോൾ, ഡീസൽ വിലയ്ക്കൊപ്പം പാചകവാതകത്തിന്റെ വിലയും തുടർച്ചയായി എണ്ണക്കമ്പനികൾ കൂട്ടുകയാണ്. അവശ്യസാധനങ്ങളുടെ വില കൂടുന്നതു നാണയപ്പെരുപ്പത്തിനു കാരണമാകും. നാണയപ്പെരുപ്പ സൂചിക ഉയരുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

മത്സ്യബന്ധന മേഖല

ഡീസൽ, മണ്ണെണ്ണ എന്നിവയുടെ വില വർധന ഏറ്റവും അധികം ബാധിക്കുന്ന മേഖലകളിലൊന്ന് മത്സ്യബന്ധനമാണ്. ഒരു മണിക്കൂർ യാത്രയ്ക്ക് വലിയ ബോട്ടുകൾക്ക് 35 ലീറ്ററോളം ഡീസൽ ആവശ്യമായി വരുന്നുണ്ട്. കടലിൽ പോയി തിരിച്ചുവരാൻ വലിയ ബോട്ടുകൾക്ക് ഒരു ദിവസം 500 ലീറ്ററോളം ഡീസൽ ആവശ്യമായി വരും. ലഭിക്കുന്ന മീൻകൊണ്ട് ഇന്ധനച്ചെലവിനു പോലും തികയുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 8 മാസംകൊണ്ട് 18 രൂപയോളമാണ് ഡീസൽ വിലയിലുണ്ടായ വർധന.

കറന്റ് അക്കൗണ്ട് കമ്മി കൂടും

ആവശ്യമായതിന്റെ 85 ശതമാനത്തോളം എണ്ണയും ഇന്ത്യ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നത് ഇറക്കുമതിച്ചെലവു കൂട്ടും. ഇത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കൂടാൻ ഇടയാക്കും. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള ഈ വിടവ് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെത്തന്നെ ബാധിക്കും. അസംസ്കൃത എണ്ണയുടെ വില വർധന രൂപയുടെ മൂല്യത്തെയും ബാധിക്കുന്നുണ്ട്.

ഓഹരി വിപണിയേയും ബാധിക്കാം

അസംസ്കൃത എണ്ണ വിലയെ ബാധിക്കുന്ന ഒട്ടേറെ കമ്പനികൾ രാജ്യത്തുണ്ട്. ടയർ, ലൂബ്രിക്കന്റ്സ്, ഫുട്‌വെയർ, റിഫൈനിങ്, എയർലൈൻ കമ്പനികളെ എണ്ണവിലക്കയറ്റം നേരിട്ട് ബാധിക്കും. ഈ കമ്പനികളുടെ പ്രവർത്തനച്ചെലവ് കൂടുന്നത് ലാഭം കുറയ്ക്കും. ഇത് ഓഹരി വിപണികളിൽ പ്രതിഫലിക്കും. അതേസമയം ഓയിൽ എക്സ്പ്ലോറേഷൻ കമ്പനികൾക്ക് വില കൂടുന്നതു നേട്ടവുമുണ്ടാക്കും. വിപണിയിൽ സ്മോൾ ക്യാപ്, മിഡ് ക്യാപ് കമ്പനികളെയാണ് അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന വർധന കൂടുതലായി ബാധിക്കുക.

English Summary: Petrol, Diesel price hike and its impacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com