‘ബിജെപി വന്നാല് ഒരു പക്ഷി പോലും അതിർത്തി കടന്ന് ബംഗാളിൽ എത്തില്ല’
Mail This Article
കൊൽക്കത്ത∙ ബിജെപി അധികാരത്തിൽ എത്തിയാൽ കേന്ദ്ര സർക്കാരിന്റെ പണം തട്ടിയെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ രീതി അവസാനിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റം അവസാനിപ്പിച്ച് ബംഗാളിനെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റുമെന്നും അമിത് ഷാ ബംഗാളിൽ പറഞ്ഞു.
‘പരിവർത്തൻ യാത്ര ബംഗാളിലെ മന്ത്രിയേയോ മുഖ്യമന്ത്രിയേയോ മാറ്റാനല്ല. ബംഗാളിന്റെ പരിവർത്തനത്തിനും നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനുമാണ്. നിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുക. അനധികൃത കുടിയേറ്റക്കാരെ ഒറ്റയ്ക്കാക്കുക, അതിർത്തി കടന്ന് ഒരു പക്ഷി പോലും ബാംഗാളിലേക്ക് കടക്കില്ല’– അദ്ദേഹം പറഞ്ഞു.
ബംഗാളിൽ ബിജെപി പ്രവർത്തകരുടെ കൊലപാതകത്തെക്കുറിച്ച് സംസാരിച്ച അമിത് ഷാ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ തന്നെ നൽകുമെന്ന് മുന്നറിയിപ്പ് നൽകി. ‘ജയ് ശ്രീറാം’ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ ‘ജയ് ശ്രീറാം’ വിളികളിൽ മമത പ്രകോപിതയാകാൻ കാരണം അവരുടെ പ്രീണിപ്പിക്കൽ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 23ന് നടന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനാഘോഷ ചടങ്ങിൽ സദസ്സിൽ ‘ജയ് ശ്രീറാം’ വിളികൾ മുഴങ്ങിയതോടെ മമത 30 സെക്കൻഡിൽ പ്രസംഗം അവസാനിപ്പിച്ച് പ്രതിഷേധിച്ചിരുന്നു.
ഉംപുൻ ചുഴലിക്കാറ്റിന്റെ ദുരിതാശ്വാസ ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റി ചിലവഴിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ‘കേന്ദ്ര സർക്കാർ ഉംപുൻ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്ക് നൽകാനായി ദുരിതാശ്വാസ ഫണ്ട് സംസ്ഥാന സർക്കാരിന് നൽകിയിരുന്നു. എന്നാൽ സംസ്ഥാനം അത് വകമാറ്റി ചിലവഴിക്കുകയാണ് ചെയ്തത്. ഞങ്ങളെ അധികാരത്തിൽ എത്തിച്ചാൽ ഇതിൽ അന്വേഷണം പ്രഖ്യാപിക്കും. ചുഴലിക്കാറ്റിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഒരു ദ്രുതകർമ സേനയെ നിയോഗിക്കും. ’– അമിത് ഷാ പറഞ്ഞു.
ബിജെപി അധികാരത്തിൽ വന്നാൽ ഏഴാം ശമ്പള കമ്മിഷൻ ശുപാർശ ബംഗാളിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും അതിനാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏഴാം ശമ്പള കമ്മിഷന്റെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നില്ലെന്നും ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary : If BJP wins Bengal, not even a bird from across border will be allowed entry : Amit Shah