വൈപ്പിനിൽ എസ്.ശർമയ്ക്ക് സീറ്റില്ല; തൃപ്പൂണിത്തുറയിൽ സ്വരാജ്, കൊച്ചിയിൽ മാക്സി
Mail This Article
കൊച്ചി∙ വൈപ്പിനിൽ സിറ്റിങ് എംഎൽഎ എസ്.ശർമയ്ക്ക് സീറ്റില്ല. ശർമയ്ക്ക് ഇളവ് അനുവദിക്കേണ്ടതില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് നിലപാടെടുത്തതോടെയാണിത്. പകരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.എൻ. ഉണ്ണികൃഷ്ണനെ സ്ഥാനാർഥിയാക്കുന്നതിനാണു നിർദേശം.
ആറു തവണ നിയമസഭാംഗമാകുകയും രണ്ടു തവണ മന്ത്രിയാകുകയും തുടർച്ചയായി രണ്ടു ടേം പൂർത്തിയാക്കുകയും ചെയ്ത സാഹചര്യത്തിൽ വീണ്ടും ശർമയെ മത്സരിപ്പിക്കേണ്ടതില്ലെന്നാണു തീരുമാനം. വൈപ്പിനിൽ ഇതിനകം സജീവമായിരുന്നെങ്കിലും പാർട്ടി തീരുമാനം അനുസരിക്കുമെന്നായിരുന്നു നേരത്തേ ശർമയുടെ നിലപാട്.
തൃപ്പൂണിത്തുറയിൽ സിറ്റിങ് എംഎൽഎ സ്വരാജിനെ തന്നെ സ്ഥാനാർഥിയാക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. കൊച്ചിയിൽ കെ.ജെ. മാക്സി തന്നെ മത്സരിക്കും. കളമശേരിയിൽ കെ.ചന്ദ്രൻ പിള്ളയെയും എറണാകുളത്ത് ഷാജി ജോർജിനെയു സ്ഥാനാർഥികളാക്കാനാണ് തീരുമാനം എന്നാണ് അറിയുന്നത്. തൃക്കാക്കരയിൽ പൊതു സ്വതന്ത്രനായി ഡോ. ജെ.ജേക്കബിനെ സ്ഥാനാർഥിയാക്കുന്നതും പരിഗണനയിലാണ്. കോതമംഗലത്ത് ആന്റണി ജോണിനെയും പെരുമ്പാവൂരിൽ സി.എൻ.മോഹനനെയും സ്ഥാനാർഥികളാക്കുന്നതിനാണ് ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചിരിക്കുന്നത്.
Content Highlights: Vypin Constituency, S Sharma, Kerala Assembly Elections