ADVERTISEMENT

കൊൽക്കത്ത∙ മൂന്നാഴ്ചയ്ക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാൾ ബിജെപിയിൽ പടലപിണക്കം. പണ്ടുമുതലേ ബിജെപിക്കൊപ്പംനിന്ന് പാർട്ടി വളർത്തിയവരും വിവിധ പാർട്ടികളിൽനിന്ന് ബിജെപിയിലേക്കു വന്നവരും തമ്മിലാണ് വിവിധ വിഷയങ്ങളിൽ ആശയഭിന്നത ഉടലെടുത്തിരിക്കുന്നത്. ഹാട്രിക് ഭരണം നേടാൻ തയാറെടുത്തിരിക്കുന്ന മമത ബാനർജിയെ തകർത്ത് അധികാരം പിടിക്കാനൊരുങ്ങുന്ന ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഈ തമ്മിലടി ഉണ്ടാക്കിയിരിക്കുന്നത്.

വോട്ട് വിഹിതത്തിലും പാർട്ടിക്ക് അടിത്തറ മെച്ചപ്പെടുത്തിയും ബിജെപിക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മികച്ച വളർച്ചയാണ് ബംഗാളിൽ ഉണ്ടായിരിക്കുന്നത്. ഇത്തവണ അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി ബിജെപി വിവിധ പാർട്ടികളിൽനിന്നുള്ളവർക്ക് മുന്നിൽ വാതിൽ തുറന്നിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി പല പാർട്ടികളിൽനിന്നുള്ളവരെയും മറുകണ്ടം ചാടിച്ചു കൊണ്ടുവരുന്നുണ്ട്. പലർക്കും സീറ്റ് വാഗ്ദാനം നൽകിയാണ് ഇത്തരം ‘ചാടിക്കൽ’. എന്നാൽ പാർട്ടിയെ വളർത്തി, ഇനി എങ്ങനെയും വിജയിക്കും എന്ന ഘട്ടം വന്നപ്പോൾ പുതുതായി വന്നവർക്ക് മുതിർന്ന നേതാക്കളേക്കാൾ കൂടുതൽ പരിഗണന നൽകുന്നതിലാണ് പ്രശ്നം.

അഴിമതിക്കെതിരെ പോരാടുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിച്ച് വളർന്ന ബിജെപിയിലേക്ക് എത്തിയവരിൽ പലരിലും അഴിമതിക്കറയുണ്ടെന്ന സ്ഥിതിയാണ് ഇപ്പോൾ. കൂട്ടമായി ആളുകളെ എടുക്കുന്ന തന്ത്രം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പക്ഷേ, അതുണ്ടാക്കിയ നാശം നടന്നുകഴിഞ്ഞുവെന്നാണ് വിലയിരുത്തൽ. 294 മണ്ഡലങ്ങളിലേക്കായി സീറ്റുമോഹികളുടെ എണ്ണം 8000 ആണ്. ഇതിൽനിന്നും സ്ഥാനാർഥികളെ കണ്ടെത്താനുള്ള പെടാപ്പാടിലാണ് ബംഗാൾ ബിജെപി നേതൃത്വം.

സ്ഥാനാർഥി പട്ടിക പുറത്തുവിടുന്നതിലൂടെ ഈ പ്രശ്നം വഷളാകാൻ സാധ്യതയുണ്ടെന്നു നേതൃത്വം വിലയിരുത്തുന്നുണ്ട്. ആർഎസ്എസിനും പാർട്ടിയുടെ തലമുതിർന്ന നേതാക്കൾക്കും മറ്റു പാർട്ടികളിൽനിന്ന് കൂടുതൽ നേതാക്കൾ എത്തുന്നതിൽ അതൃപ്തിയുണ്ട്. ആകെ 28 എംഎൽഎമാർ എത്തിയതിൽ ടിഎംസിയിൽനിന്നു മാത്രം 19 പേരുണ്ട്. ഒരു സിറ്റിങ് എംപിയും തൃണമൂൽ വിട്ട് ബിജെപിയിലെത്തി.

അതേസമയം, ബിജെപി ഒരു വലിയ കുടുംബമാണെന്നും അതു വലുതാകുന്തോറും ഇത്തരം പ്രശ്നങ്ങൾ വരുമെന്നും സംസ്ഥാന ബിജെപി മേധാവി ദിലീപ് ഘോഷ് വ്യക്തമാക്കി. ‘മറ്റു പാർട്ടികളിൽനിന്ന് ആളുകൾ വന്നില്ലെങ്കിൽ ഞങ്ങൾ എങ്ങനെ വളരും. പാർട്ടിയുടെ നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്. ആരും പാർട്ടിക്ക് അതീതരല്ല’– അദ്ദേഹം കൂട്ടിച്ചേർത്തു. എട്ടു ഘട്ടമായാണ് ബംഗാളിലെ തിരഞ്ഞെടുപ്പ്. മാർച്ച് 27ന് 30 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. മേയ് 2നാണ് വോട്ടെണ്ണൽ.

English Summary: Rift between old-timers and new entrants cause of concern for Bengal BJP ahead of polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com