റാന്നിയിൽ എൽഡിഎഫ് – ബിജെപി അന്തർധാര തുടർന്നേക്കും; സീറ്റ് വിട്ടതിൽ പാർട്ടിയിൽ നീരസം
Mail This Article
റാന്നി∙ സിറ്റിങ് സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുനൽകാനുള്ള തീരുമാനത്തിൽ നീരസം പ്രകടിപ്പിക്കാനൊരുങ്ങി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ്. ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് റാന്നി സീറ്റ് കേരള കോൺഗ്രസിന് വിട്ടു നൽകിയതിലുള്ള എതിർപ്പ് സംസ്ഥാന നേതൃത്വത്തെ അറിയിക്കും. റാന്നി സീറ്റിൽ എൽഡിഎഫിന്റെ സാധ്യത മങ്ങി എന്ന വിലയിരുത്തലാണ് ജില്ലാ ഘടകത്തിനുള്ളത്.
മണ്ഡലം കൈമാറിയത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന നിഗമനത്തിലാണ് ജില്ലാ ഘടകം. റാന്നി ഏരിയാ കമ്മറ്റിയും ഈ ആശങ്ക ജില്ലാ ഘടകത്തെ അറിയിച്ചു. സിറ്റിങ് സീറ്റ് കൈമാറേണ്ടി വന്ന സാഹചര്യം വോട്ടർമാരിലെത്തിക്കുക എന്നത് വെല്ലുവിളി ആയിട്ടുണ്ട്. അതേസമയം ഔദ്യോഗിക തീരുമാനം വന്ന ശേഷം സ്ഥാനാർഥിയെപ്പറയാം എന്ന നിലപാടിലാണ് കേരളാ കോൺഗ്രസ്.
റാന്നിയിൽ എൻ.എം. രാജു സ്ഥാനാർഥിയാകാനാണ് സാധ്യത. സീറ്റു ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരളാ കോൺഗ്രസ് റാന്നിയിൽ നിലമൊരുക്കിക്കഴിഞ്ഞിരുന്നു. റാന്നി പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ എൽഡിഎഫ് പ്രതിനിധി പ്രസിഡന്റായത് ഈ നീക്കത്തിന്റെ ഭാഗമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ അന്തർധാര തുടർന്നേക്കും. അതുകൊണ്ടാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കേരളാ കോൺഗ്രസ് എം പ്രതിനിധിക്കെതിരെ എൽഡിഎഫോ കേരളാ കോൺഗ്രസോ നടപടി എടുക്കാതിരിക്കുന്നത്.
എൽഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനമുണ്ടായിട്ടും റാന്നി പഞ്ചായത്ത് പ്രസിഡന്റ് ഇതുവരെ രാജി വച്ചിട്ടില്ല. ഇതിനെതിരെ സിപിഐയും, സിപിഎമ്മിലെ ഒരു വിഭാഗവും ശക്തമായ എതിർപ്പിലാണ്. റാന്നി പഞ്ചായത്തിൽ എൽഡിഎഫ് -ബിജെപി കൂട്ടുകെട്ട് നിലനിൽക്കുന്നതിനാൽ റാന്നി മണ്ഡലത്തിൽ യുഡിഎഫ് ശുഭപ്രതീക്ഷ വയ്ക്കുകയാണ്.
Content Highlights: Ranni Assembly constituency, LDF, Kerala Assembly Elections 2021