ADVERTISEMENT

കൊല്ലം∙ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയും നിലനിൽപും ഇല്ലായ്മ ചെയ്തു മത്സ്യബന്ധന മേഖല കുത്തകകൾക്കു വിൽക്കാനുള്ള നീക്കത്തിനെതിരെ കൊല്ലം രൂപത. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിക്കുന്ന ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ ഇടയലേഖനം ഇന്നു പള്ളികളിൽ വായിച്ചു.

ഇത്തരം നീക്കങ്ങളെ ജനാധിപത്യപരമായ അവകാശങ്ങൾ ഉപയോഗിച്ചു എതിർത്തു തോൽപിക്കണമെന്നു ‘മത്സ്യമേഖല: കരുതലും ജാഗ്രതയും അനിവാര്യം’ തലക്കെട്ടിലുള്ള ഇടലേഖനത്തിൽ പറയുന്നു. ഇഎംസിസി കരാർ ശക്തമായ എതിർപ്പിനെത്തുടർന്നു പിൻവലിക്കപ്പെട്ടെങ്കിലും കരാറിനു വഴിയൊരുക്കിയ കോർപറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി മത്സ്യമേഖലയെ തകർക്കാനുള്ള ഗൂഢശ്രമങ്ങളും നിയമനിർമാണങ്ങളും നടന്നു കഴിഞ്ഞുവെന്നതു ഞെട്ടലോടെയാണു മനസ്സിലാക്കിയതെന്നും ബിഷപ് പറയുന്നു.

കോവിഡ് കാലത്തു കൂടിയാലോചന ഇല്ലാതെ കേരള മത്സ്യലേല വിപണനവും ഗുണനിലവാര പരിപാലനവും എന്ന പേരിൽ ഓർഡിനൻസ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. ബ്ലൂ ഇക്കോണമി എന്ന പേരിൽ, കടലിലെ ധാതുവിഭവങ്ങൾ കണ്ടെത്തുന്നതിനു ഖനനാനുമതി നൽകുന്ന കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളും തിരിച്ചറിയേണ്ടതുണ്ട്. തീരദേശ നിവാസികളെ കൂട്ടത്തോടെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. ടൂറിസത്തിന്റെയും വികസനത്തിന്റെയും പേരു പറഞ്ഞു പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയെ തകർത്തെറിയുന്ന നയങ്ങളും തീരുമാനങ്ങളും ഏതു സർക്കാരുകൾ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടതാണ്- ബിഷപ് പറഞ്ഞു.

250 രൂപ മുതൽ 5000 രൂപ വരെയായിരുന്ന മത്സബന്ധന യാനങ്ങളുടെ ലൈസൻസ് ഫീസ് 50,000 രൂപ വരെയാക്കി. വിൽക്കുന്ന മത്സ്യത്തിന് 5 ശതമാനം അധികനികുതി ഏർപ്പെടുത്തി. മത്സ്യത്തിന്റെ ഗുണനിലവാരം നിശ്ചയിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുകയും അവരുടെ സമ്മതപത്രം വേണമെന്ന നിബന്ധന കൊണ്ടുവന്നു. മത്സ്യബന്ധന സമയത്തുണ്ടാകുന്ന നിയമലംഘനങ്ങൾക്ക് 25,000 രൂപ ആയിരുന്ന പിഴ രണ്ടര ലക്ഷം രൂപയാക്കി മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്നു. മത്സ്യബന്ധന യാനങ്ങൾ നിശ്ചിത വർഷങ്ങൾ കഴിയുമ്പോൾ പൊളിച്ചു കളയണമെന്ന വ്യവസ്ഥ നടപ്പാക്കുന്നതോടെ മത്സ്യത്തൊഴിലാളി ജീവനോപാധി നഷ്ടപ്പെട്ടു ദാരിദ്ര്യത്തിലാകും. ഏതു ഫിഷ് ലാൻഡിങ് സെന്ററുകളിലും മത്സ്യവിപണനം നടത്താനുള്ള അവന്റെ അവകാശവും ഇല്ലാതാക്കപ്പെടുന്നു- ഇടയലേഖനത്തിൽ പറയുന്നു.

മത്സ്യത്തൊഴിലാളികൾക്കു മാത്രമായി നടപ്പാക്കിയിരുന്ന ഭവനനിർമാണ പദ്ധതിയെ ലൈഫ് മിഷനുമായി സംയോജിപ്പിച്ചതോടെ മത്സ്യത്തൊഴിലാളികൾക്കുള്ള ഭവന ആനുകൂല്യം കവർന്നെടുക്കപ്പെട്ടു. മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ സഹായവും വെട്ടിച്ചുരുക്കി. കേരളത്തിന്റെ സൈന്യം എന്നു വിളിക്കപ്പെട്ടവർ അവഗണനയുടെ കടലിൽ ചവുട്ടിത്താഴ്ത്തപ്പെടുകയാണെന്നും ഇടയലേഖനം പറയുന്നു.

ഇരവിപുരത്തും കോവിൽത്തോട്ടത്തും ഇതര തീരങ്ങളിലുമുള്ള രൂക്ഷമായ കടലാക്രമണത്തെ തടയാൻ പ്രഖ്യാപനങ്ങളല്ലാതെ ഒന്നും ഉണ്ടായില്ല. മത്സ്യബന്ധന തുറമുഖമായി പണി ആരംഭിച്ച കൊല്ലം തുറമുഖം ചരക്കുനീക്കത്തിനും യാത്രാ ആവശ്യങ്ങൾക്കും മാത്രമായി മാറ്റി. കായംകുളം മുതൽ നീണ്ടകര വരെ കരിമണൽ ഖനനത്തിനു വിട്ടുകൊടുത്തുകൊണ്ടുള്ള നീക്കങ്ങളിൽ സത്വര ശ്രദ്ധ വേണമെന്നും ബിഷപ് പറഞ്ഞു.

English Summary: Roman Catholic Diocese of Quilon against Government

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com