‘ബോളിവുഡ്, ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് പേടി; നേരിയ ലക്ഷണമെങ്കിലും അഡ്മിറ്റാകുന്നു’
Mail This Article
മുംബൈ∙ ചില ബോളിവുഡ്, ക്രിക്കറ്റ് താരങ്ങൾ ഗുരുതര കോവിഡ് ലക്ഷണങ്ങൾ ഇല്ലെങ്കിലും ആശുപത്രിയിൽ അഡ്മിറ്റാകുന്നെന്ന് മഹാരാഷ്ട്ര മന്ത്രി അസ്‌ലം ഷെയ്ഖ്. നേരിയ ലക്ഷണങ്ങളുള്ള ബോളിവുഡ്, ക്രിക്കറ്റ് താരങ്ങൾ സ്വകാര്യ ആശുപത്രികളിൽ സ്വയം അഡ്മിറ്റാകുകയും കൂടുതൽ ദിവസം ആശുപത്രികളിൽ തുടരുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഇത് ഗുരുതര രോഗബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തടസ്സമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ച ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അദ്ദേഹം ഡിസ്ചാർജ് ആയി ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിയുടെ പരാമർശം.
കോവിഡിന്റെ രണ്ടാം തരംഗം മുംബൈയെ സാരമായി ബാധിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി പതിനായിരത്തിലധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രികളിൽ കിടക്കകളുടെയും ഓക്സിജന്റെയും മരുന്നുകളുടെയും കുറവുണ്ട്. കിടക്കകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി അടുത്ത രണ്ട് മാസത്തിനുള്ളിൽ മൂന്ന് ഫീൽഡ് ആശുപത്രികൾ ആരംഭിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് കോവിഡ് കേസുകളുടെ വർധനവ് തടയാൻ 14 മുതൽ 15 ദിവസത്തെ നിരോധനാജ്ഞ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ചൊവ്വാഴ്ച 60,212 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
English Summary: Some Celebs Occupied Beds Despite Mild Symptoms: Maharashtra Minister