തീവ്രവ്യാപനം നേരിടാൻ കൂട്ടപ്പരിശോധന; വെള്ളിയാഴ്ച നടത്തിയത് 1.33 ലക്ഷം ടെസ്റ്റ്
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗ ഭീതി വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്തെ പ്രതിദിന രോഗവ്യാപനം പതിനായിരം കടന്നു. കോഴിക്കോടും എറണാകുളത്തും ആയിരം കടന്ന് കുതിച്ചപ്പോള്‍ മലപ്പുറം, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും രോഗവ്യാപനം ഉയര്‍ന്നു. വ്യാപനം നേരിടുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച 1.33 ലക്ഷം പേര്‍ക്ക് പരിശോധന നടത്തി. കൂടുതല്‍ പേര്‍ക്ക് പരിശോധന നടന്നത് കോഴിക്കോടാണ്– 19,300 പേര്‍ക്ക്. എറണാകുളത്ത് 16,210 പേർക്കും തിരുവനന്തപുരത്ത് 14,08 പേർക്കും പരിശോധന നടത്തി. ഏറ്റവും കുറവ് ഇടുക്കിയില്‍– 3055 പേര്‍ക്ക്.
എന്നാല്‍ ഇതിന്റെ ഫലം ഉള്‍പ്പെടുത്താതെ തന്നെ രോഗികളുടെയെണ്ണം പതിനായിരം കടന്നു എന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഒക്ടോബറിലാണ് അവസാനമായി കേരളത്തിലെ പ്രതിദിന രോഗബാധ പതിനായിരം കടന്നത്. ആറ് മാസങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച 10,031 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 14.8 എന്ന ഉയര്‍ന്ന നിരക്കിലാണ്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ രോഗികള്‍– 1560. എറണാകുളത്ത് 1391 പേരിലും വൈറസ് ബാധ കണ്ടെത്തി. മലപ്പുറം, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ എട്ട് ജില്ലകളില്‍ അഞ്ഞൂറിലധികം പേര്‍ക്ക് രോഗം കണ്ടെത്തിയതോടെ പത്ത് ജില്ലകളിലും രോഗവ്യാപനം വേഗത്തിലാണ്. 21 മരണങ്ങളും കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു.
രോഗവ്യാപനം വേഗത്തില്‍ കണ്ടെത്തി ക്വാറന്റീന്‍ നടപ്പിലാക്കി രണ്ടാം തരംഗത്തിലെ വ്യാപനം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടപ്പരിശോധന നടത്തുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷം പരിശോധനയാണ് ലക്ഷ്യമിടുന്നത്. കോവിഡ് കണക്കുകള്‍ കുതിക്കുന്ന എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ സ്വകാര്യ ആശുപത്രികള്‍ വരെയുള്ള സ്ഥാപനങ്ങളിലാണ് ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തുന്നത്. പരിശോധനാഫലം ലഭിക്കുന്നത് വരെ പൊതുസമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്ന അപേക്ഷയും ആരോഗ്യവകുപ്പ് മുന്നോട്ട് വയ്ക്കുന്നു. കൂട്ടപരിശോധനകളിലൂടെ പരമാവധി രോഗബാധിതരെ കണ്ടെത്താനാണ് നീക്കം. വെള്ളിയാഴ്ചത്തെ കൂട്ടപ്പരിശോധനയുടെ കണക്ക് ശനിയാഴ്ച പ്രസിദ്ധീകരിക്കും. ഇതോടെ രോഗബാധിതരുടെയെണ്ണം വീണ്ടും ഉയര്‍ന്നേക്കും.
English Summary : Mass testing in Kerala to fight against second wave in Kerala