ADVERTISEMENT

തിരുവനന്തപുരം ∙ ഒഎൻവി സാഹിത്യ പുരസ്കാരം തമിഴ്കവി വൈരമുത്തുവിന്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.

പന്ത്രണ്ടാം വയസ്സിൽ തന്നെ കവിതയെഴുതിത്തുടങ്ങിയ വൈരമുത്തു 1953ൽ മധുര ജില്ലയിലെ വടുകപ്പതി ഗ്രാമത്തിലാണു ജനിച്ചത്. സ്‌കൂൾ ഫൈനൽ പരീക്ഷയിൽ മധുര ജില്ലയിൽ തമിഴിന് ഒന്നാം സ്‌ഥാനം വൈരമുത്തുവിനായിരുന്നു. ചെന്നൈ പച്ചയ്യപ്പാസ് കോളജിൽ ചേർന്ന വൈരമുത്തു തമിഴിൽ ബിരുദാനന്തര ബിരുദത്തിനു സ്വർണമെഡൽ നേടിയാണു പഠനം പൂർത്തിയാക്കിയത്.

വൈരമുത്തുവിനു പിഎച്ച്‌ഡി നേടാനായില്ലെങ്കിലു അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചു പഠിച്ച് ഒട്ടേറെപ്പേർ പിഎച്ച്‌ഡി നേടി. പാട്ടുകൾ മാത്രമല്ല വൈരമുത്തുവിന്റെ കവിതകളും നോവലുകളും ആസ്വാദക മനസ്സിൽ ഇടംപിടിച്ചവയാണ്. കള്ളിക്കാട്ട് ഇതിഹാസം എന്ന നോവലിന് 2003ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർ‍ഡ് ലഭിച്ചു. 2014ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.

ബിഎ രണ്ടാം വർഷം പഠിക്കുമ്പോൾ ‘വൈഗൈ മേഘങ്കൾ’ എന്ന ആദ്യ കവിതാ പുസ്‌തകം പുറത്തിറക്കി. 1980ൽ പാട്ടെഴുതി സിനിമയിലും പ്രവേശിച്ചു. ഭാരതിരാജയുടെ ‘നിഴൽകൾ’ എന്ന ചിത്രത്തിൽ പാട്ടെഴുതിയായിരുന്നു അരങ്ങേറ്റം. അയ്യായിരത്തോളം പാട്ടുകൾ എഴുതിയിട്ടുള്ള വൈരമുത്തു മുപ്പതിലേറെ സിനിമകൾക്കു തിരക്കഥയെഴുതിയിട്ടുമുണ്ട്.

‘ചിന്ന ചിന്ന ആസൈ, സിറകടിക്കും ആസൈ’ വൈരമുത്തുവിന്റെ ജീവിതത്തിൽ നാഴികക്കല്ലായ ഗാനമാണ്. അതു മുതൽ വൈരമുത്തു -എ.ആർ.റഹ്‌മാൻ കൂട്ടുകെട്ട് തമിഴ് ചലച്ചിത്രലോകത്ത് ദൃഢമായി. ഈ കൂട്ടുകെട്ടിൽനിന്ന് നൂറുകണക്കിന് മികച്ച ഗാനങ്ങളാണു പിന്നീടുണ്ടായത്. അടിപൊളിപ്പാട്ട് എഴുതുമ്പോഴും അതിന് അർഥമുണ്ടാക്കാനുള്ള വൈരമുത്തുവിന്റെ ശ്രമം ശ്രദ്ധേയമാണ്.

English Summary: Tamil Poet Vairamuthu wins ONV Literary Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com