80:20 അനുപാതം ഒഴിവാക്കി 100 ശതമാനവും മുസ്‌ലിം വിഭാഗത്തിനു നൽകണം : സമസ്ത

Mail This Article
കോഴിക്കോട്∙ ന്യൂനപക്ഷാനുകൂല്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പ്രസ്താവം കടുത്ത ആശങ്കയുളവാക്കുന്നതാണെന്നും മുസ്‌ലിം സമുദായത്തിനു മാത്രം നടപ്പാക്കിയ പദ്ധതികളിൽ 80:20 എന്ന അനുപാതം ഒഴിവാക്കി 100 ശതമാനവും മുസ്‌ലിം വിഭാഗത്തിനു മാത്രമായി നൽകണമെന്നും സമസ്ത സംവരണ സമിതിഭാരവാഹികൾ പറഞ്ഞു.
80:20 എന്ന അനുപാതം റദ്ദു ചെയ്ത കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുകയും കാര്യങ്ങൾ വിശദീകരിച്ചു ധവള പത്രം പുറത്തിറക്കുകയും ചെയ്യണം. മുസ്‌ലിം – ക്രിസ്ത്യൻ സൗഹാർദ്ദം തകർക്കുന്ന ശക്തികളെ കണ്ടെത്തി നടപടി സ്വീകരിക്കണം. എല്ലാ മേഖലയിലും പിന്നാക്കം നിൽക്കുന്ന മുസ്‌ലിം ജനവിഭാഗത്തെ കൂടുതൽ പിന്നാക്കം തള്ളാനുള്ള സാഹചര്യമാണുള്ളത്. ഈ വിഷയത്തെ നിയമപരമായി നേരിടാൻ സമസ്ത സംവരണ സമിതി തീരുമാനിച്ചിട്ടുണ്ട്.
സമാന അഭിപ്രായമുള്ള സംഘടനകളുമായി ചേർന്ന് പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, സമസ്ത സംവരണ സമിതി കൺവീനർ മുസ്തഫ മുണ്ടുപാറ എന്നിവർ പറഞ്ഞു.
English Summary : Samasta on minority scholarship