‘നാൻ പെറ്റ മകനേ..’: അഭിമന്യു ഓർമയായിട്ട് 3 വർഷം; വിചാരണ നീളുന്നു, പ്രതികൾ പുറത്ത്
Mail This Article
കൊച്ചി ∙ ‘നാൻ പെറ്റ മകനേ... എൻ കിളിയേ..’ ഇടുക്കി വട്ടവടയിലെ കൊച്ചു ഗ്രാമത്തിൽനിന്നു കൊച്ചിയിലെത്തിയ അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ നിലവിളി ശബ്ദം കേരളത്തെ കണ്ണീരിലാഴ്ത്തിയിട്ടു മൂന്നു വർഷം. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളെല്ലാം പുറത്തു വിലസി നടക്കുമ്പോൾ വിചാരണ പുനഃരാരംഭിക്കുന്നതു നീളുന്നതിന്റെ ആശങ്കയിലാണു കുടുംബവും സഹപാഠികളും.
ഓർമകളിൽ മരിക്കാതെ അഭിമന്യു
അഭിമന്യുവിന്റെ ഓർമ ദിനത്തിൽ എറണാകുളം മഹാരാജാസിലും വട്ടവടയിലെ ഗ്രാമത്തിലും പ്രിയപ്പെട്ട സഖാവിന്റെ ഓർമദിനത്തിൽ സഹപാഠികളും പ്രവർത്തകരും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വട്ടവടയിൽ അഭിമന്യു സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്തു. മഹാരാജാസ് കോളജ് കഴിഞ്ഞ രാത്രി അഭിമന്യു ഓർമകളിൽ കണ്ണീർ പൊഴിച്ചു. പിന്നിലെ മതിലിൽ അന്ന് അവൻ കുറിച്ച വരികൾ ‘വർഗീയത തുലയട്ടെ’ എന്നു വീണ്ടും എഴുതിച്ചേർത്തു. എല്ലാ വർഷവും വിദ്യാർഥികൾ മുടങ്ങാതെ അതു ചെയ്യുന്നുണ്ട്. എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. കലൂർ അഭിമന്യു സ്മാരക സ്റ്റഡി സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പഠന സഹായ വിതരണം ഉദ്ഘാടനവും നടന്നു.
മഹാരാജാസിലെ രണ്ടാം വർഷ രസതന്ത്ര വിദ്യാർഥിയായിരിക്കെ, എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിനാണു കുത്തേറ്റു മരിച്ചത്. കോളജിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിനു തലേന്നായിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്തിയത്. എസ്എഫ്ഐ ബുക്കു ചെയ്ത മതിലിൽ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ ചുവരെഴുത്തു നടത്തി. ഇതിനു മുകളിൽ അഭിമന്യു വർഗീയത തുലയട്ടെ എന്നെഴുതിയത് എതിരാളികളെ പ്രകോപിപ്പിച്ചു. ഇതു ചോദ്യം ചെയ്യാനെത്തിയത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
കുത്തേറ്റ അഭിമന്യുവിനെ അടുത്തുള്ള ജനറൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അഭിമന്യുവിനൊപ്പം കോട്ടയം സ്വദേശി അർജുൻ എന്ന വിദ്യാർഥിക്കും എംഎ ഇക്കണോമിക്സ് വിദ്യാർഥിയായ വിനീത് കുമാറിനും കുത്തേറ്റിരുന്നു.
പ്രതിസന്ധികളെ അതിജീവിച്ച അഭിമന്യു
വീട്ടിലെ പരിമിതമായ സാഹചര്യങ്ങളിലെ കഷ്ടപ്പാടില്‍നിന്നുള്ള മോചനം തേടി സ്‌കൂള്‍ പഠന കാലത്തു തന്നെ അഭിമന്യു എറണാകുളത്ത് എത്തിയിരുന്നു. എന്നും ബുദ്ധിമുട്ടുകളുടെ നടുവിലായിരുന്ന അഭിമന്യു ആശ്വാസം കണ്ടെത്തിയിരുന്നത് സംഘടനാ പ്രവര്‍ത്തനത്തിലാണ്. പഠിക്കാന്‍ മിടുക്കനായ നിര്‍ധന കുടുംബാംഗമെന്ന നിലയില്‍ വൈഎംസിഎയുടെ തൃക്കാക്കരയിലുള്ള ബോയ്‌സ് ഹോമിലെത്തിയ അഭിമന്യു എട്ടാം ക്ലാസ് വരെ ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളിലായിരുന്നു പഠിച്ചത്. തുടര്‍ന്നു നാട്ടിലേക്കു മടങ്ങി. വീടിനടുത്തുള്ള സ്‌കൂളിലാണു പ്ലസ്ടു വരെ പഠിച്ചത്.
ജോലി അന്വേഷിച്ച് വീണ്ടും എറണാകുളത്ത് എത്തിയ അഭിമന്യു ഒരുവര്‍ഷക്കാലം ഹൈക്കോടതി ജങ്ഷനിലെ ഹോട്ടലിലും കടകളിലുമായി ജോലി ചെയ്തു. തുടര്‍ന്നാണു 2017ല്‍ മഹാരാജാസില്‍ ഡിഗ്രിക്കു പ്രവേശനം നേടിയത്. കോളജില്‍ എത്തിയ ശേഷം അഭിമന്യു സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങി. ആക്രമിക്കപ്പെട്ട ദിവസം രാത്രിയോടെയാണ് നാട്ടിൽനിന്ന് പച്ചക്കറി കയറ്റിവന്ന ചരക്കുലോറിയിൽ കയറി അഭിമന്യു കൊച്ചിയിലെത്തിയത്. ക്യാംപസിൽ കൊണ്ടുവന്ന അഭിമന്യുവിന്റെ മൃതദേഹത്തിനു മുന്നിലേയ്ക്കു വീണ് അമ്മ ഭൂപതി ‘നാൻ പെറ്റ മകനെ.. എൻ കിളിയേ..’ എന്നു നിലവിളിച്ചത് കണ്ടുനിന്നവരെ സങ്കടപ്പെടുത്തി.
കോവിഡ് പ്രതിസന്ധി; വിചാരണ നീളുന്നു
കോവിഡ് നിലനിൽക്കുന്നതിനാലാണ് ഇതുവരെയും വിചാരണ പുനഃരാരംഭിക്കാത്തത് എന്നാണു വിവരം. 2019ൽ പ്രാഥമിക വിചാരണ ആരംഭിച്ചെങ്കിലും കോവിഡ് പ്രതിസന്ധിയിൽ നടപടികൾ നീണ്ടു. കോവിഡ് മാനദണ്ഡങ്ങൾ നിലവിൽ വന്നത് തടസ്സമായി. വൈകാതെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി അഭിമന്യുവിന്റെ കേസിന്റെ സ്പെഷൽ പ്രോസിക്യൂട്ടർ മോഹൻ രാജ് പറഞ്ഞു. പ്രതികൾ ജാമ്യത്തിലിറങ്ങി പുറത്തുള്ളതു കേസ് വിചാരണയെ ഏതു രീതിയിൽ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. സാക്ഷികളെ ഇവർ ഭീഷണിപ്പെടുത്തുന്നതിനോ സ്വാധീനിക്കുന്നതിനോ ഉള്ള സാധ്യതകളുണ്ടെന്നും വിലയിരുത്തലുണ്ട്.
കേസിന്റെ വിസ്താരം തുടങ്ങാനിരിക്കെയാണ് കഴിഞ്ഞ വർഷം ജൂണിൽ അവസാന പ്രതിയും കീഴടങ്ങുന്നത്. ഇയാൾക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണം നടത്തിയിട്ടും പിടികൂടാൻ സാധിക്കാതിരുന്നത് വിമർശനത്തിനു വഴിവച്ചിരുന്നു. പ്രതി കേരളം വിട്ടെന്നായിരുന്നു പൊലീസ് വിശദീകരണം. കർണാടകയിൽ ഒളിവിലായിരുന്ന പ്രതി കോവിഡിന്റെ പശ്ചാത്തലത്തിൽ നിർവാഹമില്ലാതെ കീഴടങ്ങുകയായിരുന്നു. കേസിൽ 1500 പേജുള്ള കുറ്റപത്രമാണു പൊലീസ് സമർപ്പിച്ചിരിക്കുന്നത്.
അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെ കുത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകൻ ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31) കഴിഞ്ഞ നവംബറില്‍ കീഴടങ്ങിയിരുന്നു. കേസില്‍ ഒൻപതു പ്രതികള്‍ക്കെതിരെയാണ് ആദ്യ ഘട്ടത്തിൽ വിചാരണ ആരംഭിച്ചത്. അരൂക്കുറ്റി വടുതല നദ്വത്ത് നഗര്‍ ജാവേദ് മന്‍സിലില്‍ ജെ.ഐ.മുഹമ്മദ് (20), എരുമത്തല ചാമക്കാലായില്‍ ആരിഫ് ബിന്‍ സലീം (25), പള്ളുരുത്തി പുതിയാണ്ടില്‍ റിയാസ് ഹുസൈന്‍ (37), കോട്ടയം കങ്ങഴ ചിറക്കല്‍ ബിലാല്‍ സജി (18), പത്തനംതിട്ട കോട്ടങ്കല്‍ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി.എം.റജീബ് (25), നെട്ടൂര്‍ പെരിങ്ങോട്ട് പറമ്പ് അബ്ദുല്‍ നാസര്‍ (നാച്ചു 24), ആരിഫിന്റെ സഹോദരന്‍ എരുമത്തല ചാമക്കാലായില്‍ ആദില്‍ ബിന്‍ സലീം (23), പള്ളുരുത്തി പുളിക്കനാട്ട് പി.എച്ച്.സനീഷ് (32) എന്നിവര്‍ക്കെതിരെയായിരുന്നു പ്രാരംഭ വിചാരണ.
കത്തി കണ്ടെത്തിയില്ലെങ്കിലും പ്രതികൾ ശിക്ഷിക്കപ്പെടും
പ്രതി സഹൽ ഹംസയാണ് അവസാനമായി പിടിയിലായത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പുകൾ നടത്തിയിരുന്നെങ്കിലും കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താനായിരുന്നില്ല. ഇതു വെണ്ടുരുത്തി പാലത്തിൽനിന്നു കായലിലേയ്ക്ക് എറിഞ്ഞെന്നായിരുന്നു മൊഴി. സംഭവം നടന്നു രണ്ടു വർഷമാകുമ്പോൾ കത്തി കണ്ടെത്തുക പ്രായോഗികമല്ല എന്നു കോടതിക്കും ബോധ്യപ്പെടുന്നതാണ്.
ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകമായിരുന്നതിനാൽ പ്രധാന തെളിവാകുമായിരുന്ന കത്തി കണ്ടെത്തിയില്ലെങ്കിലും ആശങ്കപ്പെടേണ്ടെന്നാണു സ്പെഷൽ പ്രോസിക്യൂട്ടർ വ്യക്തമാക്കുന്നത്. സംഭവത്തിനു സാക്ഷികൾ ഉള്ളതിനാൽ പ്രതികൾ ശിക്ഷിക്കപ്പെടും എന്നു നിയമ വിദഗ്ധരും പറയുന്നു.
English Summary: Third death anniversary of SFI activist Abhimanyu